കേരളത്തിൽ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിൽ ജെഎഫ്എ പ്രതിഷേധിച്ചു
Tuesday, December 3, 2019 8:09 PM IST
ന്യൂ ജേഴ്‌സി : സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായി കേരളത്തിൽ അടുത്തയിടെ ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിന്‍റെ ഭാഗമായി പല ഇടവകകളിലും മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ചു നടന്ന ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലും മൃത ശരീരത്തിനോട് കാണിച്ച കടുത്ത അനാദരവിലും ജസ്റ്റീസ് ഫോർ ഓൾ മനുഷ്യാവകാശ സംഘടനയുടെ എക്സിക്യൂടീവ് യോഗം ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിച്ചു.

വളരെ നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇക്കാര്യത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുവാനും മൃതശരീരത്തെ സംബന്ധിച്ചുള്ള വളരെ അപലനീയമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർനടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌ നിവേദനം സമർപ്പിക്കുവാനും നവംബർ 26 നു ചേർന്ന യോഗത്തിൽ തീരുമാനമായി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാർഗം കണ്ടെത്തുവാൻ ഇന്ത്യയിലേയും അമേരിക്കയിലേയും ഉൾപ്പെടെയുള്ള യാക്കോബായ ഓർത്തഡോക്സ് സഭാനേതാക്കളും മെത്രാപ്പോലീത്തമാരും ഉടനടി ചർച്ചകൾക്ക് മുൻകൈ എടുക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കു വിധേയമായി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾക്കു വഴിതുറന്നു കൊടുക്കാതെ , സമാധാനപരമായി , ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന നിയമങ്ങളും ഇടവക ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടും ക്രിസ്തീയ സഭകളുടെ അന്തസ് ഉയർത്തിപിടിച്ചുള്ള ശാശ്വത പരിഹാര മാർഗങ്ങളിലേക്കും സഭാനേതൃത്വം എത്തണമെന്നും ഇക്കാര്യത്തിൽ JFA സംഘടയുടെ എല്ലാ സഹകരണവും ഉണ്ടാവുമെന്നും ഭാരവാഹികൾ ഉറപ്പു കൊടുത്തു.

ജെഎഫ്എ ചെയർമാൻ തോമസ് മൊട്ടക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ചെയർമാൻ തോമസ് കൂവള്ളൂർ , പ്രസിഡന്‍റ് പ്രേമ തെക്കേക്ക്, ജനറൽ സെക്രട്ടറി ടി. കോശി ഉമ്മൻ , പിആർഒ തങ്കം അരവിന്ദ് , വൈസ് പ്രസിഡന്‍റ് വർഗീസ് മാത്യു (മോഹൻ) , ഡയറക്ടർമാരായ ഗോപിനാഥ കുറുപ്പ്, പി.പി. ചെറിയാൻ , ഉപദേശക സമിതി അംഗങ്ങളായ ജോയിച്ചൻ പുതുക്കുളം, ചെറിയാൻ ജേക്കബ്, ഷാജി എണ്ണശേരിൽ , ഓഡിറ്റർ ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.