യുദ്ധക്കുറ്റ അന്വേഷണം ആരംഭിക്കാനുള്ള ഐസിസിയുടെ നീക്കത്തിന് തടയിടാന്‍ ട്രംപിന്‍റെ അഭിഭാഷകന്‍
Thursday, December 5, 2019 9:57 PM IST
ന്യൂയോര്‍ക്ക്: വിദേശത്ത് യുഎസ് യുദ്ധക്കുറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ശ്രമങ്ങള്‍ക്ക് തടയിടാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ഐസിസി ചീഫ് പ്രൊസിക്യൂട്ടര്‍ ഫാറ്റൗ ബെന്‍സൗദ ഏപ്രിലില്‍ ഐസിസി ജഡ്ജിമാരുടെ ആദ്യ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ഈ ആഴ്ച മുഴുവന്‍ യുദ്ധക്കുറ്റ അന്വേഷണം ആരംഭിക്കാന്‍ രണ്ടാമത്തെ അഭ്യര്‍ഥന നടത്താനിരിക്കെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

2003 നും 2004 നും ഇടയില്‍ നടന്ന അഫ്ഗാന്‍ പോരാട്ടത്തില്‍ യുഎസ് സേന നടത്തിയ അതിക്രമങ്ങള്‍ പരിശോധിക്കുന്നതിനായി മൂന്നു ദിവസത്തെ ഹിയറിംഗില്‍ ഹേഗിലെ അപ്പീല്‍ ജഡ്ജിമാരുടെ മുമ്പാകെ ബെന്‍സൂദ കേസ് വീണ്ടും വാദിക്കും.

ഈ കാലയളവില്‍ അഫ്ഗാനിസ്ഥാനില്‍ തടവുകാരെ മാനസികമായും ശാരീരികമായും സിഐ‌എ ഏജന്‍റുമാര്‍ പീഡിപ്പിച്ചതായി തെളിവുകള്‍ ലഭിച്ചിരുന്നു.

ഇത്തവണ പ്രസിഡന്‍റിന്‍റെ സ്വകാര്യ അഭിഭാഷകരിലൊരാളായ ജയ് സെകുലോ ട്വിറ്ററിലൂടെ ഈ നീക്കത്തെ ചോദ്യം ചെയ്യാന്‍ സാക്ഷി പറയുമെന്ന് പറഞ്ഞു. ഐസിസിയുടെ നീക്കത്തിന് തടയിടാന്‍ വാഷിംഗ്ടണ്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രാ വീസ റദ്ദാക്കിയിരിക്കുകയാണ്.


ഐസിസിയുടെ കാര്യക്ഷമതയേയും അധികാരങ്ങളേയും ട്രം‌പ് നേരത്തെ വിമര്‍ശിച്ചിരുന്നു. വിദേശത്ത് യുദ്ധക്കുറ്റം ചാര്‍ത്തിയ സേനാംഗങ്ങളെ ശിക്ഷിക്കാന്‍ സൈനിക അച്ചടക്ക സംവിധാനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആവര്‍ത്തിച്ച് ഇടപെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കേസില്‍, യുദ്ധക്കുറ്റക്കേസില്‍ കുറ്റാരോപിതനായ നേവി സീല്‍ എഡ്വേര്‍ഡ് ഗല്ലഗറിന് നല്‍കിയ ശിക്ഷ നവംബര്‍ 15 ന് ട്രംപ് ദുര്‍ബലപ്പെടുത്തിയിരുന്നു. ഗല്ലഗറിനോട് നാവികസേന വളരെ മോശമായിട്ടാണ് പെരുമാറിയതെന്നാണ് ട്രം‌പ് പറഞ്ഞത്. തുടര്‍ന്നു അദ്ദേഹത്തെ എലൈറ്റ് ഫോഴ്സില്‍ നിന്ന് പുറത്താക്കരുതെന്നും ഉത്തരവിട്ടു.

ട്രംപിന്‍റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ സായുധ സേനയുടെ സമഗ്രതയെ എങ്ങനെ തകര്‍ക്കുന്നുവെന്ന് നിരവധി മുന്‍ കമാന്‍ഡര്‍മാരും നിലവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ