ഇറാഖ് നേതാക്കള്‍ക്ക് യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്: മൈക്ക് പോം‌പിയോ
Tuesday, January 14, 2020 8:37 PM IST
വാഷിംഗ്ടണ്‍: ഇറാഖില്‍ യുഎസ് സൈനിക സാന്നിധ്യത്തെ പിന്തുണയ്ക്കുന്നതായി ഇറാഖ് നേതാക്കള്‍ സ്വകാര്യമായി തന്നോടു പറഞ്ഞെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. 'അവര്‍ പരസ്യമായി അങ്ങനെ പറയുന്നില്ല. പക്ഷേ, അമേരിക്ക ഇപ്പോഴും ഭീകര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന വസ്തുതയെ സ്വകാര്യമായി എല്ലാവരും സ്വാഗതം ചെയ്യുന്നു,' സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഫോറത്തിലെ ചോദ്യത്തിന് മറുപടിയായി പോംപിയോ പറഞ്ഞു.

ഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പലപ്പോഴും വാദിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്, ഈ മാസം ആരംഭം മുതല്‍ 50 ഓളം ഇറാഖി നേതാക്കളുമായി പോം‌പിയോ നടത്തിയ സംഭാഷണങ്ങളില്‍ ചില പ്രത്യേക താല്പര്യം പ്രകടമായതായി അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘം വീണ്ടും ഉയര്‍ന്നു വരില്ലെന്ന് അമേരിക്കന്‍ സൈനിനികര്‍ ഉറപ്പുവരുത്തുകയും 'ഇറാഖികള്‍ക്ക് ഭൂരിഭാഗം ഇറാഖികളും ആഗ്രഹിക്കുന്ന പരമാധികാരവും സ്വാതന്ത്ര്യവും നേടാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു', പോംപിയോ പറഞ്ഞു.

ഇറാനുമായി മതബന്ധം പുലര്‍ത്തുന്ന ഷിയാ ഭൂരിപക്ഷം ഉള്‍പ്പെടെ ഇറാഖിലെ എല്ലാ പശ്ചാത്തലങ്ങളിലെയും നേതാക്കളോട് താന്‍ സംസാരിച്ചുവെന്ന് മുന്‍ഗാമിയായ കോണ്ടലീസ റൈസുമായി വേദി പങ്കിട്ട പോംപിയോ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്ന് പോംപിയോ പറഞ്ഞു. സൈനികരെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു പ്രതിനിധി സംഘത്തെ അയക്കണമെന്ന ഇറാഖിന്‍റെ താത്ക്കാലിക പ്രധാനമന്ത്രി അദല്‍ അബ്ദുല്‍ മഹ്ദിയുടെ അഭ്യര്‍ഥന പോംപിയോ നിരസിച്ചിരുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ