ഫോമാ റോയൽ കൺവൻഷൻ രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം
Wednesday, January 15, 2020 7:23 PM IST
ഡാളസ്: ഫോമാ റോയൽ കൺവൻഷൻ രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം. 90 ശതമാനം ക്യാബിനുകളുടെയും രജിസ്ട്രേഷൻ 2019 ഡിസംബറോടുകൂടി പൂർണമായും കഴിഞ്ഞിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ആഡംബര കപ്പലായ റോയൽ കരീബിയനിൽ ആണ് കൺവൻഷൻ ഒരുക്കിയിരിക്കുന്നത്. ഉല്ലാസ് പൂർണമായ നിരവധി പരിപാടികളും കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധി അതിഥികളും കൺവൻഷനിൽ എത്തിച്ചേരും.

ഇനിയും വളരെ കുറച്ച് ക്യാബിനുകൾ മാത്രമേ ബാക്കിയുള്ളൂ എത്രയും വേഗം ഈ കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ക്യാബിനുകൾ നേരത്തെ ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

സാധാരണ ഫോമയുടെ കൺവൻഷനിൽ വച്ചാണ് ഫോമാ ജനറൽ ബോഡിയും അടുത്ത കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്. ഡിലെഗേറ്റുകൾ ആയി ജനൽ ബോഡിയിലും തിരഞ്ഞെടുപ്പിലും പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം കാബിനുകൾ ബുക്ക് ചെയ്തു തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പ്രസിഡന്‍റ് ചാമത്തിൽ അറിയിച്ചു.

ഫോമയുടെ ഭരണഘടന പ്രകാരം ജനറൽബോഡിയിൽ പങ്കെടുക്കുന്നവർ ഫോമാ വഴി രജിസ്റ്റർ ചെയ്യണമെന്നാണ്. എന്നാൽ ഫോമായുടെ രജിസ്ട്രേഷന് ക്ലോസ് ചെയ്തതിനു ശേഷവും രജിസ്റ്റർ ചെയ്യാത്തവർ ഒരു നിശ്ചിത തുക രജിസ്ട്രേഷൻ ഫീസ് ആയി ഫോമായിൽ അടച്ചാൽ അവർക്കും ജനറൽബോഡിയിലും ഇലക്ഷനിലും പങ്കെടുക്കാവുന്നതാണ്. ഇത്തവണ ഇലക്ഷൻ ചൂടിനെക്കാൾ ഉല്ലാസയാത്രക്കു പ്രാധാന്യം കൊടുക്കുന്നതിനാൽ കൂടുതൽ കുടുംബങ്ങൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നു സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചു. ഇനിയും റജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രെജിസ്റ്റർ ചെയ്യണമെന്ന് ട്രഷറർ ഷിനു ജോസഫ് അഭ്യർഥിച്ചു.

ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും വിനോദപ്രദവുമായേക്കാവുന്ന 2020 ഫോമാ റോയൽ കൺവെൻഷന്‍റെ വിജയത്തിന് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്‍റ് വിൻസെന്‍റ് ബോസ് മാത്യൂ, കൺവൻഷൻ കോഓർഡിനേറ്ററും ജോയിൻ സെക്രട്ടറിയുമായ സാജു ജോസഫ് ജോയിൻ ട്രഷറർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവരും അറിയിച്ചു.

For registration: www.fomaa.lawsontravel.com