ടെക്‌സസില്‍ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍
Saturday, February 22, 2020 5:01 PM IST
ഓസ്റ്റിന്‍: പതിമൂന്നു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നുസംശയിക്കുന്ന 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് വെസ്റ്റ് ഓസ്റ്റിനു സമീപമുള്ള സാന്‍സഭയില്‍ ഏപ്രില്‍ 21 വെള്ളിയാഴ്ചയായിരുന്നു സംഭവം.

രാവിലെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും 18 വയസുകാരിയാണ് താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു കുത്തേറ്റുവെന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സംഭവ സ്ഥലത്തു എത്തി നടത്തിയ പരിശോധനയില്‍ 62 വയസുള്ള പുരുഷനും 44 വയസുള്ള സ്ത്രീയും 13 വയസുള്ള പെണ്‍കുട്ടിയും വീടിനകത്തുവെച്ചു തന്നെ കൊല്ലപ്പെട്ടതായും പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി കണ്ടെത്തി. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പോലീസ് എത്തുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന കാറില്‍ പ്രതി രക്ഷപ്പെട്ടിരുന്നു.

പ്രതിയെ പിന്തുടര്‍ന്ന് പോലീസ് 20 മൈല്‍ പിന്നിടും മുന്‍പു പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറ്റൊരു വീടിനു മുമ്പില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പ്രതിക്കെതിരെ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍