ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമേരിക്കന്‍ മലയാളികളുടെ സര്‍വമത പ്രാർഥന ഇന്ന്
Monday, March 23, 2020 6:25 PM IST
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ച് "കോവിഡ് 19' എന്ന മഹാമാരിയെ തുരത്താനുള്ള ഭഗീരഥപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയ എല്ലാവരും തന്നെ ഇപ്പോള്‍ സ്വന്തം കുടുംബത്തെ മറന്ന് അക്ഷീണം രാപകലന്യേ ജോലി ചെയ്യുന്നു. അവരില്‍ പലരും ഇന്ന് കൊറോണയുടെ പിടിയിലുമാണ്. അവരുടെ ആരോഗ്യത്തിനും
ആയുസിനും വേണ്ടി വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും അവരുടെ
പിന്നില്‍ അണിനിരക്കുകയാണ്.

മലയാളികളുടെ ഒരുമയും ഐക്യവും വിളിച്ചോതുന്ന മഹത്തരമായ ഒരു കോണ്‍ഫറന്‍സ്
കോള്‍ കൂട്ടായ്മയിലൂടെ ഒരു സര്‍വമത പ്രാര്‍ഥന ഇന്നു നടക്കും. ഇതിനു
പിന്നില്‍ എല്ലാ മലയാളി അസോസിയേഷനുകളും അണിനിരക്കും. വൈകുന്നേരം ആറു മുതല്‍
6.30 വരെ നടക്കുന്ന പരിപാടിയില്‍ ഷിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട്, അന്‍സാര്‍ കാസിം, പാര്‍ഥസാരഥി പിള്ള എന്നിവര്‍ വിവിധ മതങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പ്രമുഖ അമേരിക്കന്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച്
മാധവന്‍ നായര്‍ (ഫൊക്കാന), ഫിലിപ്പ് ചാമത്തില്‍ (ഫോമ), ഡോ. ജോര്‍ജ് എം.
കാക്കനാട്ട് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), ഡോ. ഉഷ മോഹന്‍ദാസ് (എകെഎംജി), ആഗ്നസ് തെറാടി (നൈന), എസ്.കെ. ചെറിയാന്‍ (ഡബ്ല്യുഎംസി) എന്നിവര്‍ കോള്‍ കോണ്‍ഫറന്‍സില്‍ ആശംസകള്‍ അര്‍പ്പിക്കും.