ഫോമയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് നിലവില്‍വന്നു
Tuesday, March 24, 2020 12:20 PM IST
ഡാളസ്: ഫോമാ കൊറോണ വ്യാപനം മൂലം വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്ന അമേരിക്കന്‍ മലയാളികളെ സഹായിക്കാന്‍ റീജിയണല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയണില്‍ ആയി വ്യാപിച്ചുകിടക്കുന്ന ഫോമാ എന്ന സംഘടനയ്ക്ക് റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരുടെ നേതൃത്വത്തില്‍ ശക്തമായ സംഘടനാ സംവിധാനം നിലവില്‍ ഉള്ളതിനാല്‍ ഈ ടാസ്‌ക് ഫോഴ്‌സുകളുടെ പ്രവര്‍ത്തനം വളരെ സുഗമമായി ഏകോപിപ്പിക്കാവുന്നതാണ്. റീജിയണല്‍ തലത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഈ ടാസ്‌ക്ക് ഫോഴ്‌സ് വാളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുകയും ദേശീയയതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അതോടൊപ്പം നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ജിബി തോമസും പ്രവര്‍ത്തിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലം ലോകത്താകമാനം ആളുകള്‍ ഭീതിയില്‍ ഇരിക്കുന്ന സമയത്ത് അമേരിക്കയിലും സ്ഥിതിഗതികള്‍ മറിച്ചല്ല. വളരെയധികം ഗൗരവതരമായ രീതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികളും കൊറോണാ വൈറസിന്റെ പിടിയില്‍ അകപ്പെട്ടു എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വളരെയധികം മലയാളി കുടുംബങ്ങള്‍ കൊറോണവൈറസ്ബാധയേല്‍ക്കാനുള്ള സാധ്യതയാണു നിലനില്‍ക്കുന്നുത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികളുടെ സുഹൃത്തായ ഫോമാ ഇങ്ങനെയുള്ള ഒരു ടാസ്‌ക് ഫോഴ്‌സ് സംഘടിപ്പിക്കുന്നത് ഗുണപ്രദവും ഉപകാരപ്രദമാണ്.

നിലവില്‍ അമേരിക്കയില്‍ നിരവധി സംഘടനകളും വ്യക്തികളും വളരെയധികം കാര്യങ്ങള്‍ മലയാളി സമൂഹത്തിനു വേണ്ടി ഈ അവസരത്തില്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഫോമാക്കു ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഫോമയുടെ ശക്തമായ സംഘടനാ സംവിധാനം ഈ അവസരത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് എന്ന് ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. അമേരിക്കയിലെ മറ്റു സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് ഫോമാ മുന്നിട്ടിറങ്ങുന്നത്. ഫോമയുടെ 80ല്‍ പരം മെമ്പര്‍ അസോസിയേഷനുകള്‍ അതാത് സ്ഥലങ്ങളില്‍ മലയാളികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവയാണ്. അവരുമായി സഹകരിച്ച് ആയിരിക്കും ടാസ്‌ക് ഫോഴ്‌സ് ദേശീയ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്.

മലയാളികളില്‍ ഒരു വലിയ ശതമാനവും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനിയും കൂടുതല്‍ മലയാളികളും മലയാളി കുടുംബങ്ങളും ഈ വൈറസിന്റെ പിടിയില്‍ അകപ്പെടാന്‍ സാധ്യത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ വരുന്ന സാഹചര്യത്തില്‍ മലയാളികള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ വേണ്ടി റീജിയണല്‍ തലത്തില്‍ കോണ്‍ഫ്രന്‍സ് കോള്‍ സംഘടിപ്പിക്കുകയും, യാത്രാ സംബന്ധമായതോ, സാമൂഹികമായോ നേരിടുന്ന പ്രശ്‌നങ്ങളും അതാത് റീജണല്‍ തലത്തില്‍ ഉന്നയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്.

വരുംകാലങ്ങളില്‍ കൂടുതല്‍ സഹായസഹകരണങ്ങള്‍ ആവശ്യമായി വരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ അവസരത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് ഈ മഹാവിപത്തിനെതിരെ പോരാടണമെന്ന് പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷര്‍ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു ജോയിന്‍ സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ എല്ലാ മലയാളി സുഹൃത്തുക്കളോടും വിനീതമായി അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ഫോമാ ന്യൂസ് ടീം