ടെക്സസിലേക്ക് വരുന്ന ഡ്രൈവർമാരും സെൽഫ് ക്വാറന്‍റൈനിൽ കഴിയണം: ഗവർണർ ഏബട്ട്
Monday, March 30, 2020 7:57 PM IST
ഓസ്റ്റിൻ: കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന ലൂസിയാന സംസ്ഥാനത്തു നിന്നും ടെക്സസിലേക്ക് പ്രവേശിക്കുന്ന ഡ്രൈവർമാർ ഉൾപ്പെടെ എല്ലാവരും നിർബന്ധമായും 14 ദിവസത്തെ സെൽഫ് ക്വാറന്‍റൈനിൽ കഴിയണമെന്നു ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്.

ടെക്സസ് അതിർത്തിയിൽ ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥർ കാർ തടഞ്ഞു നിർത്തി നിർബന്ധിത ക്വാറന്‍റൈനിൽ പ്രവേശിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുമെന്നും ഗവർണർ അറിയിച്ചു.

ന്യൂഓർലിയൻസ്, ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ടെക്സസിലേക്ക് വിമാനമാർഗം എത്തുന്നവരും ഇതേ നിബന്ധന പാലിക്കണമെന്നും ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. മയാമി, അറ്റ്ലാന്‍റ, ഡിട്രോയ്റ്റ്, ഷിക്കാഗൊ, കലിഫോർണിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും ഗവർണർ നിർദേശിച്ചു. ടെക്സസിൽ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സഹകരണം ആവശ്യമാണെന്നും ഗവർണർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ