അമേരിക്കൻ ആരോഗ്യമേഖലയിൽ പ്രവാസികളുടെ പ്രവർത്തനം പ്രശംസനീയം; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം: ഫോമാ
Tuesday, March 31, 2020 5:27 PM IST
ഡാളസ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി നിനച്ചിരിക്കാത്ത നേരത്ത് പൊടുന്നനെ കടന്നു വന്ന ഭീഷണിയാണ് കൊറോണ വൈറസ് . നിമിഷനേരം കൊണ്ട് ലോകത്തിന്റെ ഓരോ കോണിലേക്കും മനുഷ്യശരീരത്തിലൂടെ വൈറസ് സംക്രമണം നടത്തി . ഉത്ഭവസ്ഥാനത്തു നിന്ന് മറ്റു രാജ്യങ്ങളിലേക്കെല്ലാം ഇത് പടർന്നത് വിവിധ ഗതാഗത മാർഗങ്ങളിലൂടെ ഓരോ നാടുകളിലേക്ക് സഞ്ചരിച്ച് മനുഷ്യരിലൂടെ തന്നെയായിരുന്നു . എന്നാൽ കേരളത്തിലേക്ക് ഇതെത്തിയപ്പോൾ പ്രവാസികൾ കൊണ്ടുവന്ന വ്യാധി എന്നും പ്രവാസികൾ ഇല്ലായിരുന്നെങ്കിൽ ഈ രോഗം കേരളത്തെ ബാധിക്കില്ലായിരുന്നു എന്നുമുള്ള പരാമർശം എന്നത് അത്യന്തം ദുഃഖകരമായ അവസ്ഥയായി . ഇതിനോടൊപ്പം പല അമേരിക്കൻ മലയാളികളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും അമേരിക്കൻ ഗവൺമെന്റിന്റെ നിലപാടുകളെ കുറിച്ചും ഇവിടുത്തെ ആരോഗ്യ മേഖലയെ കുറിച്ചും പ്രചരിപ്പിക്കുന്ന വാർത്തകളും പ്രവാസികളുടെ മനക്കരുത്ത് തകർക്കുന്ന വിധത്തിലാണെന്നുള്ളതും സങ്കടകരമായ കാര്യമാണ് .

ഇക്കാര്യങ്ങളെകുറിച്ചു ചർച്ച ചെയ്യാൻ ഫോമാ എക്സിക്യൂട്ടീവ് ഞായറാഴ്ച തന്നെ ഒരടിയന്തിര യോഗം വിളിച്ചു കൂട്ടി . കേരളത്തിൽ നിന്ന് കുടിയേറിയവരിൽ ഏറിയ ഭാഗവും ഇവിടെ ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നവരാണ് . ആശങ്കാകുലമായ ഈ സാഹചര്യത്തിൽ ആരോഗ്യം പണയപ്പെടുത്തി മുൻ നിരയിൽ പ്രവർത്തിക്കുന്നവർക്ക്‌ അവശ്യ സഹായങ്ങളും മനക്കരുത്തും പകരേണ്ടതിനു പകരം അവരെ തളർത്തുന്ന വിധത്തിലുള്ള പ്രതികരണങ്ങൾ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന നിലപാട് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കൈകൊണ്ടു . ഒപ്പം പ്രവാസികൾ പ്രത്യേകിച്ചും അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ കൈത്താങ്ങാണ് . പ്രളയം പോലുള്ള മഹാദുരന്തങ്ങളിൽ അമേരിക്കൻ മലയാളികൾ കേരളത്തിനു നൽകിയ സഹായങ്ങൾ മറക്കാനാവിൽ. ഇത്തരത്തിൽ അതിജീവനത്തിനായി കഷ്ടപ്പെടുന്നതോടൊപ്പം സ്വന്തം നാടിനെ നെഞ്ചിലേറ്റുന്ന പ്രവാസികളോട് സ്വീകരിക്കുന്ന നാടിന്‍റെ അപക്വമായ നിലപാടിനെ യോഗം ശക്തമായി അപലപിച്ചു.

കൊറോണ വ്യാപനം തടയാൻ കേരളം നടത്തുന്ന തീവ്രശ്രമങ്ങളെയും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ എന്നിവരെ ഫോമാ അഭിനന്ദിച്ചു . അതോടൊപ്പം പ്രവാസികളോടുള്ള കേരളത്തിന്‍റെ നിലപാട് മെച്ചപ്പെടുത്തുവാനുള്ള പരാതി മുഖ്യമന്ത്രിക്കും കേന്ദ്ര പ്രവാസികാര്യ മന്ത്രി വി. മുരളീധരനും സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ടെലിഫോൺ ചർച്ചയിൽ ഇക്കാര്യത്തിൽ അദ്ദേഹം അതീവ ജാഗ്രത പുലർത്തുമെന്നും പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉറപ്പു നൽകി . മാത്രമല്ല പ്രവാസികളുടെ കുടുംബങ്ങളും സുരക്ഷിതരായിരിക്കുവാനുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തുമെന്നും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം ലോകം മുഴുവൻ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ അമേരിക്കൻ മലയാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും യോഗം അഭ്യർഥിച്ചു .

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിൻസെന്‍റ് ബോസ് മാത്യു ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.