മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ ഒഴിവാക്കുക: ബി. മാധവൻ നായർ
Tuesday, March 31, 2020 5:57 PM IST
ന്യൂയോർക്ക്: ലോകം മുഴുവൻ കൊറോണ വൈറസ് ബാധയുടെ ഭീതിയിലും ഭീഷണിയിലും കഴിയുന്ന ഈ വേളയിൽ ചില മാധ്യമങ്ങളിൽ അമേരിക്കയിലെ സ്ഥിതിഗതികളെക്കുറിച്ചു വരുന്ന വാർത്തകളിലധികവും നിറം പിടിപ്പിച്ചതും അതിശയോക്തി നിറഞ്ഞതുമാണെന്ന് ഫൊക്കാന പ്രസിഡന്‍റ് ബി. മാധവൻ നായർ.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണെന്നും ജനങ്ങൾ നിരാശ്രയരും നിസഹായരുമാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. ഇത്തരം വാർത്തകൾമൂലം അമേരിക്കയിൽ തൊഴിലെടുത്ത് ജീവിക്കുന്ന മലയാളി സമൂഹത്തിന്‍റെ നാട്ടിലെ കുടുംബാംഗങ്ങളും ബന്ധുക്കളും വലിയ ആശങ്കയിലും ഉത്കണ്ഠയിലുമാണ് കഴിഞ്ഞുകൂടുന്നത്. മറ്റു ലോക രാഷ്ട്രങ്ങളെയെന്നപോലെ അമേരിക്കയെയും ഗുരുതരമായി കൊറോണരോഗം ബാധിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.

വര്‍ഷത്തില്‍ രണ്ടിലധികം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചുഴലിക്കാറ്റായും കാട്ടുതീയായും. വര്‍ഷങ്ങളായി അതിങ്ങനെ തുടര്‍ന്നു പോകുന്നും ഉണ്ട്. എന്നിട്ടും ഒരോ വര്‍ഷം കഴിയും തോറും ആള്‍നാശം കുറഞ്ഞുവരുന്നതാണ് ഈ രാജ്യത്തിന്‍റെ കുതിപ്പ്. പിന്നെയുള്ളത് സാമ്പത്തികമാണ്. അത് കൃത്യനിഷ്ഠയുള്ളതും അച്ചടക്കമുള്ളതുമാണ്. അതുകൊണ്ടാണ് തങ്ങളുടെ രാജ്യത്തെ മഹാമാരി വിഴുങ്ങുമ്പോഴും 100 കോടിയിലധികം രൂപ ലോക രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്. ഇന്ത്യയ്ക്കും കിട്ടി 27 കോടി. എന്തുതന്നെ സംഭവിച്ചാലും അമേരിക്ക ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നിന്നുട്ടുണ്ട്. എന്നും എപ്പോഴും. ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അമേരിക്ക എന്ന രാജ്യം. ഉണര്‍ന്നെണീറ്റാല്‍ ദൗത്യം നിറവേറ്റിയിരിക്കും. പലകാലങ്ങളില്‍ അതു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തവണ തങ്ങള്‍ക്കു പരിചയമില്ലാത്ത ഒരു രോഗം വളരെ പെട്ടെന്ന് രാജ്യത്തു വ്യാപിച്ചപ്പോള്‍ ഒന്നു പതറി എന്നതു ശരിയാണ്.

കോവിഡ് 19 ന്‍റെ വ്യാപനം മൂലം അമേരിക്കയുടെ ആരോഗ്യ രംഗം ഏറ്റവും കൂടുതല്‍ പരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ , പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും അമേരിക്കയുടെ ആരോഗ്യ പരിപാലന രംഗത്തെ കുറിച്ച് പല ധാരണകളും ഉണ്ടായിരുന്നു. ആ തര്‍ക്കങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്താണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പത്തുമിനിട്ടിലും ഒരാള്‍ വീതം ന്യൂയോര്‍ക്കില്‍ മരിക്കുന്നു. കേസുകള്‍ കൂടുന്നു. രാജ്യത്തിലുള്ളതിന്‍റെ പകുതിയിലധികം കേസുകള്‍ ന്യൂയോര്‍ക്കിനും ന്യുയോര്‍ക്കില്‍ പകുതിയിലധികം നഗരത്തിലും ആണ്. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രധാന വിമാനത്താവളങ്ങളായ ജെഎഫ്കെ, ന്യുയോര്‍ക്ക്, ലഗേർഡിയ എന്നീ മൂന്നു വിമാനത്താവളങ്ങളിലും ഒരു ദിവസം നാലു ലക്ഷത്തിലധികം യാത്രക്കാരാണ് വന്നു പോകുന്നത്. ഇവിടത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനമായ എംടിഎ (MTA) ഒരു ദിവസം 10 ലക്ഷം ആളുകളാണു പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത്. നഗരത്തില്‍ മാത്രം 25 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നു. 31 ലക്ഷം കുടിയേറ്റക്കാര്‍ നഗരത്തില്‍ മാത്രം താമസിക്കുന്നു . അതായത് മൊത്തം ജനങ്ങളുടെ 35 ശതമാനം. ഇത്രയും രാജ്യങ്ങളില്‍നിന്ന് കുടിയേറ്റക്കാര്‍ വന്നതായിരിക്കാം വൈറസ് വ്യാപിക്കാന്‍ ഒരു കാരണം. രേഖകളില്ലാതെ താമസിക്കുന്നവര്‍തന്നെ 5.5 ലക്ഷത്തിനു മുകളില്‍ ഉണ്ട്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുണ്ട് അമേരിക്കക്ക്. എന്നാല്‍ ഇന്ത്യയുടെ മൂന്നിലൊന്ന് ജനസംഖ്യയും. ഒരു മഹാമാരി പടര്‍ന്നാല്‍ ഏതു രാജ്യമാണ് മികച്ചത് എന്ന തര്‍ക്കമല്ല നടത്തേണ്ടത്. നൂറ് വര്‍ഷത്തെ ഇടവേളയില്‍ എത്തുന്ന ഒരു മഹാമാരിക്കു വേണ്ടി മുന്‍കൂട്ടി തയാറെടുപ്പ് നടത്തുന്നത് അത്ര ശ്രമകരമല്ല. ന്യുയോര്‍ക്കില്‍ നഗരത്തിനു വേണ്ട ആശുപത്രി കിടക്കകള്‍ ഇവിടെയുണ്ട്. 23000 ല്‍ അധികം. എന്നാല്‍ പെട്ടെന്ന് ഒരു വലിയ ആവശ്യം വരുമ്പോള്‍ അതു പോരാതെ വരുന്നത് സ്വാഭാവികം മാത്രം. താല്‍ക്കാലികമായുള്ള തയാറെടുകള്‍ നടത്തുന്നതും. മഹാമാരിയെ വച്ച് രാജ്യങ്ങളെ താരതമ്യം ചെയ്യാന്‍ വരുന്നവര്‍ മൂഡസ്വർഗത്തിലാണെന്നു പറയാതെ വയ്യ.

കോവിഡിനെ ചെറുക്കാന്‍ രാജ്യം കഠിന ശ്രമത്തിലാണ്. ഇതില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും. അമേരിക്ക ഉയര്‍ന്നെണീക്കും. ആത്മവിശ്വാസം കൈവിടാതിരിക്കുക. ഭരണകൂടം ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സ്വദേശി - വിദേശി ഭേദമില്ലാതെ ഓരോ പൗരനും അധികൃതർ സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. മലയാളി സമൂഹം ഇവിടെ സുരക്ഷിതരും സംരക്ഷിതരുമാണ്. അമേരിക്കയിലെ പ്രവാസി സമൂഹം ഭരണകൂടത്തെ വിശ്വസിക്കുകയും അവർ കൈക്കൊള്ളുന്ന മുൻകരുതലുകളെയും പരിശ്രമങ്ങളെയും ആരോഗ്യപ്രവർത്തകരുടെ ശ്രമങ്ങളോട് ഐക്യദാർഢ്യം പുലർത്തുകയും നിബന്ധനകൾ അനുസരിക്കുകയും ചെയ്യുകയാണ്. എത്രയെങ്കിലും ഭാരതീയർക്ക് ഉപജീവന മാർഗം തരുന്ന അമേരിക്കയുടെ ക്ഷേമം ഇവിടെ ജീവിക്കുന്ന ഓരോ ഭാരതീയ പൗരന്‍റേയും നിലനിൽപ്പിന്‍റെ കാര്യം കൂടിയാണ്.

കോവിഡിനെതിരെയുള്ള മരുന്നിനായി ഊർജ്ജ്വസ്വലമായ ഗവേഷണങ്ങളാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മിക്ക രാഷ്ട്രങ്ങളും അടച്ചുപൂട്ടലിനെ അഭയം പ്രാപിക്കുമ്പോൾ അമേരിക്ക അതിന് തുനിയുന്നില്ലെന്നത് ഈ രാജ്യത്തിന്‍റെ ആഗോള പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അമേരിക്കയിലെ ഒരു നഗരം അടച്ചുപൂട്ടലിലേക്ക് പോയാൽ പോലും അത് ലോകത്തെ സാമ്പത്തിക സാമൂഹ്യ മേഖലയെ സാരമായി ബാധിക്കുമെന്നതാണ് സ്ഥിതി.

ലോകജനത സ്വതന്ത്രവും സൗജന്യവുമായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും ഗൂഗിളുമൊക്കെ കലിഫോർണിയയിലെ സെർവറുകൾ സ്തംഭിച്ചാൽ നിശ്ചലമാകും എന്നതാണ് അവസ്ഥ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയെ തരംതാഴ്ത്തുന്നവർ മനസിലാക്കേണ്ട വസ്തുതകളാണിത്. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അടിസ്ഥാന തത്ത്വമാക്കിയിരിക്കുന്ന അമേരിക്കയുടെ ശക്തി സ്വാശ്രയബോധമുള്ള പൗരന്മാരാണ്. ഏതു പ്രതിസന്ധികളെയും നേരിടാൻ പ്രാപ്തരാണവർ. കെട്ടുറപ്പുള്ളതാണ് ഭരണനിർവഹണസംവിധാനങ്ങൾ. അമേരിക്കയിലെ മലയാളി സമൂഹം ഉൾപ്പെടുന്ന പ്രവാസി സമൂഹം ഈ രാജ്യത്തിന്‍റെ സുസ്ഥിരതയുടെ ഗുണഭോക്താക്കളാണെന്ന കാര്യം മാധ്യമങ്ങൾ മറന്നുപോകരുതെന്നും ധാർമികതയും സമചിത്തതയും ഏറെ ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ബി. മാധവൻ നായർ പ്രസ്താവനയിൽ ചൂണ്ടികാട്ടി.