യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാർഥികൾക്ക് കരുതലിന്‍റെ സ്വാന്തന സ്പർശവുമായി ഡബ്ല്യുഎംസി
Wednesday, May 20, 2020 6:08 PM IST
ഹൂസ്റ്റൺ: കൊറോണ പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടി സമൂഹം കടന്നുപോകുമ്പോൾ ഹൂസ്റ്റണിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വിദ്യാർഥി സമൂഹത്തിന്‍റെ വേദനയിൽ പങ്കു ചേർന്നുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ.

ഹൂസ്റ്റണിലെ ക്ലിയർലേക്ക് പ്രദേശത്ത്‌ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ പഠിക്കുന്ന അറുനൂറിൽ പരം ഇന്ത്യൻ വിദ്യാർഥികൾ വിവിധ അപ്പാർട്ടുമെന്‍റുകളിലായി താമസിച്ചു വരുന്നു. എന്നാൽ ഇവരിൽ ഭൂരിപക്ഷവും ഈ കൊറോണ കാലയളവിൽ സാമ്പത്തികമായി മാത്രമല്ല മറ്റു അവശ്യ സാധനങ്ങളുടെ അഭാവത്തിലും ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ നിരവധി പലവ്യഞ്ജന ഇനങ്ങൾ ഉൾപ്പെട്ട ഗ്രോസറി കിറ്റുകളും മറ്റു അത്യാവശ്യ വസ്തുക്കളും വിതരണം ചെയ്തു. ഇവർക്ക് ആവശ്യമായി വരുന്ന മാസ്ക്കുകൾ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനും ശ്രമിച്ചു വരുന്നു. ഉറ്റവരും ഉടയവരും നാട്ടിൽ ആയിരിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് കരുതലായി അർപ്പണ ബോധത്തിന്‍റെയും ജീവകാരുണ്യത്തിന്‍റേയും മഹനീയ മാതൃകയായിരിക്കുകയാണ് ഡബ്ല്യുഎംസി.

ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ കോവിഡ് കാലത്ത് ഈ വിദ്യാർത്ഥികൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നുവെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ അവർക്കു കൈത്താങ്ങാകണം എന്നു മനസിൽ ഉദിക്കുകയും ഇങ്ങനെ ഒരു ഉദ്യമത്തെ കുറിച്ച് ചിന്തിക്കുകയും ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പിന്തുണയുമായി മുൻപോട്ടു വരുകയായിരുന്നുവെന്ന് ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്‍റ് ജോമോൻ എടയാടി പറഞ്ഞു. ഈ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടക്കുകയാണ്. ഇവ പൂർണ തോതിൽ പ്രവർത്തനനിരതമായെങ്കിലേ അവർക്കു സാമ്പത്തിക സ്ഥിരത കൈവരുകയുള്ളുവെന്ന് ജോമോൻ പറഞ്ഞു.

പരിപാടിയിൽ ചെയർമാൻ ജേക്കബ് കുടശനാട്‌, റീജണൽ വൈസ് പ്രസിഡന്‍റുമാരായ എൽദോ പീറ്റർ, റോയ് മാത്യു, യൂത്ത് ഫോറം ചെയർമാൻ മാത്യൂസ് മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ.ചെറിയാൻ, റീജണൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ, പ്രൊവിൻസ് സെക്രട്ടറി റെയ്‌ന റോക്ക്, ട്രഷറർ ബാബു ചാക്കോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി