മിഷിഗണില്‍ ഡാം തകര്‍ന്ന് വെള്ളപ്പൊക്കം, കൗണ്ടിയില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു
Thursday, May 21, 2020 12:10 PM IST
മിഡ്‌ലാന്‍ഡ്: കനത്ത മഴയെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്‍ഡ് കൗണ്ടിയിലുള്ള ഈഡന്‍വില്ല് ജലവൈദ്യുത ഡാം തകര്‍ന്ന്, ഒമ്പത് അടിയോളം വെള്ളം ഉയര്‍ന്നു. ഡാം തകര്‍ന്നതോടെ റ്റിറ്റബവ്വാസി നദി കവിഞ്ഞൊഴുകി. ഈഡന്‍വില്ല്, സാന്‍ഫര്‍ഡ് സിറ്റികളിലാണ് വെള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഭൂരിഭാഗവും മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

മിഷിഗണ്‍ സംസ്ഥാന ഗവര്‍ണര്‍ ഗ്രറ്റ്ച്ചന്‍ വിറ്റ്മര്‍, മിഡ്‌ലന്‍ഡ് കൗണ്ടിയില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. സംഭവം അതീവ നാശം വരുത്തിയെന്നു ഗവര്‍ണര്‍ തന്റെ 20 മിനിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വന്‍ നാശനഷ്ടത്തിന് നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ നാഷണല്‍ ഗാര്‍ഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി.

വെള്ളപ്പൊക്കം നടന്നസ്ഥലത്ത് നാലു മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എറണാകുളം, നോര്‍ത്ത് പറവൂരില്‍ നിന്ന് മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന അനുപ് ജോണ്‍ നെയ്യ്‌ശേരി, തന്റെ വീട്ടിലില്‍ രണ്ടു മലയാളി കുടുംബങ്ങള്‍ക്ക് അഭയം നല്‍കി. മൂന്നാമത്തെ കുടുംബം അടുത്ത വലിയ സിറ്റിയായ ഡിട്രോയിറ്റിലേക്ക് മാറി. എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അനുപ് പറഞ്ഞു. മിഡ്‌ലന്‍ഡില്‍ ഫിസിക്കല്‍ തൊറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് അനൂപ്.

ഇതു വരെ 11,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 5 ഷെല്‍ട്ടറുകള്‍ തുറന്നിടുണ്ട്. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചതിനാല്‍, ആളുകള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തിനായി കിണറുകള്‍ ഉപയോഗിക്കുന്നവര്‍, അണുനശീകരണം നടത്തി ശുചീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിയിച്ചു.

വെള്ളപ്പൊക്കത്തോട് അനുബന്ധിച്ചു, മിഡ് മിഷിഗണ്‍ മെഡിക്കല്‍ സെന്ററില്‍ ഇന്‍സിഡന്റ് കമാന്റ് സെന്റര്‍ ആരംഭിച്ചു. പ്രസിഡന്റ് ഡോണല്‍ഡ് ട്രമ്പ് ഫെഡറല്‍ എമര്‍ജന്‍സി മനേജ്‌മെന്റ് ഏജന്‍സിയെ മിഡ്‌ലന്‍ഡിലേക്ക് ഇതിനോടകം അയച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്