കേരള മുഖ്യമന്ത്രിയും അമേരിക്കൻ മലയാളികളുമായുള്ള സൂം സംവാദം ഇന്നു രാവിലെ10.30 ന്
Saturday, May 23, 2020 7:27 PM IST
ന്യൂജേഴ്‌സി: കേരളമുഖ്യമന്ത്രി പിണറായി വിജയന്‍റെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സൂം (Zoom) മീറ്റിംഗ് മേയ് 23 നു (ശനി) രാവിലെ ന്യൂയോർക്ക് സമയം 10.30 നു നടക്കും.

കോവിഡിന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി സംവദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികൾക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളിൽ പങ്കു ചേരുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയും ചെയ്യും. ഇന്ത്യൻ സമയം രാത്രി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ മീറ്റിംഗിൽ പ്രവേശിക്കും.ഏതാണ്ട് ഒന്നര മണിക്കൂറോളം മുഖ്യമന്ത്രി അമേരിക്കൻ മലയാളികൾക്കൊപ്പം ചെലവഴിക്കും.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പ് കൈവർച്ച നേട്ടങ്ങൾക്ക് ലോകാരോഗ്യ സംഘടന,യുനൈറ്റഡ്‌ നേഷൻസ്, തുടങ്ങിയ അന്തർദേശീയ സംഘടനകളുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഈ സാഹചര്യത്തിൽ പിണറായി വിജയന്‍റെ സൂം മീറ്റിംഗ് ഏറെ പ്രാധാന്യത്തോടെയാണ് അമേരിക്കയിലെ മലയാളി സമൂഹം കാണുന്നത്.

തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ലോകം മുഴുവനുമുള്ള മലയാളികളുമായി കോവിഡ് ദുരന്തത്തെക്കുറിച്ചും അവരുടെ ആവലാതികളെക്കുറിച്ചും നേരിട്ടറിയാൻ നിരന്തരം സൂം(Zoon)( മീറ്റിംഗുകൾ വഴി സംവാദം നടത്താറുണ്ട്.എന്നാൽ കോവിഡ് ഏറ്റവും വ്യാപകമായ നോർത്ത്അമേരിക്കയിലെ മലയാളികളുമായി ആദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി സൂം (zoom) മീറ്റിംഗിലൂടെ സംവദിക്കാനൊരുങ്ങുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം കോവിഡ് കാലത്ത് മരണമടഞ്ഞ നോർത്ത് അമേരിക്കൻ മലയാളികളെ അനുസ്‌മരിക്കുകയും കോവിഡ് കാലത്തെ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്‌സിനെ അനുമോദിക്കുകയും ചെയ്യും .

അമേരിക്കയിലെ വിവിധ മലയാളി സംഘടനകൾക്കു പുറമെ അമേരിക്കൻ മലയാളി നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സംഘടനാനേതാക്കന്മാർ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കും. 500 ൽപ്പരം പേര് പങ്കെടുക്കാൻ അവസരമൊരുക്കുന്ന സൂം മീറ്റിംഗിൽ അമേരിക്കയിലെ നിരവധിപേർക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവാദം നടത്താൻ അവസരമുണ്ടാകും. ഏതാണ്ട് 16 പേർക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം. ചോദ്യങ്ങൾ മുൻകൂട്ടി അയച്ചു നൽകാൻ സമയപരിധി ലഭിച്ചിരുന്നു. 80 ൽ അധികം ചോദ്യങ്ങളാണ് ലഭിച്ചത്. ചോദ്യകർത്താക്കൾ ആരെന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപായിരിക്കും തീരുമാനിക്കുക. ചോദ്യങ്ങൾ ചോദിക്കാനായി പേരു വിളിക്കുമ്പോൾ പ്രതികരിക്കാൻ വൈകിയാൽ അടുത്തയാൾക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കും. അതിനാലാണ് കൂടുതൽ ചോദ്യകർത്താക്കളെ ഉൾപ്പെടുത്തിയതെന്ന് കോർഡിനേറ്റർമാർ പറഞ്ഞു.സമയ പരിമിതി മൂലമാണ് ചോദ്യോത്തരവേളയിൽ ചോദ്യങ്ങളുടെ എണ്ണം ചുരുക്കുന്നത്. എന്നിരുന്നാലും സമയ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നതാണെന്ന് സംഘാടകർ പറഞ്ഞു.

നോർത്ത് അമേരിക്കൻ മലയാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സ്നേഹവും താല്പര്യവും കണക്കിലെടുത്ത് എല്ലാ മലയാളി സംഘടനാ നേതാക്കളും സൂം മീറ്റിംഗിൽ പങ്കെടുക്കണമെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ അഭ്യർഥിച്ചു.

സൂം മീറ്റിംഗ് പങ്കെടുക്കാനുള്ള നിർദ്ദേശങ്ങൾ ഫ്ലയറിൽ നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ