"കോവിഡാനന്തര കേരളം'; ഡബ്ല്യുഎംസി ആഗോള സംവാദം സംഘടിപ്പിച്ചു
Tuesday, May 26, 2020 9:32 AM IST
ഹൂസ്റ്റണ്‍: "കോവിഡ്: വ്യാപാരം, സമ്പദ് വ്യവസ്ഥ, കേരള പുനര്‍നിര്‍മാണം, അനിശ്ചിതാവസ്ഥയിലെ അവസരങ്ങളും വിഭവസമാഹരണവും...' എന്ന ആനുകാലിക പ്രസക്തമായ വിഷയത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ആഗോള വീഡിയോ കോണ്‍ഫറന്‍സ് ശ്രദ്ധയമായി.

കോവിഡ് കാലം മനുഷ്യരാശിക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പറയാം. നമ്മുടെ ജീവിതത്തിലേക്ക് മുമ്പെന്നത്തേക്കാളുമേറെ തോതില്‍ ജാഗ്രതയും മുന്‍കരുതലും കടന്നുവന്നിരിക്കുന്നു. കോവിഡ് നല്‍കിയ തിരിച്ചറിവുകള്‍ ഭാവി ജീവിതത്തെ സമൃദ്ധമാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ഗൗരവമായി ചിന്തിക്കേണ്ട ഉചിത സമയമാണിതെന്ന് തോന്നുന്നു.

ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത് കേരളത്തിന്‍റെ പുനര്‍ നിര്‍മിതിയെ കുറിച്ചായിരുന്നു. മുന്പു പ്രളയത്തിനുശേഷം നവ കേരള നിര്‍മിതിയെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ കോവിഡാനന്തര കേരളത്തെക്കുറിച്ചുള്ള സംവാദത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അഭിമാന വ്യക്തിത്വങ്ങളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്‍റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കേരള പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗവുമായ ജി വിജയരാഘവന്‍, ഖലീജ് ടൈംസിന്‍റെ എഡിറ്റോറിയല്‍ ഡയറക്ടറും സാമ്പത്തിക വിശാരദനുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഷിപ്പ് ഡിസൈനിംഗ് രംഗത്തെ രാജ്യാന്തര കമ്പനിയായ സ്മാര്‍ട്ട് എൻജിനീയറിംഗ് ഡിസൈന്‍ സൊലൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്‍റും സി.ഇ.ഒയുമായ ആന്‍റണി പ്രിന്‍സ്, കിംസ് ഹോസ്പിറ്റലിന്‍റെ സാരഥിയും എയര്‍ ട്രാവല്‍ എന്‍റർപ്രൈസസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയര്‍മാനും മാനേജിംഗ്് ഡയറക്ടറുമായ ഇ.എം. നജീബ്, അസറ്റ് ഹോംസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാര്‍ എന്നിവരായായിരുന്നു പാനലിസ്റ്റുകള്‍.

കോവിഡ് തന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തെയും ബിസിനസ്, ഇക്കോണമി എന്നീ മേഖലകളെ ഗുണകരമായി എങ്ങനെ ഉപയോഗപ്പെടുത്താം പ്രളയാനന്തര നവകേരള നിര്‍മാണം നാം വിഭാവനം ചെയ്ത രീതിയില്‍ വിജയകരമായോ, കോവിഡിനുശേഷം കേരളത്തിന്റെ പുനര്‍ നിര്‍മിതി മുന്‍ അനുഭവങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം സാധ്യമാണ് എന്നീ വിഷയങ്ങളെക്കുറിച്ച് ജി. വിജയരാഘവന്‍ നല്‍കിയ വിശദികരണം പുതിയ സാധ്യതകള്‍ കണ്ടത്തുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

വ്യാപാരം, സമ്പദ് വ്യവസ്ഥ എന്നിവ കോവിഡിനു മുമ്പും കോവിഡ് കാലത്തും കോവിഡിനു ശേഷവും എങ്ങനെയെന്ന് അറിയണം. അതേസമയം ക്രൂഡ് ഓയിലിന്‍റെ വില അപകടകരമാം വിധം കൂപ്പു കുത്തിയതിന്‍റെ പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അവരുടെ ആശങ്കകളെ എങ്ങനെയാണ് അഭിമുഖീകരിക്കുകയെന്നത് പ്രസക്തമാണ്. ഈ പ്രതിസന്ധിയുടെ വ്യാപ്തി എത്രത്തോളം, ഇതില്‍ നിന്ന് എങ്ങനെ കരകയറാം എന്നിവയെ ആസ്പദമാക്കി 40 വര്‍ഷം ഗള്‍ഫ് മേഖലയെ കണ്ടറിഞ്ഞ ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധേയമായി.

കേരളത്തില്‍ ഇപ്പോള്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് മണ്ടത്തരമാണെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഇനി ആ ചിന്താഗതി മറിച്ചാണെങ്കില്‍ ഏതൊക്കെ മേഖലകളാണ് ഉചിതമെന്നും കണ്ടെത്തണം. കടുത്ത കോവിഡ് ഭീഷണി നിലനില്‍ക്കേ ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്നും കളം മാറ്റുകയാണെന്ന വാര്‍ത്തകളുണ്ട്. ഈ ഒരു സാഹചര്യം ഇന്ത്യയ്ക്ക് എങ്ങിനെ അനുഗുണമാക്കാം...? ഭാവിയില്‍ വന്‍കിട അന്താരാഷ്ട്ര കമ്പനികളുടെ ഹബായി ഇന്ത്യ മാറുകയാണെങ്കില്‍ കേരളത്തിന് എന്തെല്ലാം പ്രതീക്ഷിക്കാം...? എന്നീ ചോദ്യങ്ങള്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെ വന്‍ പദ്ധതികള്‍ നടത്തി വിജയത്തില്‍ എത്തിച്ച ആന്‍റെണി പ്രിന്‍സ് ജീവിതവീക്ഷണം കേരളത്തില്‍ നിക്ഷേപം നടത്തുവാന്‍ പ്രവാസികള്‍ക്ക് കുടുതല്‍ കരുത്തു പകരുന്നതായിരുന്നു.

ലോക്ഡൗണില്‍ സഞ്ചാരം വിലക്കിയതോടു കൂടി വിമാനങ്ങളെല്ലാം നിലത്തിറക്കേണ്ടി വന്നു. ഇപ്പോള്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. ഈ മേഖല പൂര്‍വ സ്ഥിതിയില്‍ ആകുമെന്നാണ് പ്രതീക്ഷ. എയര്‍ ട്രാവല്‍ മേഖലയും ടൂറിസവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ടൂറിസം മേഖലയും നിശ്ചലമാണിപ്പോള്‍. കോവിഡ് വൈറസ് ഭൂമിയില്‍ തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയെ പ്രമോട്ട് ചെയ്യുന്നതിന് ഈ രംഗത്ത് ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ സാധ്യതകളെപ്പറ്റി ചിന്തിക്കേണ്ടയിരിക്കുന്നു. പുതിയ പരീക്ഷണങ്ങളുടെ സാധ്യതയെപ്പറ്റി ഇ.എം നജീബ് നല്‍കിയ വിശദികരണം ശ്രദ്ധേയമായി . ലോക ടൂറിസും വീണ്ടും പഴയ രീതിയില്‍ എത്തുവാന്‍ കുറഞ്ഞത് മൂന്നു വര്‍ഷം എങ്കിലും എടുക്കുമെന്നും കേരളത്തിന് കുടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ടൂറിസും രംഗത്തെ മാറ്റിയെടുക്കാനും സാധ്യതകളെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരട് ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റിയത് നാം കണ്ടു. അത് നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ കോവിഡ് കാലത്ത് ക്വാറന്‍റൈന്‍ കേന്ദ്രമാക്കി മാറ്റാമായിരുന്നു എന്ന് സ്വാഭാവികമായും തോന്നുന്നു. ഫ്ലാറ്റുകള്‍ പൊളിച്ചതോടു കൂടി പരിസ്ഥിതി പ്രശ്‌നം അവസാനിച്ചു എന്നാണോ അനുമാനിക്കേണ്ടത്. ഇത്തരം പൊളിക്കലുകള്‍ നമ്മുടെ വ്യാപാരത്തെയും സമ്പദ് ഘടനയെയും പ്രസ്തുത മേഖലകളുടെ വിശ്വാസ്യതയേയും എത്രമാത്രം സ്വാധീനിക്കുന്നു എന്നറിയേണ്ടതുണ്ട്.

കോവിഡിനുശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഒരു ബൂം പ്രതീക്ഷിക്കാമോ...? കാരണം ഫ്ലാറ്റ് ജീവിതം തന്നെ ഒരു ഐസൊലേഷന്‍ ആണല്ലോ...? കോവിഡ് പഠിപ്പിച്ചതും ഐസൊലേഷന്‍...? എന്നീ ചോദ്യങ്ങള്‍ക്ക് സുനില്‍കുമാര്‍ നല്‍കിയ വിശദികരണം എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. നാം മാറേണ്ടിയിരിക്കുന്നു. നമ്മള്‍ എല്ലാ വിഷയത്തിലും എടുക്കുന്ന നിഷേധകാത്മക സമീപനത്തിന്‍റെ ഒടുവിലത്തെ ഒരു ഉത്തമ ഉദാഹരണമാണ് മരട് എന്ന് അദ്ദേഹം പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് രോഗത്തെ മലയാളികളുടെ പഴയ സമീപനം മാറുമെന്നും അതനുസരിച്ച് പുതിയ ശൈലി സ്വീകരിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് നിര്‍ബന്ധിതമാകേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറില്‍പ്പരം ആളുകള്‍ സൂം കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ്, പ്രസിഡന്‍റ് ജോണി കുരുവിള, സെക്രട്ടറി സി.യു. മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റുമാരായ റ്റി.പി. വിജയന്‍, എസ്.കെ ചെറിയാന്‍, തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കം അരവിന്ദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

വിദേശ മലയാളികള്‍ നാട്ടില്‍ മടങ്ങിയെത്തിയതോടുകൂടി കോവിഡ് വ്യാപനം കൂടുതല്‍ ശക്തമാവുകയാണ്. എന്നാല്‍ മലയാളികളോട് നാട്ടിലേക്ക് വരാന്‍ പാടില്ല എന്നൊരിക്കലും പറയാനാവില്ല. കേരളത്തിന്‍റെ പുനര്‍ നിര്‍മിതിക്ക് വിദേശമലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് ജോണി കുരുവിള പറഞ്ഞു. പ്രളയാനന്തര പുനരധിവാസ പദ്ധതികള്‍ ഉദ്ദേശിച്ച രീതിയില്‍ എത്തിയില്ല. പൂര്‍ത്തീകരിച്ചില്ല എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനു ശേഷമുള്ള പുനര്‍ നിര്‍മാണം ഒരു സ്വപ്നമായി മാറാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അവസരങ്ങള്‍ ഇനി നമ്മെ തേടിവരുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ട. വ്യക്തികളായിട്ട് വിവിധ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. അതിനു പുതിയ ചിന്തയുണ്ടാവണം. മനോഭാവം മാറണമെന്ന് ഡോ. അനുപ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു വേള്‍ഡ് മലയാളി കൗണ്‍സില്‍ റൂറല്‍ ഹെല്‍ത്ത് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഗ്ലോബല്‍ ചെയര്‍ ഹരി നമ്പൂതിരി ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നു.

കോവിഡിനുശേഷമുള്ള കേരളത്തെ പുനര്‍ നിര്‍മിതിക്കായി ആഗോളതലത്തില്‍ പ്രവാസികളെ സഞ്ജമാക്കുന്നതിന്‍റെ ഭാഗമായി തുടക്കം കുറിച്ച ഈ സംവാദ പരമ്പര തുടരുമെന്നും കേരളത്തിന്‍റെ പുനര്‍ നിമിതിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവമായി പങ്കാളികള്‍ ആകുമെന്നും അമേരിക്ക റീജൺ പ്രസിഡന്‍റ് ജെയിംസ് കുടല്‍ പറഞ്ഞു.