സോഷ്യൽ മീഡിയായിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണം: ഡോ. ജോസഫ് മാർത്തോമ മെത്രാപോലീത്ത
Monday, June 1, 2020 8:33 PM IST
ഡാളസ്: സോഷ്യൽ മീഡിയായിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരും വ്യക്തി ഹത്യ നടത്തുവാൻ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന ദൈവമേ അവർ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്ക കൊണ്ടു അവരോട് ക്ഷമിക്കേണമേ എന്നതായിരിക്കുമെന്ന് മർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മർത്തോമാ മെത്രാപോലീത്താ ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ സഭയുടെ ഏറ്റവും സുപ്രധാന ദിവസത്തെ ഓർമയെ അനുസ്മരിച്ചുകൊണ്ട് പെന്തകോസ്ത പെരുന്നാൾ ദിനമായ മേയ് 31 നു തിരുവല്ലാ പൂലാത്തിനിൽ നിന്നും വിവിധ രാജ്യങ്ങളിലുള്ള മർത്തോമ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ധ്യാന പ്രസംഗം നടത്തുകയായിരുന്നു മെത്രാപോലീത്താ.

കുറ്റം ചെയ്യാത്ത സ്തെഫാനോസിനെ പരീശന്മാർ ശിക്ഷ വിധിച്ചു. കല്ലെറിഞ്ഞു കൊല്ലുമ്പോൾ, മരണത്തിന്‍റെ മുഖത്തു പോലും അവർക്കെതിരെ ശാപവാക്കുകൾ ഉച്ചരിക്കാതെ, അവർ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്ക കൊണ്ടു അവരോട് ക്ഷമിക്കേണമേ എന്നതായിരിക്കുന്നു സ്തെഫാനോസിന്‍റെ പ്രാർത്ഥന. ഇതു തന്നെയാണ് ക്രൂശിൽ തറച്ച പള്ളി പ്രമാണിമാർക്കും പരീശന്മാർക്കും പടയാളികൾക്കുവേണ്ടിയും ക്രിസ്തു പ്രാർഥിച്ചതെന്നും മെത്രാപോലീത്ത ചൂണ്ടിക്കാട്ടി.

യഹൂദന്മാരെ ഭയപ്പെട്ട് ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനുശേഷം സുരക്ഷിതമെന്ന് കരുതി മുറിക്കുള്ളിൽ ലോക്ക് ഡൗണിലേക്ക് കടന്ന് രക്ഷ പ്രാപിക്കുവാൻ ശ്രമിക്കുന്ന ശിക്ഷ്യന്മാരുടെ മധ്യേ എഴുന്നെള്ളി അവരെ യഥാസ്ഥാനപ്പെടുത്തി ഭയത്തെ നീക്കി കളഞ്ഞ ക്രിസ്തുവിലാണ് നാം വിശ്വസിക്കേണ്ടതെന്നും മെത്രാപോലീത്താ കൂട്ടിചേർത്തു. മഹാഭാരത യുദ്ധം 21 ദിവസം കൊണ്ട് അവസാനിച്ചുവെങ്കിൽ 21 ദിവസം കൊണ്ട് കോവിഡിനെ പൂർണമായും കീഴ്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രിയും ഓസോൺ പാളികൾ ഭേദിച്ച് പറന്നുവരുന്ന മിസെലുകളെ പോലും തകർക്കുന്നതിന് സജ്ജമാണെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്‍റും അദൃശ്യനായ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് പരാജയപ്പെട്ടിടത്ത്, ദൃശ്യമായതിനേയും അദൃശ്യമായതിനേയും സൃഷ്ടിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന ത്രിഏക ദൈവത്തിങ്കലേക്ക് നാം നമ്മുടെ കണ്ണുകളെ ഉയർത്തേണ്ട സമയമാണിതെന്നും മെത്രാപോലീത്താ പറഞ്ഞു.

അധർമവും അതിക്രമവും പെരുകിയ ലോകത്തിൽ സൃഷ്ടാവിനെ കൂടാതെ സർവതും നേടാം എന്ന് വിചാരിച്ച ലോകം, നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തെക്കുറിച്ചു ഓർക്കുന്നത് ഉചിതമായിരിക്കും. ജലപ്രളയത്തിൽ എല്ലാം നശിച്ചിട്ടും അതിൽ നിന്നും ഒരു പാഠം പോലും പഠിക്കാതെ ദൈവത്തെ തോല്പിക്കുവാൻ ബാബേൽ ഗോപുരം പണിതുയർത്തുവാൻ ശ്രമിച്ചവരുടെ അനുഭവവും നാം അറിഞ്ഞിരിക്കേണ്ടതാണ്.സമൂഹത്തിൽ വികലമാക്കുന്ന കുടുംബ ജീവിതാനുഭവങ്ങളേയും മെത്രാപോലീത്ത പരാമർശിച്ചു. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളും അവരോട് തുറന്നു പറയുവാൻ ഭയപ്പെടുന്ന മാതാപിതാക്കളും സ്വന്തം ഉല്ലാസത്തിനും സുരക്ഷിതത്വത്തിനും മാത്രം മുൻഗണന നൽകുന്നവരും സമൂഹത്തിൽ വർധിച്ചുവരുന്നു. അപരനെ മനസിലാക്കുന്നതിനുള്ള പരാജയമാണിതിന്‍റെ അടിസ്ഥാന കാരണമെന്നും മെത്രാപോലീത്താ ചൂണ്ടിക്കാട്ടി.

ദേശത്തിനും കുടുംബത്തിനും സൗഖ്യം ലഭിക്കുന്നതിന് നാം സൃഷ്ടിവിങ്കലേക്ക് തിരിയണം.. കൃപാലുവായ ദൈവമേ നിന്‍റെ കൃപയാൽ ലോകത്തിനു സൗഖ്യം വരുത്തണമേ എന്ന പ്രാർഥനയോടെ മെത്രാപോലീത്താ ധ്യാന പ്രസംഗം അവസാനിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ