അസ്ഥിരമായ ഒരു കാലഘട്ടത്തിലേക്ക് യുഎസ് സമീപിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്
Sunday, July 12, 2020 11:46 AM IST
ഹൂസ്റ്റൺ : വർധിച്ചുവരുന്ന കോവിഡ് -19 പോസിറ്റീവ് കേസുകളും ആശുപത്രി പ്രവേശനവും വീണ്ടും തുറന്ന പല സംസ്ഥാനങ്ങളെയും വീണ്ടും ഒരടച്ചു പൂട്ടലിലേക്കു കൊണ്ടുപോവുകയാണെങ്കിൽ അത് "നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഒരു കാലഘട്ടത്തിലേക്ക്" എത്തിക്കുമെന്നു ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പരമാവധി ശേഷി കവിയുന്ന ആശുപത്രികളുടെയും ഐസിയു കിടക്കകളുടെയും കാര്യത്തിൽ മാത്രമല്ല അമിത ജോലി ചെയ്തു തളരുന്ന ആശുപത്രി ജീവനക്കാരും അവർ രോഗികളായിത്തീരുന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്ക് വേണ്ടത്ര മാനവവിഭവശേഷി ഇല്ലെന്നു പറയേണ്ടി വരും. ബെയ്‌ലർ കോളേജ് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ഡീൻ ഡോ. പീറ്റർ ഹോട്ടസ് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ശരാശരി പുതിയ ദൈനംദിന കേസുകളിൽ കുറഞ്ഞത് 10% എങ്കിലും കുറവുണ്ടായത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 71,787 കേസുകളുമായി രണ്ടാം തവണയാണ് ഏറ്റവും കൂടുതൽ പുതിയ കേസുകളിൽ യുഎസ് റെക്കോർഡ് സൃഷ്ടിച്ചത്. വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്വീകരിച്ച നടപടികളിലേക്ക് നിരവധി പ്രാദേശിക നേതാക്കൾ ചുവടു മാറുന്നു. കുറഞ്ഞത് 26 സംസ്ഥാനങ്ങളെങ്കിലും വീണ്ടും തുറക്കാനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തുകയോ പിൻവലിക്കുകയോ ചെയ്തു.

അമേരിക്കയിൽ ഇന്നലത്തെ കണക്കനുസരിച്ചു 3,291,786 കേസുകളും 136,671മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് ന്യൂ യോർക്ക് സംസ്ഥാനത്തിലാണ്. 426,606 കേസുകളും 32,388മരണങ്ങളും. 318,941കേസുകളും 7,021മരണവുമായി കാലിഫോർണിയായും 255,923 കേസുകളും 3,197 മരണങ്ങളുമായി ടെക്സസും തൊട്ടു പിന്നിൽ തന്നെ. ന്യൂയോർക്കിന് ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം 15,595 മരണങ്ങളോടെ ന്യൂജേഴ്‌സിയാണ്.
ടെക്സസിലെ വരും ദിവസങ്ങളിലെ കടുത്ത ചൂട് പല ടെസ്റ്റിംഗ് സൈറ്റുകളുടെയും സമയ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. 99 / 100 ഡിഗ്രി ചൂടാണ് കാലാവസ്ഥ പ്രവചനം. അതിനാൽ തന്നെ കാലത്തു ആറുമണിക്ക് ടെസ്റ്റിംഗ് ആരംഭിക്കതക്ക ക്രമീകരണമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഹ്യൂസ്റ്റണിൽ കോവിഡ് -19 നെ നേരിടാൻ സൈന്യം മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിനെ അയക്കും എന്ന് ഗവർണർ ഗ്രെഗ് അബോട്ട് ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഹ്യൂസ്റ്റണിലെത്തുന്ന സംഘത്തിൽ, യുഎസ് പ്രതിരോധ വകുപ്പിൽ (ഡിഒഡി) നിന്നുള്ള ഒരു അർബൻ ആഗ്മെന്റേഷൻ മെഡിക്കൽ ടാസ്ക് ഫോഴ്സും യുഎസ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിൽ നിന്നുള്ള ഒരു ദുരന്ത മെഡിക്കൽ സഹായ സംഘവും ഉൾപ്പെടുന്നു.

ഹൂസ്റ്റണിലെ യുടിഎംബി നടത്തിയ പഠനത്തിൽ വയറസ് എയറോസോൾ ഡ്രോപ്പുകൾ മണിക്കൂറുകളോളം വായുവിൽ താങ്ങി നിൽക്കാം അതായതു 16 മണിക്കൂർ വരെ വായുവിൽ താങ്ങി നിൽക്കാം എന്ന് ഗാൽവെസ്റ്റൺ നാഷണൽ ലാബിന്റെ സയന്റിഫിക് ഡയറക്ടറും യുടിഎംബി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഇൻഫെക്ഷൻ & ഇമ്യൂണിറ്റിയുടെ ഡയറക്ടറുമായ ഡോ. സ്കോട്ട് വീവർ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മുഖത്തു മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകത ഇത് വീണ്ടും ഉറപ്പിക്കുന്നു.

ടെക്സാസ് മെഡിക്കൽ സെന്ററിൽ ഇന്നലെ 336 പുതിയ കോവിഡ്-19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 10 വരെയുള്ള കണക്കിൽ തിവ്ര പരിചരണ വിഭാഗത്തിൽ ഒന്നാം ഘട്ടത്തിലുള്ള എല്ലാ ബെഡുകളും നിറഞ്ഞു. രണ്ടാം ഘട്ടത്തിലുള്ള ഐ.സി.യു ബെഡ്ഡുകൾ 24% മാത്രമേ ഇനി ഒഴിവുള്ളു. ഇതേ വളർച്ചാ നിരക്കിൽ പോവുകയാണെങ്കിൽ വരുന്ന 13 ദിവസത്തിനുള്ളിൽ (7/23) മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാം എന്ന് ടി.എം.സി വെബ്സൈറ്റ് സ്ഥിരീകരിച്ചു.

റിപ്പോർട്ട് : അജു വാരിക്കാട്