ടിക് ടോക് വില്പന; ചർച്ചക്ക് ബൈറ്റ്ഡാന്‍സിന് അനുമതി
Tuesday, August 4, 2020 6:34 PM IST
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക്, മൈക്രോസോഫ്റ്റിന് വില്‍ക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബൈറ്റ്ഡാന്‍സിന് അനുമതി.

45 ദിവസത്തെ സമയമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബൈറ്റ്ഡാന്‍സിന് അനുവദിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ സത്യാ നദല്,ല ട്രംപുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ വില്‍പ്പനയില്‍ ചര്‍ച്ചയാകാമെന്ന് ട്രംപ് നിലപാടെടുത്തത്. കൂടാതെ, ട്രംപിന്‍റെ ഉപദേഷ്ടാക്കളില്‍ ചിലര്‍ വില്‍പ്പനയെ പിന്തുണയ്ക്കണമെന്നു `സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

ടിക് ടോക് ഏറ്റെടുക്കാനൊരുങ്ങിയ മൈക്രോസോഫ്റ്റിന്‍റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നതായി അറിയിച്ചിരുന്നു. സൈബര്‍ സുരക്ഷ, കൊറോണ വൈറസ് എന്നിവയെ കുറിച്ചുള്ള പ്രസിഡന്‍റിന്‍റെ ആശങ്ക മൈക്രോസോഫ്റ്റ്‌ മനസിലാക്കുന്നതായും സമ്പൂര്‍ണ സുരക്ഷാ അവലോകനത്തിന് ശേഷമാകും ടിക് ടോക് ഏറ്റെടുക്കുകയെന്നും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുണൈറ്റഡ് ട്രഷറി ഉള്‍പ്പടെ യുഎസിന് ശരിയായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു ഇത് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന തുടർന്നു പറയുന്നു.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിലെ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനങ്ങളാകും മൈക്രോസോഫ്റ്റ് ഏറ്റെടുക്കുക.

അമേരിക്കന്‍ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റകള്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാല്‍, എത്ര രൂപയ്ക്കാണ് മൈക്രോസോഫ്റ്റ് ടിക് ടോക് ഏറ്റെടുക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ