സാമ്പത്തിക ഉത്തേജക പാക്കേജ് വൈകുന്നത് ഡെമോക്രാറ്റുകളുടെ മെയിൽ-ഇൻ ബാലറ്റ് ഫണ്ടിംഗ് മൂലം: ട്രംപ്
Friday, August 14, 2020 4:15 PM IST
വാഷിംഗ്ടൺ ഡിസി: നാലാമത്തെ കൊറോണ വൈറസ് സാമ്പത്തിക ഉത്തേജക പാക്കേജുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ ഹില്ലിൽ ചർച്ചകൾ വൈകുന്നതിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിനു കാരണമായേക്കാവുന്ന സാർവത്രിക മെയിൽ ഇൻ ബാലറ്റുകൾക്ക് ധനസഹായം നൽകണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സാമ്പത്തിക ഉത്തേജക പാക്കേജ് ജനങ്ങളിലേക്ക് എത്തിക്കാൻ വൈകിക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തി. ഫോക്സ് ബിസിനസിന്‍റെ മരിയ ബാർട്ടിറോമോയുമായി ഇന്നു രാവിലെ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. മെയിൽ ഇൻ വോട്ടിംഗിന് കോടിക്കണക്കിന് ഡോളർ ധനസഹായം നൽകണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.

ഇത് അവരുടെ കുഴപ്പം ആണ്, തട്ടിപ്പു നടത്താൻ അവർക്കു 35 ബില്യൺ ഡോളർ വേണം. മെയിൽ-ഇൻ ബാലറ്റിനും സാർവത്രിക മെയിൽ ഇൻ ബാലറ്റിനും പോസ്റ്റോഫീസിന് 25 ബില്യൺ ഡോളർ വേണം. തെരഞ്ഞെടുപ്പിനെ അവരുടെ വരുതിയിലാക്കാൻ ഈ പണം കൊണ്ട് അവർക്കു സാധിക്കും - ട്രംപ് പറഞ്ഞു.

വിർജീനിയ പോലുള്ള സംസ്ഥാനങ്ങളെ ഉദ്ധരിച്ച് "നായ്ക്കൾക്കും മരിച്ചവർക്കും' ബാലറ്റുകൾ അയച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രസിഡന്‍റ് ട്രംപ് ഈ നടപടിയെ കടുത്ത ഭാക്ഷയിൽ ആക്ഷേപിച്ചു. ന്യൂയോർക്കിൽ 500,000 ത്തിലധികം ഫോണി ബാലറ്റ് അപേക്ഷകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയിൽ‌-ഇൻ‌ വോട്ടിംഗ് സംസ്ഥാനത്തെ പ്രൈമറി മൽ‌സരങ്ങളിൽ ചില ഫലങ്ങൾ‌ പ്രഖ്യാപിക്കുന്നതിൽ‌ ഒരാഴ്ച വരെ വൈകിയിരുന്നു.

ഈ പകർച്ചവ്യാധിയിലും ആളുകൾക്ക് പുറത്തു പോയി വോട്ടു ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല അവർ ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വോട്ട് ചെയ്തവരാണ്. ഡെമോക്രാറ്റുകളാണ് ഈ വ്യവസ്ഥയെ കബളിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാവർക്കും വോട്ടർ ഐഡി ഉണ്ടായിരിക്കണം - ട്രംപ് കൂട്ടിചേർത്തു.

റിപ്പോർട്ട്: അജു വാരിക്കാട്