കസേരയുടെ കുഷ്യനിൽ ഒളിപ്പിച്ചുവച്ച 500,000 ഡോളർ പിടിച്ചെടുത്തു
Friday, September 11, 2020 7:24 PM IST
മയാമി, ഫ്ലോറിഡ: മയാമി രാജ്യാന്തര വിമാനത്താവളം വഴി ഡൊമിനിയൻ റിപ്പബ്ലിക്കിലേക്കു കടത്താൻ ശ്രമിച്ച അഞ്ചു ലക്ഷം ഡോളറിന്‍റെ കറൻസി നോട്ടുകൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടിച്ചെടുത്തു. കസേരയുടെ കുഷ്യനിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു നോട്ടുകൾ .

ഉറവിടം കണ്ടെത്താനാകാത്ത ഇത്രയും സംഖ്യ പുറം രാജ്യത്തേക്ക് കടത്തുന്നതു ഗുരുതരമായ കുറ്റമാണ്. 10,000 ഡോളറിൽ കൂടുതൽ ഡോളർ പുറത്തു കൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതി ലഭിച്ചരിക്കണം. ഫെഡറൽ കറൻസി റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതും കുറ്റകരമാണ്.

ക്രിമിനൽ സംഘങ്ങൾ വൻ തുകകൾ കള്ളകടത്തു നടത്തുന്നതു കണ്ടെത്തിയാൽ അത്രയും തുക ഫെഡറൽ ഗവൺമെന്‍റിലേക്ക് മുതൽ കൂട്ടുമെന്നും ഇതിനു പുറമെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എയർപോർട്ട് സിബിപി(CBP) ആക്ടിംഗ് പ്രൊ–ഡയറക്ടർ റോബർട്ട് ഡെൽ ടൊറൊ പറഞ്ഞു.

അമേരിക്കയിൽ നിന്നും കറൻസി പുറത്തു കടത്തുന്നതിന് ക്രിമിനലുകൾ നടത്തുന്ന ശ്രമങ്ങൾ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിദഗ്ധമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ഫലപ്രദമായി തടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ