ഒക്കലഹോമയില്‍ ട്രംപ് ബഹുദൂരം മുന്നിലെന്നു സര്‍വേ റിപ്പോര്‍ട്ട്
Saturday, September 12, 2020 4:59 PM IST
ഒക്കലഹോമ: ഒക്കലഹോമയില്‍ ട്രംപ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനേക്കാള്‍ ബഹൂദൂരം മുന്നിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഒക്കലഹോമയിലെ പ്രമുഖ ദിപത്രമായ ന്യൂസ് 9 ആണ് സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്.

നാലു വര്‍ഷം മുന്‍പ് ട്രംപും ഹിലരിയും തമ്മില്‍ മത്സരിക്കുമ്പോള്‍ ഒക്കലഹോമയില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് നടത്തിയ സര്‍വേയില്‍ ട്രംപിന് പിന്തുണ 65.3 ഉം ഹിലരിക്ക് 28.9 ശതമാനവുമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ട്രംപിന് 59.6 ഉം ബൈഡന് 35.2 ശതമാനവും ലഭിച്ചു. ഹിലറിയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ബൈഡന്‍.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ഒക്കലഹോമയില്‍ കൊറോണ വൈറസ് വ്യാപകമായതിനു ശേഷം ആദ്യമായി ട്രംപ് നടത്തിയ പ്രചാരണ പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തത് പ്രത്യേക ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ദേശീയ തലത്തില്‍ ഇപ്പോഴും ബൈഡന്‍ തന്നെയാണ് മുന്നിലെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും ചിത്രം മാറുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. ട്രംപിന്റെ നാലു വര്‍ഷത്തെ ദേശീയ രാജ്യാന്തര നേട്ടങ്ങളായിരിക്കും അനുകൂല ഘടകമായി മാറുക.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍