മോ​ട്ടോ​ർ​സൈ​ക്കി​ൾ അ​പ​ക​ട​ത്തി​ൽ കാ​ൽ ന​ഷ്ട​പ്പെ​ട്ട മ​ധ്യ​വ​യ​സ​ക​ന് 16 മി​ല്യ​ണ്‍ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം
Tuesday, September 15, 2020 8:55 PM IST
ലേ​ക്ക്കൗ​ണ്ടി (ഷി​ക്കാ​ഗോ): മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഹോ​ണ്ട കാ​ർ വ​ന്നി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ട​തു കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​ച്ചു ക​ള​യേ​ണ്ടി വ​ന്ന മ​ധ്യ​വ​യ​സ​ക​ന് 16 മി​ല്യ​ണ്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ധാ​ര​ണ​യാ​യി. ലേ​ക്ക്കൗ​ണ്ടി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ സം​ഖ്യ അം​ഗ​ഭം​ഗം വ​ന്ന കേ​സ്‌​സി​ൽ വി​ധി​ച്ച​തെ​ന്ന് സെ​പ്റ്റം​ബ​ർ 14 തി​ങ്ക​ളാ​ഴ്ച ലോ ​ഫേം അ​റി​യി​ച്ചു.

കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2018 ജൂ​ണ്‍ 14 നാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടിം ​വാ​ൽ​ഷി (56)ന്‍റെ മോ​ട്ടോ സൈ​ക്കി​ളി​ൽ പ​തി​നെ​ട്ടു​കാ​ര​നാ​യ പോ​ർ​ട്ട​റു​ടെ പു​തി​യ ഹോ​ണ്ടാ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡീ​ല​ർ ഫി​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പോ​ർ​ട്ട​ർ ടെ​സ്റ്റ് ഡ്രൈ​വിംഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഇ​ട​തു​കാ​ൽ ത​ക​ർ​ന്ന ടിം ​വാ​ൽ​ഷി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​ക്കു​ക​യും ഇ​ട​തു​കാ​ലി​ന്‍റെ മു​ട്ടി​നു താ​ഴെ വെ​ച്ചു​മു​റി​ച്ചു ക​ള​യു​ക​യു​മാ​യി​രു​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന പോ​ർ​ട്ട​ർ ട്രാ​ഫി​ക് വ​യ​ലേ​ഷ​നി​ൽ കു​റ്റ​കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ക​മ്യൂ​ണി​റ്റി സ​ർ​വീ​സും പി​ഴ​യും ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ടിം ​വാ​ൽ​ഷി​നു​വേ​ണ്ടി വാ​ദി​ച്ച സാ​ൽ​മി ലോ ​ഫേ​മാ​ണ് സി​വി​ൽ സ്യൂ​ട്ട് ഫ​യ​ൽ ചെ​യ്തി​രു​ന്ന​ത്. ഗ​ർ​ണി മു​ള്ള​ർ ഹോ​ണ്ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പോ​ർ​ട്ട​ർ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ