ഉമ്മൻ ചാണ്ടിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -കേരള ഹൂസ്റ്റൺ ചാപ്റ്റർ അനുമോദിച്ചു
Wednesday, September 23, 2020 6:12 PM IST
ഹൂസ്റ്റൺ : നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിൽ ഒരു പടികൂടി നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - കേരള ഹൂസ്റ്റൺ ചാപ്റ്റർ അനുമോദിച്ചു.

പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്‌ കേരള നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചപ്പോൾ അത് അസുലഭ നേട്ടമായി കണക്കാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വർഷം മുഴുവൻ ആഘോഷിക്കുമ്പോൾ ഹൂസ്റ്റണിലെ കോൺഗ്രസുകാരും അത്‌ ആഘോഷമാക്കി മാറ്റുകയാണ്‌. 1970 പുതുപ്പുള്ളി മണ്ഡലത്തിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര തുടര്ച്ചയായ 11 തെരഞ്ഞെടുപ്പ് വിജയങ്ങളുമായി തുടരുന്നു.

സെപ്റ്റംബർ 20നു വൈകുന്നേരം 5 ന് സ്റ്റാ‌ഫോർഡിലുള്ള ദേശി റസ്റ്ററന്‍റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചേർന്ന സമ്മേളനത്തിൽ ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് തോമസ് ഒലിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചു.

സന്തോഷ സൂചകമായി കേക്ക് മുറിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനത്തിൽ പലരും ഉമ്മൻ ചാണ്ടിയോടൊത്തു പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് ആശംസകൾ നേർന്നു. ഐഒസി നാഷണൽ വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് ഏബ്രഹാം, ഐഒസി ടെക്സസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സാമൂഹ്യ പ്രവർത്തകൻ കൂടിയായ റവ. എ.വി.തോമസ് അമ്പലവേലിൽ, ജോർജ്‌ ഏബ്രഹാം തുടങ്ങിയവർ തങ്ങളുടെ ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു തന്‍റെ ബോംബയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തനാനുഭവങ്ങൾ പങ്കു വച്ചു.

അടുത്തയിടെ പുതുപ്പള്ളിയിൽ നടന്ന സുവർണജൂബിലി ആഘോഷവേളയിൽ 1970 ലെ തെരഞ്ഞെടുപ്പിൽ തന്നോടുള്ള സുഹൃത്ബന്ധം മൂലം സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വച്ച് തന്‍റെ വിജയത്തിനായി പ്രവർത്തിച്ച ബാബു ചിറയിലിനെ പറ്റി ഉമ്മൻ ചാണ്ടി പരാമര്ശിച്ചപ്പോൾ താൻ അഭിമാന പുളകിതനായെന്നു വി.വി.ബാബുക്കുട്ടി സിപിഎ (അന്നത്തെ ബാബു ചിറയിൽ) പറഞ്ഞു.

ട്രഷറർ ഏബ്രഹാം തോമസ്, മാമ്മൻ ജോർജ്, ബിനോയ് ലൂക്കോസ് തത്തംകുളം, എബി കെ, ഐസക്ക്, ഡാനിയേൽ ചാക്കോ, ആൻഡ്രൂസ് ജേക്കബ്, ആൽബർട്ട് ടോം, മാത്യൂസ് മാത്തുള്ള, ബിബി പാറയിൽ, സജി ഇലഞ്ഞിക്കൽ തുടങ്ങിയവരും ആശംസകൾ നേർന്നു. വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് എല്ലാവർക്കും പായസവും വിതരണവും ചെയ്തു.

റിപ്പോർട്ട്: ജീമോൻ റാന്നി