കെസിഎസ് ജോയിച്ചന്‍ ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ പുരസ്കാരം ബേബി - ജെസി മാധവപ്പള്ളിക്ക്
Tuesday, September 29, 2020 11:57 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും, മികച്ച കര്‍ഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ അനുസ്മരണാര്‍ത്ഥം ഷിക്കാഗോ കെസിഎസ് നടത്തിവരുന്ന കര്‍ഷകശ്രീ പുരസ്കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബേബി - ജെസി മാധവപ്പള്ളി ദമ്പതികള്‍ കരസ്ഥമാക്കി. ടാജി- അനിത പാറേട്ട് ദമ്പതികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജോയി - ഗ്രേസി വാച്ചാച്ചിറ, ബെന്നി- ജനി പാറേട്ട് ദമ്പതികള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ തോമസ് കൈതമല, അജിമോന്‍ മേലാണ്ടശേരി എന്നിവര്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കി. തമ്പി ചെമ്മാച്ചേല്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി കുടുംബങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്ത ഈവര്‍ഷത്തെ മത്സരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത് റെജി കോഴാംപ്ലാക്കില്‍, മത്തായിച്ചന്‍ ഇടുക്കുതറ എന്നിവരാണ്. കെസിഎസ് സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി എന്നിവര്‍ മത്സരത്തിന്‍റെ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു.

കെസിഎസ് വിപുലമായി നടത്തിവരാറുള്ള ഓണാഘോഷം കോവിഡ് മൂലം വേണ്ടെന്നുവച്ചതിനാല്‍, ഈവര്‍ഷത്തെ വിജയികള്‍ക്ക് അവരുടെ കൃഷിയിടത്തില്‍ എത്തി അവാര്‍ഡ് സമ്മാനിക്കുക എന്ന നൂതന രീതിയാണ് ഇത്തവണ സ്വീകരിച്ചത്. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍, വിധികര്‍ത്താക്കളായ റെജി കോഴാംപ്ലാക്കില്‍, മത്തായിച്ചന്‍ ഇടുക്കുതറയില്‍ എന്നിവരും വിജയികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

നാലു മാസംകൊണ്ട് ഷിക്കാഗോയുടെ മണ്ണില്‍ പൊന്നുവിളയിച്ച മത്സരത്തില്‍ പങ്കെടുത്ത എല്ലാ കര്‍ഷക കുടുംബങ്ങളേയും, വിജയികളായവരേയും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അഭിനന്ദിക്കുകയും, കഴിഞ്ഞ രണ്ടു വര്‍ഷവും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത തമ്പി ചെമ്മാച്ചേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട് : റോയി ചേലമലയില്‍