ടെക്‌സസില്‍ നിന്നുള്ള അനിക അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്
Saturday, October 17, 2020 11:49 AM IST
ഫ്രിസ്‌കോ (ടെക്‌സസ്): അഞ്ചാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികവിദ്യയില്‍ ടെക്‌സസിലെ ഫ്രിസ്‌കോയില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ഥി അനിക ചെബ്രോലു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.

3 മില്യണ്‍, ഡിസ്‌കവര്‍ എഡ്യൂക്കേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ദൈനംദിന ജീവിതത്തില്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ ഡമോണ്‍സ്‌ട്രേഷനാണ് അനികയെ വിജയിയായി പ്രഖ്യാപിച്ചത്. 25000 ഡോളറാണ് അനികയ്ക്ക് സമ്മാനതുകയായി ലഭിക്കുക.

അവസാനമായി ജഡ്ജിമാര്‍ തെരഞ്ഞെടുത്ത പത്തുപേരില്‍ പകുതിയും സൗത്ത് ഏഷ്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.

കോവിഡ് 19-നെ പ്രതിരോധിക്കാനുള്ള മരുന്നാണ് അനിക വികസിപ്പിച്ചെടുത്തത്. ഒക്‌ടോബര്‍ 12,13 തീയതികളില്‍ നടന്ന മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെര്‍ച്വല്‍ ഇന്റര്‍വ്യൂവിലൂടെ വിജയിയെ കണ്ടെത്തിയത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ പരിശോധിച്ചശേഷമാണ് ഫൈനല്‍ ലിസ്റ്റില്‍ പത്തുപേര്‍ സ്ഥാനം പിടിച്ചത്.

ലോകമെങ്ങും മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുമ്പോള്‍ ആ വിഭാഗത്തില്‍ പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത അനികയ്ക്ക് തന്നെ വിജയിക്കാന്‍ സാധിച്ചതില്‍ 3 എം കോര്‍പറേറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡെന്നിസ് റൂഥര്‍ ഫോര്‍ഡ് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍