ഡബ്ല്യുഎംസി കേരള പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
Wednesday, November 25, 2020 2:24 PM IST
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ ആഘോഷ പരിപാടികളിൽ പ്രഫ. എം.എൻ. കാരശേരി, പ്രഫ. മധുസൂദനൻ നായർ, ഫ്ലവേഴ്സ് ടിവി ബെസ്റ്റ് പോപ്പുലർ സിംഗർ മാസ്റ്റർ ഋതുരാജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ പരിപാടികളും അരങ്ങേറി.

പ്രാർഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അമേരിക്ക റീജൺ പ്രസിഡൻറ് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അധ്യക്ഷപ്രസംഗത്തിനു ശേഷം അമേരിക്ക റീജൺ ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രഫ. എം.എൻ. കാരശേരി യെ അമേരിക്ക റീജൺ വൈസ് പ്രസിഡന്‍റ് അഡ്മിൻ എൽദോ പീറ്റർ പരിചയപ്പെടുത്തി. നമ്മുടെ കുട്ടികളെ മലയാളത്തിന്‍റെ സംസ്കാരത്തിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കാരശേരി മാഷ് ഉദ്ബോധിപ്പിച്ചു.

ഡെയ്സി എന്ന ചലച്ചിത്രത്തിലെ ഓർമതൻ വാസന്ത നന്ദനത്തോപ്പിൽ എന്ന ഗാനം മാസ്റ്റർ ഋതുരാജിന്‍റെ ശബ്ദത്തിൽ കേട്ടത് ഒരു നവ്യാനുഭവം ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്‍റെ പുതിയ വെബ്സൈറ്റ് ലോഞ്ചിംഗ് ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി നിർവഹിച്ചു. തുടർന്നു "മധുരം മലയാളം' എന്ന മലയാള ഭാഷാപഠന പ്രോജക്ടിന്‍റെ ഉദ്ഘാടനം പ്രഫ. മധുസൂദനൻ നായർ നിർവഹിച്ചു. കേരളമെന്ന ഓർമയെ സജീവമായി നില നിർത്തിക്കൊണ്ടിരിക്കുന്നത് പ്രവാസികളായ മലയാളികളാണ് . പൂർവ സ്മൃതികളെയും നമ്മുടെ സംസ്കാരത്തേയും നമ്മുടെ തനിമയെയും കേരളത്തിലുള്ള മലയാളികളേക്കാൾ മുന്പോട്ടു കൊണ്ടു പോകുന്നത് പ്രവാസി സംഘടനകൾ ആണെന്ന് നിസംശയം പറയാം. അതിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ പങ്ക് സ്വാഗതാർഹമാണ്. തുടർന്നും മലയാളത്തനിമ യുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ മധുസൂദനൻ നായർ ആഹ്വാനം ചെയ്തു.

തുടർന്ന് പ്രവാസി അഡ്വൊക്കസി ഹെൽപ് ലൈൻ പ്രോജക്റ്റ് കിക്കോഫ് ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള നിർവഹിച്ചു. തുടർന്നു മലയാളം റിസർച്ച് പബ്ലിക്കേഷൻ പ്രോജക്റ്റ്‌ കിക്ക്ഓഫും ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് അഡ്മിൻ ജോൺ മത്തായി ആണ് കിക്കോഫ് നിർവഹിച്ചത്.

അമേരിക്ക റീജൺ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്ത് ഗ്ലോബൽ വൈസ് ചെയർ ഡോ. കെ ജി വിജയലക്ഷ്മി, ഗ്ലോബൽ ട്രഷറർ തോമസ് അറംബനുടി, അമേരിക്ക റീജൺ വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ജോർജ് ജോൺ എന്നിവർ ആശംസകൾ നേർന്നു . അമേരിക്ക റീജൺ ട്രഷറർ സിസിൽ ചെറിയാൻ നന്ദി പറഞ്ഞു.

https://www.facebook.com/eventsnowusa/videos/728516707746700/

റിപ്പോർട്ട്: അജു വാരിക്കാട്