മാര്‍ കൂറിലോസ് സപ്തതിയുടെ നിറവിൽ, പ്രാർഥനാശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ യുവജനസഖ്യം മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മ
Wednesday, November 25, 2020 5:26 PM IST
ഡിട്രോയ്റ്റ്: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ കൊട്ടാരക്കര - പുനലൂർ മെത്രാപോലീത്ത ഡോ. യൂയാക്കീം മാര്‍ കൂറിലോസ് തിരുമേനി എഴുപതിന്‍റെ നിറവിലേക്ക് പ്രവേശിക്കുന്നു. ദൈവാശ്രയവും വാത്സല്യവും കരുതലും മുഖമുദ്രയാക്കിയ ഡോ. കുറിലോസ് തിരുമേനി സപ്തതിയിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രാര്‍ഥനാശംസകൾ നേരുകയാണ് നോര്‍ത്ത് അമേരിക്കന്‍ യുവജനസഖ്യം മുന്‍കാല സഖ്യം പ്രവര്‍ത്തകരുടെ കൂട്ടായ്മ.

ദൈവ കൃപയില്‍ ശക്തപ്പെട്ട തന്‍റെ ദൗത്യ മേഖലയെ മുമ്പോട്ടു നയിക്കുന്ന തിരുമേനി, തികഞ്ഞ മനുഷ്യസ്‌നേഹിയും അശരണരുടെയും ആലംബഹീനരുടെയും അഭയ കേന്ദ്രമാണ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചുമതല വഹിച്ചിരുന്നപ്പോള്‍ തിരുമേനിയില്‍ നിന്നും സ്‌നേഹ പരിലാളനകള്‍ ഏറ്റു വാങ്ങിയ മുന്‍കാല യുവജനസഖ്യം പ്രവര്‍ത്തകര്‍ ഇന്നും ആ സ്‌നേഹബന്ധത്തിന്‍റെ മാധുര്യം കാത്തുസൂക്ഷിക്കുന്നു. തിരുമേനിയുടെ നേതൃത്വത്തിലൂടെ അന്നാളുകളില്‍ കൈവരിച്ച ഊര്‍ജ്ജം ഇന്നും തങ്ങളുടെ പ്രവര്‍ത്തന പന്ഥാവില്‍ മുതല്‍കൂട്ടായി തീരുന്നു എന്ന ചാരിതാര്‍ഥ്യത്തിലാണ് ഈ കൂട്ടായ്മയിലുള്ളവര്‍.

എഴുപതാം വയസിലും ദൈവരാജ്യ പ്രവർത്തനങ്ങളിൽ മുന്നേറുന്ന തിരുമേനിക്ക് സർവേശ്വരൻ എല്ലാ നന്മകളും അനുഗ്രഹങ്ങളും ചൊരിയട്ടെ എന്നു ജന്മദിനത്തിൽ കൂട്ടായ്മ ആശംസകൾ നേർന്നു.

റിപ്പോർട്ട്: ബെന്നി പരിമണം