ടിന ഫ്ലർ‌നോയി കമല ഹാരിസിന്‍റെ ചീഫ് ഓഫ് സ്റ്റാഫ്
Friday, December 4, 2020 6:06 PM IST
സാക്രമെന്‍റോ (കലിഫോര്‍ണിയ): മുതിർന്ന ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റും മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റെന്‍റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന ടിന ഫ്ലോർനോയിയെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയുക്ത യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് തിരഞ്ഞെടുത്തു.

ജമൈക്കൻ-ഇന്ത്യൻ പൈതൃകത്വമുള്ള കമല, അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാണ്. ചീഫ് ഓഫ് സ്റ്റാഫ് ആയി ഫ്ലോർനോയിയെ നിയമിക്കുന്നതോടെ കറുത്ത വംശജരായ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഉപദേശക സംഘമായിരിക്കും കമല ഹാരിസിന്‍റേത്. ഹാരിസിന്‍റെ കമ്യൂണിക്കേഷൻ ഡയറക്ടറായ ആഷ്‌ലി എറ്റിയെന്നെ, മുഖ്യ വക്താവായ സിമോൺ സാണ്ടേഴ്‌സ് എന്നിവരോടൊപ്പം ഇനി ടിന ഫ്ലര്‍നോയിയും ചേരും.

ബിൽ ക്ലിന്‍റണിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയി 2013 മുതൽ ടിന സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അവര്‍, മുൻ വൈസ് പ്രസിഡന്‍റ് അൽ ഗോർ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്‍റൺ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സിലും ടിന പ്രവര്‍ത്തിച്ചിട്ടുണ്ട്.

"ടിന ഫ്ലര്‍നോയ് അവിശ്വസനീയമാംവിധം മിടുക്കിയും ശക്തയും കഴിവുള്ളവളുമാണ്, ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളുണ്ട്. ഏകദേശം 8 വർഷം എന്‍റെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ പ്രവര്‍ത്തിച്ച അവര്‍ ഒരു അദ്ഭുതം തന്നെയായിരുന്നു. ചെയ്യുന്ന ജോലിയില്‍ ഏറെ കൂറും ശ്രദ്ധയും പുലര്‍ത്തുന്നവര്‍. അവരെ നഷ്ടപ്പെട്ടതില്‍ എനിക്ക് ദുഃഖമുണ്ടായിരുന്നു. എന്നാൽ, നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അവരെ തിരഞ്ഞെടുത്തതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു, - മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ ട്വീറ്റ് ചെയ്തു.

ഹാരിസിന്റെ ആഭ്യന്തര നയ ഉപദേഷ്ടാവായി രോഹിണി കൊസോഗ്ലുവിനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നാൻസി മക്‌എൽ‌ഡൗണിയേയും പ്രഖ്യാപിച്ചു. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹാരിസിന്‍റെ പ്രധാന ഉപദേശകയായി കൊസോഗ്ലു പ്രവർത്തിച്ചിട്ടുണ്ട്. ബൾഗേറിയയിലെ മുൻ യുഎസ് അംബാസഡറാണ് മക്‌എൽ‌ഡൗണി. വിവിധ നയതന്ത്ര, വിദേശകാര്യ മേഖലകളില്‍ 30 വർഷത്തെ സേവന പരിചയമുണ്ട്.

"എന്‍റെ ടീമിലെ മറ്റുള്ളവരുമായി ചേർന്ന്, ഇന്ന് നിയമനം നേടിയവര്‍ കോവിഡ്-19 വൈറസിനെ നിയന്ത്രണത്തിലാക്കാനും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തരവാദിത്തത്തോടെ വീണ്ടും തുറക്കാനും അത് എല്ലാ അമേരിക്കക്കാരേയും ഗുണഭോക്താക്കളാക്കുമെന്ന് ഉറപ്പുവരുത്താനും സഹായിക്കും. കൂടാതെ, ലോകമെമ്പാടുമുള്ള നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വം പുനഃസ്ഥാപിക്കാനും മുന്നേറാനും അവര്‍ പ്രവർത്തിക്കും,' - കമല ഹാരിസ് പറഞ്ഞു.

നയവും രാഷ്‌ട്രീയ പ്രവര്‍ത്തന പരിചയവുമുള്ള വ്യക്തിത്വത്തിന്‍റെ ഉടമ എന്നാണ് മുൻ സഹപ്രവർത്തകർ ഫ്ലര്‍നോയിയെ വിശേഷിപ്പിച്ചത്. 2007 മുതൽ 2015 വരെ ബിൽ ക്ലിന്‍റണിന്‍റെ വക്താവായിരുന്ന മാറ്റ് മക്കെന്ന, ഹാരിസിന്‍റെ വിജയം ചരിത്രപരമാണെന്നും, ഫ്ലര്‍നോയ് തന്‍റെ കഴിവ് സമര്‍ത്ഥമായി വിനിയോഗിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതു മുതൽ ഹാരിസ് പതിവായി നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. സമ്പദ്‌വ്യവസ്ഥ, കൊറോണ വൈറസ്, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങളിലോ സംരംഭങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് ട്രാൻസിഷൻ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടിന ഇതുവരെ ഹാരിസിനോപ്പം പ്രവര്‍ത്തിച്ചിട്ടില്ല. മറ്റൊരു മുൻ ക്ലിന്‍റൺ സഹായിയും ഫ്ലര്‍നോയിയുടെ ഉറ്റസുഹൃത്തുമായ മിനിയോൺ മൂർ, ട്രാന്‍സിഷനില്‍ ഹാരിസിന്‍റെ സ്റ്റാഫിംഗിന് സഹായിക്കുന്നു. ഹാരിസിന്‍റെ മുൻ സെനറ്റ് സ്റ്റാഫുകളോ ദീർഘകാല രാഷ്ട്രീയ ഉപദേഷ്ടാക്കളോ വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസിൽ ചേരുമോ എന്നത് വ്യക്തമല്ല.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ