ഡാ​ള​സി​ൽ ബു​ധ​നാ​ഴ്ച 3500 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 30 മ​ര​ണം
Thursday, January 21, 2021 11:00 PM IST
ഡാ​ള​സ്: ഡാ​ള​സി​ൽ വീ​ണ്ടും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് വർധന. ബു​ധ​നാ​ഴ്ച 3500 പേ​ർ​ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഡാ​ള​സി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ലും വർധന രേഖപ്പെടുത്തി. 30 പേ​രാ​ണ് ബുധനാഴ്ച മ​ര​ണ​പ്പെ​ട്ട​ത്.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 212188 ആ​യി. നോ​ർ​ത്ത് ടെ​ക്സ​സി​ലെ മ​റ്റു പ്ര​ധാ​ന കൗ​ണ്ടി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം ട​റ​ന്‍റ് കൗ​ണ്ടി (199521), കോ​ളി​ൻ കൗ​ണ്ടി (56499), ഡ​ന്‍റ​ൻ കൗ​ണ്ടി (48196).

ഇ​തോ​ടെ നാ​ലു പ്ര​ധാ​ന കൗ​ണ്ടി​ക​ളി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4599 ആ​യി ഉ​യ​ർ​ന്നു. ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് 2.1 മി​ല്യ​ൻ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 1.7 മി​ല്യ​ൻ പേ​ർ കോ​വി​ഡി​നെ അ​തി​ജീ​വി​ച്ചു. 33,000 മ​ര​ണ​മാ​ണ് ടെ​ക്സ​സി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ൽ ബു​ധ​നാ​ഴ്ച 14850 ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കി. ഈ​യാ​ഴ്ച 3000 ഡോ​സു​ക​ൾ കൂ​ടെ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​റ്റി​നോ, ബ്ലാ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ