ആവശ്യമായ അളവിൽ കോവിഡ് വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്
Friday, January 22, 2021 6:33 PM IST
ഹൂസ്റ്റൺ: ഫോർട്ട്ബെൻഡ് കൗണ്ടിയിൽ കോവിഡ് വാക്സീന് റജിസ്റ്റര്‍ ചെയ്തവർക്കെല്ലാം ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി. ജോർജ്.

5850 ഡോസ് ഫൈസർ വാക്സീനാണ് സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്‍റിൽ നിന്നും ലഭിച്ചത്. ഇത്രയധികം ഡോസ് വാക്സീൻ ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും അതു മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച റജിസ്റ്റർ ചെയ്തവർക്ക് അടുത്ത സപ്ലൈ വരുന്ന മുറയ്ക്ക് നൽകും. ഇതുവരെ റജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ ലഭിക്കുന്നതിനുള്ള അറിയിപ്പ് കൗണ്ടിയിൽ നിന്നും അയച്ചു തുടങ്ങിയതായും കെ.പി. ജോർജ് പറഞ്ഞു.

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന് അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ജഡ്ജി കെ.പി. ജോർജ് പറഞ്ഞു. പ്രീ റജിസ്ട്രേഷനെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപര്യമുള്ളവർ കൗണ്ടി വാക്സീനേഷൻ ഹോട്ട് ലൈൻ 832 471 1373 നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ