ഇംപീച്ച്മെന്‍റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
Monday, January 25, 2021 11:05 PM IST
വാഷിംഗ്ടണ്‍: യുഎസ് സെനറ്റിൽ ഫെബ്രുവരി 8ന് ആരംഭിക്കാനിരിക്കുന്ന ഇംപീച്ച്മെന്‍റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ പരസ്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലർത്തുന്ന ഡമോക്രാറ്റിക് സെനറ്റർമാരുമുണ്ട്. ജനുവരി 6ന് കാപ്പിറ്റോളിൽ നടന്ന സംഭവങ്ങളെ തുടർന്ന് ട്രംപിനെ പരസ്യമായി വിമർശിച്ച സെനറ്റർ ജോണ്‍ കോന്നൻ (ടെക്സസ്), ലിൻഡ്സി ഗ്രാം (സൗത്ത് കാരളലൈന) തുടങ്ങിയ പല സെനറ്റർമാരും പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പുറത്തുപോയ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ട്രംപിന്‍റെ ട്രയൽ നടക്കുകയാണെങ്കിൽ, 2022 ൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ എത്തിയാൽ മുൻ ഡമോക്രാറ്റിക് പ്രസിഡന്‍റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെ എന്നാണ് ടെക്സസിൽ നിന്നുള്ള ജോണ്‍ കോന്നൻ അഭിപ്രായപ്പെട്ടത്. ടെഡ് ക്രൂസ് (ടെക്സസ്) നേരത്തെ തന്നെ ട്രയലിനെതിരായിരുന്നു.

റിപ്പബ്ലിക്കൻ സെനറ്റർമാരിൽ 17 പേരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ ട്രംപിന്‍റെ കുറ്റവിചാരണ വിജയിക്കുകയുള്ളൂ. എന്നാലത് അസാധ്യമായ ഒന്നാണെന്ന് സെനറ്റർ മൈക്ക് റൗണ്ട്സ് പറയുന്നു. കഴിഞ്ഞ ഇംപീച്ച്മെന്‍റിനെ സെനറ്റിൽ പിന്തുണ നൽകിയത് മിറ്റ്റോംനി മാത്രമായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനെതിരെ ഉയർന്ന എതിർപ്പുകൾ ദിവസങ്ങൾ പിന്നിട്ടതോടെ മഞ്ഞുരുകുന്നതു പോലെയാണ് അനുഭവപ്പെടുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയം സെനറ്റിൽ അവതരിപ്പിക്കുന്നതു തന്നെ അനുചിതമാണെന്നും, ഇതു അമേരിക്കൻ ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഫ്ളോറിഡയിൽ നിന്നുള്ള സെനറ്റർ മർക്കൊ റൂന്പിയൊ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ