ഇഎംസിസി വിവാദ കരാർ: ഫോമാ ഔദ്യോഗിക വിശദീകരണ കുറിപ്പിറക്കി
Friday, February 26, 2021 5:02 PM IST
ഡാളസ്: ഇഎംസിസിയും കേരള സർക്കാരും തമ്മിലുള്ള ആഴക്കടൽ മീൻപിടിത്ത കരാർ സംബന്ധിച്ച വിവാദത്തിൽ ഫോമായെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുവാനും ഫോമായുടെ സൽപ്പേര് കളങ്കപ്പെടുത്താനും ചിലർ നടത്തുന്ന കുൽസിത ശ്രമങ്ങളിൽ ഫോമാ ശക്തമായി പ്രതിഷേധിച്ചു.

ജോസ് എബ്രഹാം ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിൽ വ്യകതിപരമായി ഏർപ്പെട്ടു രൂപീകരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ള യാതൊരു സംരംഭങ്ങളിലും ഫോമാ ഭാഗഭാക്കാവുകയോ, ആരെങ്കിലുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫോമായ്‌ക്ക് അത്തരം ഏതെങ്കിലും പ്രസ്ഥാനങ്ങളുമായോ ഇഎംസിസിയുമായോ യാതൊരു ബന്ധവും നാളിതു വരെ ഇല്ല.

ജോസ് എബ്രഹാം വ്യകതിപരമായി ഏർപ്പെടുകയോ ചെയ്യുകയോ ചെയ്തിട്ടുള്ള പ്രവൃത്തികൾക്ക് ഫോമാ ഉത്തരവാദിയുമല്ല. എന്നാൽ ജോസ് എബ്രഹാം ജനറൽ സെക്രട്ടറിയായിരിക്കെ ഔദോഗിക സ്ഥാനം ദുരുപയോഗം ചെയ്ത്, ഇഎംസിസിയുടെ സ്ട്രാറ്റജിക് പാർട്ണർ എന്ന പദവിയിൽ തന്നെ അവരോധിച്ചു എന്ന് ഡോ. എം.വി.പിള്ള ഫോമായ്‌ക്ക് പരാതി നല്കിയിരുന്നു.
അതിനെപ്പറ്റി ഫോമായുടെ ജുഡീഷൽ കൗൺസിൽ ചെയർമാൻ മാത്യു ചെരുവിൽ, അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി. വർഗീസ്‌ , കംപ്ളയൻസ്‌ കൗൺസിൽ ചെയർമാൻ രാജു വർഗീസ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫോമാ എക്സിക്യൂട്ടീവ്‌ കമ്മറ്റി അടിയന്തര യോഗം ചേർന്ന് ജോസ് എബ്രാഹാമിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയും എന്നാൽ തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തുടരന്വേഷണത്തിന് തീരുമാനിക്കുകയും അന്വേക്ഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ ഫോമായുടെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യാൻ ഫോമാ തീരുമാനിക്കുകയുണ്ടായി.

ഫോമാ അമേരിക്കൻ ഐക്യനാടുകളിലെ 78 ഓളം മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര അസോസിയേഷനാണ്. കേരളത്തിലെയും അമേരിക്കയിലെയും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഫോമാ നാളിതു വരെ നടത്തിയിട്ടുള്ളതും നടത്തിപോരുന്നതുമായ നിരവധി കാരുണ്യ പ്രവൃത്തികളിലൂടെ നിലനിർത്തിപോരുന്ന യശസ്സിനെയും പ്രവർത്തന മികവിനേയും കളങ്കപ്പെടുത്താനുള്ള ഏതു ശ്രമങ്ങളെയും ശക്തിയുക്തം എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നു.

അത്തരം ശ്രമങ്ങൾ കൊണ്ട് ഫോമയുടെ വിലകുറച്ചു കാണിക്കാമെന്നു വ്യാമോഹിക്കരുത്. അമേരിക്കൻ മലയാളി സംഘടനകളെ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്കോ , മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനോ ആര് ശ്രമിച്ചാലും അവർക്കെതിരെ മുഖം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് നടപടിയെടുക്കുമെന്ന് ഫോമാ നേതൃത്വം അറിയിച്ചു . ഫോമാ എന്ന അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയെ തളർത്താനും താറടിച്ചു കാണിക്കാനുമുള്ള കുബുദ്ധികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഫോമാക്ക് ജനങ്ങൾ നാളിതു വരെ നൽകിയ പ്രോത്സാഹനവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.