കിരണ്‍ അഹൂജയെ ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്‌മെന്‍റ് അധ്യക്ഷയായി നാമനിര്‍ദേശം ചെയ്തു
Friday, February 26, 2021 7:42 PM IST
വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി കിരണ്‍ അഹൂജയെ ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്‌മെന്‍റ് അധ്യക്ഷയായി പ്രസിഡന്‍റ് ജൊ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഫെബ്രുവരി 23 നാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്. ഇതോടെ ബൈഡന്‍ ഭരണത്തില്‍ സീനിയര്‍ തസ്തികകളില്‍ ഇരുപതോളം ഇന്ത്യന്‍ അമേരിക്കക്കാര്‍ സ്ഥാനം പിടിച്ചു.

ഗവണ്‍മെന്‍റ് ജീവനക്കാരുടെ നിയമനം നടത്തേണ്ടതും അവരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ എന്നിവ ക്രമീകരിക്കേണ്ട ഉത്തരവാദിത്വമാണ് മാനേജ്‌മെന്‍റ് ഓഫീസില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ഒബാമഭരണത്തില്‍ ഒപിഎം ചീഫ് ഓഫ് സ്റ്റാഫ്, ബൈഡന്‍ ട്രാന്‍സിഷ്യന്‍ ആൻഡ് ടീം മെമ്പര്‍ തുടങ്ങിയ തലങ്ങളില്‍ തിളങ്ങിയ അഹൂജ ഏഷ്യന്‍ അമേരിക്കക്കാരുടെ അവാകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ലോയര്‍ കൂടിയാണ്.

ജോര്‍ജിയ സവാനയില്‍ വളര്‍ന്നു വന്ന അഹൂജയെ ഇന്ത്യയില്‍ നിന്നുള്ള ഒരു യുവ പോരാളിയെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെപോലെ അഹൂജയും ചരിത്രപ്രസിദ്ധമായ ബ്ലാക്ക് ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നാണ് ബിരുദം നേടിയത്. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയായില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. നാഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ വിമന്‍സ് ഫോറം സ്ഥാപക കൂടിയാണ് അഹൂജ.

ബൈഡന്‍ നിയമിച്ച നീരാ ടണ്ടനൊഴികെ ഒരൊറ്റ ഇന്ത്യന്‍ അമേരിക്കനും ഇതുവരെ സെനറ്റിന്‍റെ മുമ്പില്‍ എത്തിയിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ