ഡോ. സുജമോള്‍ സ്കറിയ പരിസ്ഥിതി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
Friday, April 16, 2021 11:58 AM IST
മയാമി: അമേരിക്കയിലെ സൗത്ത് ഫ്ളോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോള്‍ സ്കറിയ തെരഞ്ഞെടുക്കപ്പെട്ടു. സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസും കമ്മീഷണര്‍ ഐറിസ് സിപ്പിളും സംയുക്തമായി ഡോ.സുജമോള്‍ സ്കറിയയുടെ പേര് നിര്‍ദേശിക്കുകയും സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. സിറ്റി ഹാളില്‍വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള സമാജം പ്രസിഡന്‍റ് ജോജി ജോണ്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സാജന്‍ കുര്യന്‍, ജോര്‍ജ് മലയില്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പതിനൊന്നു വ്യക്തികള്‍ അടങ്ങിയ സമിതിയുടെ നിര്‍ദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ സിറ്റി കൗണ്‍സില്‍ തീരുമാനം എടുക്കുന്നത്.

മുംബൈ ഹിന്ദുജ നഴ്‌സിങ് കോളേജില്‍ നിന്ന് ഡിപ്ലോമ നേടിയ ഡോ.സുജമോള്‍ സ്കറിയ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനധര ബിരുദവും ഡോക്ടറല്‍ ഡിഗ്രിയും നേടി.കോട്ടയം ജില്ലയിലെ തോട്ടക്കാട് കയ്യാലപറമ്പില്‍ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളായ ഡോ.സുജമോള്‍ സ്കറിയ കഴിഞ്ഞ പതിനാറു വര്‍ഷമായി ഫ്‌ളോറിഡയിലെ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയല്‍ റീജിയണല്‍ ഹോസ്പിറ്റലിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ സേവനം ചെയ്യുന്നു . പുളീംകുന്നു കൊടുപാടത്തില്‍ ടോം ജോര്‍ജ് ആണ് ഭര്‍ത്താവ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം