ഫോമാ കൾച്ചറൽ കമ്മിറ്റിക്കു നവ നേതൃത്വം
Friday, June 18, 2021 4:59 PM IST
ഫോമാ സാംസ്കാരിക സമിതിക്കു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പൗലോസ് കുയിലാടൻ ( ചെയർമാൻ) , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ജിൽസി ഡിൻസ് ( ജോയിന്‍റ് സെക്രട്ടറി ), ഹരികുമാർ രാജൻ ( സമിതിയംഗം), നിതിൻ എഡ്മൺടൻ (സമിതിയംഗം) എന്നിവരെയും ഫോമാ ദേശീയ സമിതി അംഗം സണ്ണി കല്ലൂപ്പാറയെ കോഓർഡിനേറ്ററായും തെരഞ്ഞെടുത്തു.

ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട പൗലോസ് കുയിലാടൻ അറിയപ്പെടുന്ന നാടകനടനും ചലച്ചിത്ര-ദ്ര്യശ്യമാധ്യമങ്ങളിലെ അഭിനേതാവുമാണ്. നിരവധി ടെലി ഫിലിമുകളും നാടകങ്ങളും സ്കിറ്റുകളും സംവിധാനം ചെയ്തു മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം 2021- ൽ കേരളത്തിൽ നടത്തിയ സത്യ ജിത്ത് റേ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നടനുള്ള സ്‌പെഷൽ ജൂറി അവാർഡ് നേടി.ഫോമായുടെ 2018 -20 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ഒർലാൻഡോയിലെ ഒരുമ അസോസിയേഷന്‍റെ ട്രഷറര്‍ , വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .

സെക്രട്ടറിയായി ചുമതലയേറ്റ അച്ഛൻകുഞ്ഞ് മാത്യു, മുൻ ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് അംഗം, ഫോമാ സെൻട്രൽ റീജിയൻ ട്രഷറർ, കേരള ക്ലബ് ഓഫ് ഷിക്കാഗോ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൌണ്ട് പ്രോസ്പെക്ട് സിറ്റിയിൽ നിന്ന് അമേരിക്കൻ സ്വാതന്ത്ര്യദിന ജൂലൈ 4 ലെ പരേഡിനും ആഘോഷത്തിനും ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നു.

വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു തുരുത്തുമാലിൽ നിലവിൽ ഗ്രേറ്റർ അറ്റ്ലാന്‍റ മലയാളി അസോസിയേഷന്‍റെ (ഗാമ) ബോർഡ് ഓഫ് ട്രസ്റ്റി അംഗവും 2011, 2017 കാലഘട്ടത്തിൽ പ്രസിഡന്‍റുമായിരുന്നു.

ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിൽസി ഡിൻസ് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. കൈരളി ടിവി യുഎസ്എയുടെ അരിസോണ പ്രോഗാം ഡയറക്ടറും അവതാരകയുമാണ്.

ഹരികുമാർ ന്യൂജേഴ്‌സി കേരള സാമാജത്തിന്റെ മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് കൾച്ചറൽ വിഭാഗം ചെയർമാനുമായിരുന്നു.

നിതിൻ എഡ്മൺടൻ കാനഡയിൽ നിന്നുള്ള ഫോമയുടെ പ്രവർത്തകനും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പ്രവകർത്തകനുമാണ്.

ഫോമായുടെ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിക്കുകയും, കലാ-സാംസ്കാരിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയുമാണ് സാംസ്കാരിക സമിതിയുടെ ചുമതല.

ഫോമായുടെ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ സാംസ്കാരിക പ്രവർത്തകരിലേക്ക് എത്തിക്കാനും കലാ സാംസ്കാരിക പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവരെ കണ്ടെത്തി സഹായങ്ങൾ എത്തിക്കാനും ഫോമയുടെ യശസ്സുയർത്തിപ്പിടിക്കാനും പുതിയ സാംസ്കാരിക സമിതിക്ക് കഴിയട്ടെ എന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.