ഗര്‍ഭഛിദ്ര നിരോധനത്തിനുള്ള നീക്കം സ്വവര്‍ഗ വിവാഹത്തേയും ബാധിച്ചേക്കാമെന്ന് കമലാ ഹാരിസ്
Sunday, May 22, 2022 3:45 PM IST
പി.പി ചെറിയാന്‍
വാഷിങ്ടന്‍: ഗര്‍ഭഛിദ്രത്തിനു സംരക്ഷണം നല്‍കുന്ന നിയമം നീക്കം ചെയ്യുന്നതിനു സുപ്രീം കോടതി നടപടികള്‍ സ്വീകരിക്കാനിക്കെ, അടുത്ത നീക്കം സ്വവര്‍ഗ വിവാഹത്തെ നിയന്ത്രിക്കുന്നതിനായിരിക്കുമോ എന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അഭിപ്രായപ്പെട്ടു.

മേയ് 19ന് വൈറ്റ് ഹൗസ് സൗത്ത് ഓഡിറ്റോറിയത്തില്‍ സ്ത്രീകളുടെ ഉല്‍പാദനാവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെര്‍ച്വര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കമല ഹാരിസ്. സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീകളുടെ അവകാശത്തില്‍ മറ്റൊരാള്‍ക്കു തീരുമാനം എടുക്കുന്നതിന് അനുവാദമില്ലെന്ന് അരനൂറ്റാണ്ടായി ഇവിടെ നിലനല്‍ക്കുന്ന നിയമമാണ്. ഇപ്പോള്‍ സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്.

ഇതുപ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയെ അരനൂറ്റാണ്ടു പുറകിലേക്കു നയിക്കുമെന്നും ഇതു സ്ത്രീകള്‍ക്കു മാത്രമല്ല എല്ലാ അമേരിക്കക്കാര്‍ക്കും ഭീഷണിയാകുെമന്നും കമല പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തെ കുറിച്ചു സ്‌നേഹിക്കുന്ന ഒരാളെ അതു പുരുഷനായാലും സ്ത്രീയായാലും വിവാഹം കഴിക്കുന്നതിനുള്ള അവകാശത്തിനു കൂടി ഇതു ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍, ജീവിക്കുന്നതിനും ഗവര്‍ണ്‍മെന്‍റിന്‍റെ ഇടപെടല്‍ കൂടാതെ സ്‌നേഹിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കമല അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഒരായുധമായിരിക്കും ഗര്‍ഭഛിദ്ര നിരോധന നിയമമെന്നും കമല ഹാരിസ് പറഞ്ഞു.