എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍
Tuesday, May 24, 2022 2:41 PM IST
പി.പി ചെറിയാന്‍
ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), കാമുകന്‍ റൂബെന്‍ മെറേനോയെയും (29) അറസ്റ്റ് ചെയ്തു .

2020 ഡിസംബര്‍ 21 നാണ് എട്ടു വയസുകാരി ആശുപത്രിയില്‍ മരിച്ചത്. നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഭാരം 29 പൗണ്ട് മാത്രമായിരുന്നു നീണ്ടു നിന്ന അന്വേഷണത്തിന് ശേഷം 2022 മെയ് 20 നാണ് ഇരുവരെയും പോലീസ് കൊലപാതക കുറ്റം ചുമത്തിയത്.

നിരവധി വര്‍ഷങ്ങളോളമാണ് മരിച്ച കുട്ടിയും ഇരട്ട സഹോദരിയും പീഡിപ്പിക്കപ്പെട്ടത് വാരിയെല്ലുകളും കാലുകളും കൈകളും ഒടിഞ്ഞ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഉടന്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു . ഇരട്ട സഹോദരിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. അത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കാണ് രണ്ടുപേരും വിധേയരായത്.

235 പൗണ്ട് തൂക്കമുള്ള മാതാവ് കുട്ടിയെ ബെല്‍റ്റ് കൊണ്ടും ഷൂസു കൊണ്ടും അടിക്കുക സാധാരണമായിരുന്നു . സ്‌കൂളില്‍ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നത് മാതാവ് വിലക്കിയിരുന്നു. ആവശ്യമായ ഭക്ഷണം കുട്ടികള്‍ക്ക് വീട്ടില്‍ നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരെ ഇവര്‍ അറിയിച്ചത് .

മൊറേനക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . മാതാവിന് ജാമ്യം നല്‍കിയിട്ടില്ല . ഈയാഴ്ച അവസാനം ഇവരെ കോടതിയില്‍ ഹാജരാക്കും.