ഡാളസ് - ഹൂസ്റ്റൺ ബുള്ളറ്റ് ട്രെയിൻ: ടെക്സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
Saturday, June 25, 2022 10:24 AM IST
പി.പി. ചെറിയാൻ
ഡാളസ്: ഡാളസിൽനിന്നും ഹൂസ്റ്റണിലേക്കുള്ള ദൂരം (240 മൈൽ) 90 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസമായിരിക്കുന്ന ഭൂമി പിടിച്ചെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതിയുടെ അനുകൂല വിധി.

ടെക്സസ് സെൻട്രൽ റെയിൽ റോഡ് ഇൻഫ്രാസ്ട്രെക്ചർ ഇൻ കോർപ്പറേഷന് ഉടമകളിൽനിന്നും നിർബന്ധപൂർവം ഭൂമി വാങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. രണ്ടു ജഡ്ജിമാർ വിയോജിപ്പു പ്രകടിപ്പിച്ചപ്പോൾ അഞ്ചു പേർ അനുകൂലിച്ചു.

ടെക്സസിൽനിന്നുള്ള ജെയിംസ് ഫ്രെഡറിക് എന്ന ആൾ ഭൂമി പിടിച്ചെടുക്കുന്നതിനു കന്പനിക്കുള്ള അധികാരം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാ‌ണ് കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം.

ടെക്സസ് സുപ്രീം കോടതി വിധിയെ ടെക്സസ് സെൻട്രൽ സിഇഒ സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള തടസം ഇതോടെ ഇല്ലാതായതിനാൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

റോഡ് മാർഗം ഡാളസിൽനിന്നും ഹൂസ്റ്റണിലേക്ക് ഏകദേശം 240 മൈൽ സഞ്ചരിക്കണമെങ്കിൽ നാലു മണിക്കൂറിലധികം വേണ്ടിവരും. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ സമയം 90 മിനിറ്റായി കുറയുമെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. 16 ബില്യൺ ഡോളറാണ് ഈ പദ്ധതിക്കുവേണ്ടി ടെക്സസ് സെൻട്രൽ റെയിൽവേ മാറ്റിവച്ചിരിക്കുന്നത്.