മെക്കിനിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
Tuesday, January 24, 2023 5:35 PM IST
പി.പി ചെറിയാൻ
മെക്കിനി (ഡാളസ്) ∙ ഡാളസിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒൻപതും വയസ്സ് പ്രായമുള്ള സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു.

പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയിൽ വ്യാഴാഴ്ച എത്തിയത്. സെൻട്രൽ എക്സ്പ്രസ്‌വേക്കും വെർജിനിയ പാർക്ക് ‌വേക്കും സമീപമുള്ള സിസി പിസായുടെ സമീപത്തു നിന്നും പിതാവിന്റെ അമ്മയാണ് രണ്ടുകുട്ടികളെയും കാറിൽ കയറ്റി കൊണ്ടുപോയത്. വൈകിട്ട് എട്ടോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് ജസ്റ്റിൻ ബേൺസിനെ പൊലീസ് അറസ്റ്റു ചെയ്ത് കോളിൻ കൗണ്ടി ജയിലിലടച്ചു. ജെന്നിഫർ (6), ജെസ്സിക്ക (9) എന്നിവരെ കണ്ടെത്താൻ പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശിയാണ് കുട്ടികളെ കൊണ്ടുപോയത്.

കുട്ടികളുടെ ജീവനു ഭീഷണിയുണ്ടെന്നും ഇവരെ കണ്ടെത്താൻ സഹായിക്കണമെന്നും വിവരം ലഭിക്കുന്നവർ മെക്കിനി പൊലീസിനെ 972 547 2758 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.