ഞ​ങ്ങ​ൾ മ​രി​ക്കു​ന്നു.... കൊ​ച്ചു​മ​ക​ളേ​യും തോ​ളി​ലേ​റ്റി അ​മ്മ മ​കളോട് അവസാനം പറഞ്ഞത്
Saturday, December 30, 2017 1:53 PM IST
ബ്രോ​ൻ​സ് (ന്യൂ​യോ​ർ​ക്ക്): ന്യൂ​യോ​ർ​ക്ക് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്ന​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ തീ​യി​ൽ അ​ക​പ്പെ​ട്ട മാ​താ​വ് കൊ​ച്ചു​മ​ക​ളേ​യും മാ​റ​ത്ത​ടു​ക്കി മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു ''ഞ​ങ്ങ​ൾ മ​രി​ക്കു​ക​യാ​ണ്''. അ​മ്മ എ​ന്താ​ണ് പ​റ​യു​ന്ന​ത്. അ​വി​ടെ​നി​ന്നും എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക. മ​ക​ളു​ടെ ഫോ​ണ്‍ സ​ന്ദേ​ശം കേ​ൾ​ക്കാ​ൻ മാ​താ​വി​നു ക​ഴി​യു​ന്ന​തി​നു മു​ൻ​പു ത​ന്നെ പു​ക​യും അ​ഗ്നി​യും മു​റി​യി​ൽ നി​റ​ഞ്ഞ​താ​യി​രി​ക്കും മ​ര​ണ​കാ​ര​ണ​മെ​ന്നു പി​ന്നീ​ടു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

മ​റി​യ ബേ​റ്റി​സ്, എ​ട്ടു മാ​സ​മു​ള്ള കൊ​ച്ചു​മ​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് ആ​ളി​പ്പ​ട​ർ​ന്ന തീ​യി​ൽ മ​ര​ണ​മ​ഞ്ഞ​ത്. ഫോ​ണ്‍ ചെ​യ്യു​ന്പോ​ൾ മാ​താ​വ് ആ​കെ പാ​നി​ക് ആ​യി​രു​ന്നു​വെ​ന്ന് മ​ക​ൾ ക്രി​സ്റ്റീ​ൻ (26) പ​റ​ഞ്ഞു. ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം ക​ത്തി​ച്ചാ​ന്പ​ലാ​യി എ​ന്നാ​ണ് പി​ന്നീ​ട് മ​ക​ൾ പ​റ​ഞ്ഞ​ത്. അ​ഞ്ചു പെ​ണ്‍​മ​ക്ക​ളും അ​ഞ്ചു ആ​ണ്‍​മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​മാ​യാ​ണ് പ്യൂ​ർ​ട്ടോ​റി​ക്കോ​യി​ൽ നി​ന്ന് മ​റി​യ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ന്യൂ​യോ​ർ​ക്ക് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ ​പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഒ​രു കു​ട്ടി സ്റ്റൗ​വു​മാ​യി ക​ളി​ച്ച​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ