വിജ്ഞാനം വഴിയോരത്ത്
കൊ​ൽ​ക്ക​ത്ത​യും ഡ​ൽ​ഹി​യും ക​ഴി​ഞ്ഞാ​ൽ, മും​ബൈ​യി​ലാ​യി​രി​ക്കും രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ഴി​യോ​ര സെക്കന്‌ഡ്ഹാൻഡ് പു​സ്ത​ക ശേ​ഖ​ര​ങ്ങ​ൾ. ബം​ഗ​ളൂ​രു​വും ചെ​ന്നൈ​യും ഹൈ​ദ​രാ​ബാ​ദും തി​രു​വ​ന​ന്ത​പു​ര​വും തൊ​ട്ടു പി​ന്നി​ലു​ണ്ട്. ഇ​വ​യി​ൽ പ​ല​തും കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും, ന​മ്മു​ടെ മ​ന​സ്സു​ക​ളി​ൽ​നി​ന്ന് വാ​യ​നാ​ശീ​ലം കു​ടി​യി​റ​ങ്ങു​ന്ന​തു​വ​രെ ഈ ​വ​ഴി​യോ​ര മാ​മാ​ങ്ക​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​നി​ട​യി​ല്ല.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റു​ന്തോ​റും വ​ഴി​യോ​ര പു​സ്ത​ക മേ​ള​ക​ൾ കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​കു​ന്നു. ഡി​ജി​റ്റ​ൽ, അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ വാ​യ​ന, അ​ച്ച​ടി​യു​ടെ​മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞെ​ന്നു​ള്ള പൊ​തു​ധാ​ര​ണ​യെ നെ​റ്റി​ചു​ളി​ച്ച് നോ​ക്കേ​ണ്ടി​വ​രു​ന്ന​താ​ണ് ഫുട്പാ​ത്തി​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന ഈ ​മാ​മാ​ങ്ക​ങ്ങ​ളു​ടെ സ​മ​കാ​ലീ​ന​ത!

ഇ​ത് വി​ജ്ഞാ​ന വ്യാ​പാ​രം!

ബൃ​ഹ​ത്താ​യ പ്ര​സി​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യു​ടെ അ​വ​സാ​ന​ത്തേ​യും പ​ര​മപ്ര​ധാ​ന​വു​മാ​യ ഘ​ട്ടം. ഷേ​ക്സ്പീ​രി​യ​ൻ നാ​ട​ക​ങ്ങ​ൾ മു​ത​ൽ ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം വ​രേ​യും, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മു​ത​ൽ കൈ​രേ​ഖാ​ശാ​സ്‌​ത്രം വ​രേ​യും, ഐ​സ്റ്റൈ​ൻ മു​ത​ൽ അ​ബ്ദു​ൾ​ക​ലാം വ​രെ​യു​ള്ള ശാ​സ്‌​ത്ര​ജ്ഞ​രേ​യും വാ​യ​ന​ക്കാ​ർ​ക്ക് പാ​ത​യോ​ര​ത്ത് ല​ഭ്യ​മാ​കു​ന്ന അ​പൂ​ർ​വ മു​ഹൂ​ർ​ത്തം! ക​ര​ളും ഹൃ​ദ​യ​വും ഗ​ര്‍​ഭ​സ്ഥ ശി​ശു​വു​മെ​ല്ലാം ന​മ്മു​ടെ വി​ര​ൽ തു​മ്പി​ൽ!

ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​യു​ന്ന പു​സ്‌​ത​ക​ങ്ങ​ൾ ര​ചി​ക്കു​ന്ന അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ റി​ച്ചാ​ർ​ഡ് ഗ്രെ​ഹ​ൽ​വ പ​റ​യു​ന്ന​തി​ങ്ങനെ: “Sell the way your customer wants to buy, not the way you like to sell.” (ഉ​പ​ഭോ​ക്താ​വി​ന് വാ​ങ്ങാ​ൻ താ​ല്‍​പ​ര്യ​മു​ള്ള രീ​തി​യി​ലാ​ണ് വി​ൽ​ക്കേ​ണ്ട​ത്, നി​ങ്ങ​ൾ​ക്ക് വി​ൽ​ക്കാ​ൻ താ​ല്‍​പ​ര്യ​മു​ള്ള രീ​തി​യി​ല​ല്ല).

വി​പ​ണ​ന വി​ദ​ഗ്ധനാ​യ അ​മേ​രി​ക്ക​ൻ ഗ്ര​ന്ഥ​ക​ര്‍​ത്താ​വ് പ​റ​ഞ്ഞ​ത് അ​പ്പാ​ടെ ഇ​താ കേ​ര​ള​ത്തി​ലെ ന​ട​പ്പാ​ത​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്നു! ജോ​ലി​ത്തി​ര​ക്കി​നി​ട​യ്ക്ക്, യാ​ത്രാ​മ​ധ്യേ, വ​ഴി​യോ​ര​ത്തെ ബൂ​ത്തു​ക​ളി​ൽ കാ​ണു​ന്ന ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​ക്കാ​ർ വാ​ങ്ങു​ന്നു.

വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വ്! കൂ​ടാ​തെ പേ​രും പെ​രു​മ​യു​മു​ള്ള പു​സ്ത​കക്ക​ട​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള ക്ലേ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്കാം. ഇ​ന്ന​ത്തെ ജീ​വി​ത വ്യ​ഗ്ര​ത​ക​ൾ​ക്കി​ട​യ്ക്ക് സ​മ​യം ലാ​ഭി​ക്കാ​മെ​ന്ന​തും വ​ലി​യ നേ​ട്ടം ത​ന്നെ​യ​ല്ലേ!

പ​ഴ​യ​താ​ണോ, പൈ​റേ​റ്റ​ഡ് ആ​ണോ, അ​ല്ലെ​ങ്കി​ൽ മു​ഷി​ഞ്ഞ് മൂ​ല​ക​ൾ ചു​രു​ണ്ടി​രി​ക്കു​ന്ന​താ​ണോ (dog-eared) എ​ന്ന​തൊ​ന്നും ഒ​രു യ​ഥാ​ർ​ത്ഥ പു​സ്ത​ക​പ്രേ​മി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്ര ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ള​ല്ല.

“എ​ല്ലാ​ർ​ക്കൂ​ള്ള സാ​ധ​നം ഇ​വ​ടെ​ണ്ട്. പ​ല പു​സ്ത​ക​ങ്ങ​ൾ​ക്കും ഇ​രു​പ​ത് മു​ത​ൽ അ​റു​പ​ത് ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ഞാ​ൻ കൊ​ടു​ക്കു​ന്നു​ണ്ട്,’’ ഒ​രു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ ആ​വേ​ശം​കൊ​ണ്ടു.

ഞാ​ൻ ഈ ​സ്റ്റാ​ൾ ഉ​ട​മ​യെക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ, ചി​ല വി​വ​ര​ങ്ങ​ൾ എ​ന്നോ​ടു പ​ങ്കി​ടു​ന്ന​തി​ൽ ഈ ​സു​ഹൃ​ത്തി​ന് അ​ല്പം പി​ശു​ക്കുള്ള​തു​പോ​ലെ തോ​ന്നി.

“യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം ഒ​ന്നും ഇ​ല്ലെ​ങ്കി​ലും വ​ഴി​യോ​ര​ത്ത​ല്ലേ ഇ​ത്ര​യും പു​സ്ത​ക​ങ്ങ​ൾ ഇ​ങ്ങ​നെ നി​ര​ത്തി​യി​ട്ടി​രി​ക്കി​ണ​ത്! ഞ​ങ്ങ​ളു​ടെ​യൊ​ക്കെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​താ​ണ് ഉ​ത്ത​മം, സാ​ർ,’’ സു​ഹൃ​ത്ത് സ​വി​ന​യം അ​റി​യി​ച്ചു.

ശ​രി​യാ​ണ്. ഈ ​പ​റ​ഞ്ഞ​തു മാ​നി​ച്ച് സു​ഹൃ​ത്തി​നെ തു​ട​ർ​ന്നും ഇ​ങ്ങ​നെ മാ​ത്രം സം​ബോ​ധ​ന ചെ​യ്യ​ട്ടെ. കോ​ർ​പ​റേ​ഷ​ൻ​കാ​ർ​ക്ക് വി​വ​ര​മെ​ത്തി​ച്ച് ഒ​രു പു​സ്ത​ക​ക്ക​ട പൂ​ട്ടി​ക്കു​ന്നൊ​രു അ​ക്ഷ​ര​വൈ​രി​യ​ല്ല ഞാ​നെ​ന്ന് അ​യാ​ൾ​ക്ക് ഉ​റ​പ്പും കൊ​ടു​ത്തു!

സെ​ക്ക​ൻ​ഡ്സ് (സെ​ക്ക​ൻ​ഡ് ഹാൻ​ഡ് പു​സ്ത​ക​ങ്ങ​ളു​ടെ ഓ​മ​ന​പ്പേ​ര്) അ​ന്വേ​ഷി​ച്ച് സു​ഹൃ​ത്തി​ന്‍റെ പു​സ്ത​ക​ശാ​ല​യി​ലെ​ത്തു​ന്ന​വ​രി​ൽ സ്കൂ​ൾ-​കോള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ എ​ൻ​ജി​നിയ​റി​ംഗി​നും മെ​ഡി​സി​നും പ​ഠി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്.

“ഇം​ഗ്ളീ​ഷ്, മ​ല​യാ​ളം നോ​വ​ലു​ക​ൾ ഞാ​ൻ തി​രി​ച്ചെ​ടു​ക്കും. അ​വ​ർ എ​നി​ക്ക് ത​ന്ന​തിന്‍റെ മു​പ്പ​ത് ശ​ത​മാ​നം കാ​ശ് തി​രി​ച്ചു​കൊ​ടു​ക്കും,’’ സു​ഹൃ​ത്ത് ക​ച്ച​വ​ട രീ​തി വ്യ​ക്ത​മാ​ക്കി.

സെ​ക്ക​ൻ​ഡ്സി​ൽ, സ്കൂ​ൾ-​കോളജ് പു​സ്ത​ക​ങ്ങ​ൾ​ക്കാ​ണ​ത്രെ ‘ബ​ംപ​ർ ഓ​ഫ​ർ’! “സ​ങ്ക​ടം പ​റ​ഞ്ഞ് സെന്‍റി അ​ടി​ക്കു​ന്ന​തി​നു മു​ന്നെ​ത്ത​ന്നെ അ​വ​ര് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ കി​ഴി​വ് ഞാ​ൻ കൊ​ടു​ക്കും, കു​ട്ട്യോ​ള് പ​ഠി​ച്ച് ന​ന്നാ​വ​ട്ടെ, സാ​ർ.’’

സെ​ക്ക​ൻ​ഡ്സ് വി​പ​ണ​നം ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന തി​ര​ക്കി​ൽ, ഗ്രെ​ഹ​ൽ​വ​യു​ടെ Unleashing the Power of Consultative Selling എ​ന്ന പു​സ്ത​ക​മൊ​ന്നും വാ​യി​ക്കാ​ൻ ന​മ്മു​ടെ സു​ഹൃ​ത്തി​ന് സ​മ​യം കി​ട്ടി​ക്കാ​ണി​ല്ല. എ​ന്നാ​ൽ, സെ​ക്ക​ൻ​ഡ്സ് വി​ൽ​ക്കു​ന്ന ഈ ​വി​ജ്ഞാ​ന വ്യാ​പാ​രി​യു​ടെ മ​ന​സ് ശ​രി​ക്കും ഫ​സ്റ്റ് ഹാ​ൻ​ഡാ​ണ്!

ഡി​ജി​റ്റ​ൽ അ​ല്ലാ​ത്ത വാ​യ​ന ഒ​രു പ്രാ​കൃ​ത സ​മ്പ്ര​ദാ​യ​മാ​ണെ​ന്ന് ന്യൂ​ജെ​ൻ ത​ത്ത്വ​ശാ​സ്ത്ര​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു! ഇ​നി അ​തൊ​രു കൊ​ടുംകു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് വി​ധി എ​ഴു​തു​ന്ന​തു​വ​രെ, തെ​രു​വി​ലെ പു​സ്ത​ക മേ​ള​ക​ൾ​ക്ക് ജ​ന​പ്രി​യ​മാ​യി​ത്ത​ന്നെ തു​ട​രാം.

കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും ഈ​യു​ള്ള​വ​ന് പോ​കാ​ൻ ക​ഴി​ഞ്ഞ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഫുട്പാ​ത്ത് പു​സ്ത​ക വ്യാ​പാ​രം സ​ജീ​വ​മാ​ണ്. ബാ​ർ​ഗൈ​ൻ ബു​ക്ക് സ്റ്റാ​ളു​ക​ൾ മു​ത​ൽ ഇ​ഷ്ട​പ്പെ​ട്ട സെ​ക്ക​ൻ​ഡ്സു​ക​ൾ കി​ലോക്ക​ണ​ക്കി​ന് തൂ​ക്കി വാ​ങ്ങാ​വു​ന്ന മാ​ർ​ക്ക​റ്റു​ക​ൾ വ​രെ കാ​ണാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

കൊ​ൽ​ക്ക​ത്ത​യും ഡ​ൽ​ഹി​യും ക​ഴി​ഞ്ഞാ​ൽ, മും​ബൈ​യി​ലാ​യി​രി​ക്കും രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ഴി​യോ​ര പു​സ്ത​ക ശേ​ഖ​ര​ങ്ങ​ൾ. ബം​ഗ​ളൂ​രു​വും ചെ​ന്നൈ​യും ഹൈ​ദ​രാ​ബാ​ദും തി​രു​വ​ന​ന്ത​പു​ര​വും തൊ​ട്ടു പി​ന്നി​ലു​ണ്ട്. ഇ​വ​യി​ൽ പ​ല​തും കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും, ന​മ്മു​ടെ മ​ന​സു​ക​ളി​ൽ​നി​ന്ന് വാ​യ​നാ​ശീ​ലം കു​ടി​യി​റ​ങ്ങു​ന്ന​തു​വ​രെ ഈ ​വ​ഴി​യോ​ര മാ​മാ​ങ്ക​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​നി​ട​യി​ല്ല.

ഓ​ൺ​ലൈ​നാ​യി ഓ​ർഡ​ർ ചെ​യ്ത് പു​സ്ത​കം വാ​ങ്ങു​ന്ന​ത് വാ​യ​നാ സം​സ്കാ​ര​ത്തി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ന​മ്മു​ടെ സു​ഹൃ​ത്തി​ന്‍റെ പ​ക്ഷം. ഈ ​അ​ഭി​പ്രാ​യം ക​ച്ച​വ​ട താ​ത്​പ​ര്യം സ്വാ​ധീ​നി​ച്ച​താ​വാം. പ​ക്ഷേ, അ​ൽ​പ്പ​മൊ​ന്ന് ആ​ലോ​ചി​ച്ചാ​ൽ വ​സ്‌​തു​ത​യും അ​തു​ത​ന്നെ​യെ​ന്നു തി​രി​ച്ച​റി​യാം. ഒ​രു ലൈ​ബ്ര​റി​യി​ൽ പോ​യി ഇ​ഷ്ട​പ്പെ​ട്ട ഒ​രു പു​സ്ത​കം തി​ര​ഞ്ഞെ​ടു​ത്ത് വാ​യി​ക്കു​മ്പോ​ഴോ, അ​ല്ലെ​ങ്കി​ൽ വി​പ​ണി​യി​ൽ നി​ന്ന് ആ​രാ​ഞ്ഞെ​ടു​ത്ത​തൊ​ന്നി​ൽ വ്യാ​പൃ​ത​മാ​യി​രി​ക്കു​മ്പോ​ഴോ ഉ​ള്ള അ​നു​ഭൂ​തി ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ക്കു​മോ?

അ​ജ്ഞാ​ത​നൊ​രാ​ൾ, അ​ക​ത്തോ പു​റ​ത്തോ അ​ല്ലാ​ത്ത സ്ഥ​ല​ത്തു​വച്ച്, ഉ​ള്ളി​ലെ​ന്താ​ണെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ഒ​രു പൊ​തി കൈ​മാ​റു​ന്ന​തി​നെ​യ​ല്ലേ ‘ഫേ​ഷ​ന​ബ്ൾ’ ആ​യി ഓ​ൺ​ലൈ​ൻ ഷോ​പ്പി​ംഗ് എ​ന്നു നാം ​വി​ളി​ക്കു​ന്ന​ത്?

സ്വേ​ച്ഛാ​ധി​പ​ത്യം കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന പ​ല​ച​ര​ക്കു​ക​ട​ക​ളു​ടെ നേ​രേ നാം ​പ​ടി​അ​ട​ച്ച് പി​ണ്ഡം വ​ച്ചു. വാ​ങ്ങു​ന്ന സാ​ധ​നം പൊ​ട്ടി​യ​തു​മ​ല്ല പൊ​ളി​ഞ്ഞ​തു​മ​ല്ലാ​യെ​ന്നു നേ​രി​ട്ടുക​ണ്ട് ഉ​റ​പ്പു​വ​രു​ത്താ​നും, അ​ക​ലെ വ​ച്ചി​രി​ക്കു​ന്ന അ​ടു​ത്തി​റ​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ കൈ ​എ​ത്തി​ച്ച് എ​ടു​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ത​ന്ന്, Customer is the King എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ന​മ്മ​ളോ​ട് ആ​ദ​ര​വും കാ​ണി​ച്ച സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളെ നാം ​സാ​ന​ന്ദം സ്വീ​ക​രി​ച്ച​താ​ണ്. എ​ന്നി​ട്ട്, ഇ​പ്പോ​ഴി​താ എ​ല്ലാം ത​ല​കീ​ഴു​മ​റി​യു​ന്നു! ഇ-​വാ​ണി​ജ്യ വീ​ര​ന്മ​രാ​യ ഫ്ലി​പ്കാ​ർ​ട്ടി​നും, ആ​മ​സോ​ണി​നും, സ്നാ​പ്പ്ഡീ​ലി​നും, ആ​ലി​ബാ​ബ​യ്ക്കു​മൊ​ക്കെ ന​മ്മ​ളെ എ​ങ്ങനെ വേ​ണ​മെ​ങ്കി​ലും ശ​രി​പ്പെ​ടു​ത്തി​യെ​ടു​ക്കാ​മ​ല്ലൊ!

ക​സ്റ്റ​മേ​ഴ്സി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക അ​നു​ഭ​വം?

“ചി​ല പു​ള്ളി​ക​ള് ‘ബു​ദ്ധി​ജീ​വി'ക​ളാ, സാ​റെ! അ​വ​ര് എ​ന്നോ​ടൊ​ന്നും മി​ണ്ടി​ല്ല. തെ​ര​ച്ചി​ലോ​ട്, തെ​ര​ച്ചി​ലാ… എ​ല്ലാം ചി​ന്നി​ച്ചെ​ത​റി ഇ​ടും. എ​ന്നി​ട്ട്, ത​ള​ർ​ന്നാ​ൽ അ​ടു​ത്തു​വ​ന്ന് എ​ന്‍റെ മു​ഖ​ത്ത് നോ​ക്കാ​തെ, ഒ​രു​ചോ​ദ്യ​മു​ണ്ട്: ഇ​വ​ിടെ Les Misérables ഉ​ണ്ടോ, Sherlock Holmes ഉ​ണ്ടോ, The Da Vinci Code ഉ​ണ്ടോ എ​ന്നൊ​ക്കെ. നി​മി​ഷ​നേ​രം​കൊ​ണ്ട് ഞാ​ൻ സാ​ധ​നം എ​ടു​ത്തു​കൊ​ടു​ക്കും. ഈ ​വ​ല്ല്യേ, വ​ല്ല്യേ, വെ​ള്ള​ക്കാ​ര​ടെ ബു​ക്ക്ക​ളെ കു​റി​ച്ചൊ​ക്കെ എ​നി​ക്കെ​ങ്ങ​നെ അ​റി​യാ​നാ​ന്നാ ഇ​വ​മ്മാ​ര​ടെ ഒ​ക്കെ ഒ​രു ഭാ​വം! കൊ​റ​ച്ചുകാ​ലം ആ​യി​ല്ല്യേ, സാ​റെ, ഈ ​വ​ക ‘കോ​ഡു'​ക​ളൊ​ക്കെ കാ​ണാ​ൻ തൊ​ട​ങ്ങീ​ട്ട്!’’

""Les Misérables ന്‍റെ ഇം​ഗ്ലീഷ് പ​രി​ഭാ​ഷ​യു​ടെ കൂ​ടെ, മ​ല​യാ​ള​ത്തി​ലെ ‘പാ​വ​ങ്ങ​ളും' ചേ​ർ​ത്തു കൊ​ടു​ക്കു​മ്പോ​ഴാ​ണ് അ​വ​രൊ​ക്കെ യ​ഥാ​ർ​ഥ​ത്തി​ൽ ഴാങ്‌ വാൽ ഴാങ് (Les Misérables ലെ ​പാ​വം നാ​യ​ക​ൻ) ആ​വു​ന്ന​ത്, സു​ഹൃ​ത്തി​ന്‍റെ മു​ഖ​ത്ത് "ബു​ദ്ധി​ജീ​വി' ക​ളോ​ട് ബു​ദ്ധി​കാ​ണി​ച്ച ഒ​രു സം​തൃ​പ്തി!

കൂ​ടാ​തെ, വി​ക്ടർ യൂ​ഗൊ​യു​ടേ​യും ആർതർ കോനൻ ഡോയ്‌ലിന്‍റെയും ഡാ​ൻ ബ്രൗ​ണി​ന്‍റേ​യു​മൊ​ക്കെ മ​റ്റു പു​സ്ത​ക​ങ്ങ​ളും എ​ടു​ത്ത് കാ​ണി​ച്ചു​കൊ​ടു​ത്ത് ഇ​ത്ത​രം ക​സ്റ്റ​മേ​ഴ്സി​നെ ഇ​ട​യ്ക്കൊ​ക്കെ ന​മ്മു​ടെ സു​ഹൃ​ത്ത് "ഇം​പ്ര​സ്' ചെ​യ്യാ​റു​ണ്ട​ത്രേ!

ഞ​ങ്ങ​ളു​ടെ ഈ ​ച​ർ​ച്ച​യ്ക്കി​ട​യി​ലും പു​സ്തകക്ക​ച്ച​വ​ടം വേ​ണ്ട​തു​പോ​ലെ ന​ട​ക്കു​ന്നു​ണ്ട്. ഐ​റ്റ​ങ്ങ​ൾ പ​ല​തും ഞാ​നും മ​റി​ച്ചു നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു.

"പി​ന്നെ, ഫ്രീ​ക്ക​ൻ​മാ​ര്... അ​വ​ര് അ​ല്​പം ക​ള​റും മ​റ്റു​മു​ള്ള മാ​ഗ​സീ൯​സൊ​ക്കെ മ​റി​ച്ചുനോ​ക്കി കൊ​റ​ച്ച്നേ​രം അ​ങ്ങനെ നി​ക്കും. പി​ന്നീ​ട്, കാ​ര്യ​ത്തി​ലേ​ക്ക് ക​ട​ന്നു പ​ല, പ​ല നോ​വ​ൽ​സും അ​രി​ച്ചുപെ​റു​ക്കും. അ​വ​സാ​നം ന​ല്ലൊ​രു ‘ഇം​ഗ്ലീഷ് പൈ​ങ്കി​ളി' യി​ൽ സെ​റ്റി​ൽ ചെ​യ്യും!’

എ​ന്നാ​ൽ, ബു​ദ്ധി​ജീ​വി​ക​ളേ​യും ഫ്രീ​ക്ക​ൻ​മാ​രേ​യും ഒ​രു​നി​ല​യ്ക്ക് ന​മ്മു​ടെ സു​ഹൃ​ത്തി​ന് ഇ​ഷ്ട​മാ​ണ​ത്രെ! "കാ​ര​ണം, ഈ ​ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും എ​ൻ​റ​ടു​ത്തു​വ​ന്ന് ‘പെ​ർ​ഫോം' ചെ​യ്യു​ന്ന​തി​നാ​ൽ, അ​വ​ർ​ക്ക് ബാ​ർ​ഗൈ​ൻ ചെ​യ്യാ​നു​ള്ള ഒ​രു ‘ഇ​ത്' ന​ഷ്ട​പ്പെ​ടും. അ​തി​നാ​ൽ, ഞാ​ൻ ചോ​ദി​ക്കു​ന്ന കാ​ശും ത​ന്ന് അ​വ​ർ സ്ഥ​ലം​വി​ടും.’

‘ഈ ​ഏ​ർ​പ്പാ​ട് എ​ങ്ങനെ, ഗു​ണ​മു​ണ്ടോ, ഞാ​ൻ ചോ​ദി​ച്ചു.’

“പു​സ്ത​കം കേ​ടു​വ​രു​ന്ന സാ​ധ​ന​മ​ല്ല​ല്ലൊ, വി​റ്റ​ഴി​യാ​ൻ താ​മ​സം വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല. പി​ന്നെ, സ്ഥ​ല​ത്തി​ന് വാ​ട​ക​യു​മി​ല്ല. അ​തു​കൊ​ണ്ട് ജീ​വി​ക്കാ​നു​ള്ള​ത് ഇ​തി​ൽ​നി​ന്ന് കി​ട്ടും.’’

പേ​മെ​ൻ​റ് ബു​ക്ക് സ്റ്റാ​ളി​ന് ആ​കെ​യു​ള്ള ‘സ്ട്ര​ക്ചർ’ ഒ​രു നീ​ല ടാ​ർ​പോ​ളി​ൻ ഷീ​റ്റാ​ണ്! ഈ '​പീ​ടി​ക' എ​ങ്ങനെ​യാ​ണ് രാ​ത്രി​യി​ൽ അ​ട​യ്ക്കു​ന്ന​ത്?

"മൊ​ത്തം ക​വ​ർ​ചെ​യ്ത് ഒ​രു കെ​ട്ട​ലാ​ണ്, സാ​റെ! അ​ടു​ത്ത ദി​വ​സം രാ​വി​ലെ തു​റ​ക്കു​മ്പോ​ൾ, വ​ച്ച​തെ​ല്ലാം അ​തു​പോ​ലെ​ത​ന്നെ ഇ​വ​ടെ കാ​ണും.’

പു​സ്ത​ക​ങ്ങ​ളൊ​ന്നും ആ​രും ‘പൊ​ക്ക​ത്തി​ല്ല' എ​ന്നാ​ണ് സു​ഹൃ​ത്തി​ന്‍റെ ഉ​റ​ച്ച വി​ശ്വാ​സം.
സു​ഹൃ​ത്തി​ന്‍റെ ഈ ​ദൃ​ഢ​വി​ശ്വാ​സം, The Man Who Loved Books Too Much എ​ന്ന പു​സ്ത​കം സു​ഹൃ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ൽ ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കാ​ൻ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യി.
അ​തെ, നി​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച​തു​ത​ന്നെ എ​ഴു​ത​ട്ടെ, 'ബു​ദ്ധി​ജീ​വി' ആ​വാ​തി​രി​ക്കാ​ൻ, ഒ​രു മു​ഖ​വു​ര കൊ​ടു​ത്ത്, സു​ഹൃ​ത്തി​ൽ നി​ന്ന് ഞാ​ൻ മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ത്തി​രു​ന്നു!

"ഈ ​പേ​ര് ആ​ദ്യം കേ​ൾ​ക്ക് ആ​ണ​ല്ലോ,’ ഖേ​ദ​മ​റി​യി​ച്ചു സു​ഹൃ​ത്ത്.

ആ​ലി​സ​ൻ ഹൂ​വ​ർ ബാ​ർ​ല​റ്റ് എ​ഴു​തി​യ​താ​ണ് ഈ ​പു​സ്ത​കം. യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​രൊ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​ണ്, ഞാ​ൻ കൂ​ടു​ത​ൽ വി​വ​രം കൊ​ടു​ത്തു.

"ഇ​ല്ല, സാ​ർ, ഇ​ത് എ​ന്‍റെ ക​ള​ക്ഷ​നി​ലി​ല്ല,” സു​ഹൃ​ത്ത് സ​മ്മ​തി​ച്ചു.“കാ​ര്യ​മെ​ന്താ?" സു​ഹൃ​ത്തിന് ആ​കാം​ക്ഷ.

ലോ​ക​ത്തെ ഏ​റ്റ​വും (കു)​പ്ര​സി​ദ്ധ​നാ​യ പു​സ്ത​ക മോ​ഷ്ടാ​വാ​ണ് ജോ​ൺ ചാ​ൾ​സ് ഗി​ൽ​കി. ക​ലി​ഫോ​ർ​ണി​യ​ക്കാ​ര​ൻ. പു​ള്ളി​ക്കാ​ര​ൻ ര​ണ്ടു ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന പു​സ്ത​ക​ങ്ങ​ളും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും മോ​ഷ്ടി​ച്ച്, 2010-ൽ ​പി​ടി​യി​ലാ​യി. വി​ല​പി​ടി​പ്പു​ള്ള പു​സ്ത​ക​വും വ​ണ്ടി​ച്ചെ​ക്കു​മാ​യി​രു​ന്നു ഗി​ൽ​കി​യു​ടെ ബ​ല​ഹീ​ന​ത.

ഗി​ൽ​കി​യു​ടെ ബു​ക്ക് മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​രീ​തി​ക​ളും ഒ​രു ച​രി​ത്രം പോ​ലെ എ​ഴു​തി​യ, The Man Who Loved Books Too Much, പ്ര​സി​ദ്ധീ​ക​രി​ച്ച വ​ർ​ഷം (2010) മു​ത​ൽ ചൂ​ട​പ്പ​മാ​ണ്. കൂ​ടാ​തെ, ക​ർ​ക്ക​ശ​ക്കാ​രാ​യ നി​രൂ​പ​ക​ൻ​മാ​ർ​പോ​ലും ഏ​റെ ന​ന്നാ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ചു എ​ഴു​തു​ന്ന​ത്. ‘The True Story of a Thief,’ എ​ന്ന് സ​ക​ല​രും ഈ ​പു​സ്ത​ക​ത്തെ വി​ശേ​ഷി​പ്പി​ച്ചു!

എ​ന്‍റെ വി​വ​ര​ണം സു​ഹൃ​ത്ത് പൂ​ർ​ണ മ​ന​സോ​ടെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
"സാ​റ് പ​റ​ഞ്ഞു​വ​രു​ന്ന​ത് മ​ന​സി​ലാ​യി’, സു​ഹൃ​ത്ത് ഇ​പ്പോ​ൾ അല്​പം ഗൗ​ര​വ​ത്തി​ലാ​ണ്.

"അ​ല്ല, സു​ഹൃ​ത്തേ, ഗി​ൽ​കി​ക്ക് ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്താ​ൻ അ​ധി​കം സ​മ​യ​മൊ​ന്നും വേ​ണ്ട,’ കു​സൃ​തി​യി​ൽ ഞാ​ൻ വീ​ണ്ടു​മൊന്നു വി​ര​ട്ടി.

ഇ​ത് കേ​ട്ട​യു​ട​നെ സു​ഹൃ​ത്ത് പൊ​ട്ടി​ച്ചി​രി​ച്ചു. ഞാ​ൻ കൂ​ടെ ചി​രി​ച്ചു, പ​ക്ഷേ, എ​നി​ക്കു കാ​ര്യം മ​ന​സി​ലാ​യി​ല്ല.

"അ​മേ​രി​ക്ക​ക്കാ​ര​ൻ കേ​ര​ള​ത്തി​ൽ വ​ന്നാ​ൽ, മൂ​പ്പ​രു​ടെ ഇ​പ്പോ​ഴ​ത്തെ പ​രി​ച​യ​സ​മ്പ​ത്ത് വച്ച്, ഇ​വി​ടെ പി​ടി​ച്ചുനി​ൽ​ക്കാ​ൻ പ​റ്റി​ല്ല. മൂ​പ്പ​ര് വ​ല്ല ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലും ചേ​രാ​നാ​ണ് സാ​ധ്യ​ത -- അ​ത​ല്ലേ, ഇ​വ​ിട​ത്തെ ഒ​രു ട്രെ​ൻ​ഡ്!”

“എ​ന്‍റെ പു​സ്ത​ക​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണ്, സാ​ർ," സു​ഹൃ​ത്ത് ഉ​ള​ളു​തു​റ​ന്നു ചി​രി​ച്ചു.

റോ​ബി​ൻ ഹു​ഡി​ന്‍റെ കേ​ര​ള പ​തി​പ്പാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും, ഐ​തി​ഹാ​സി​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ‘പൊ​ൻ​കു​രി​ശ്’ തോ​മ​യും, ‘നേ​ന്ത്ര​ക്കു​ല’ നാ​ണു​വും, പി​ന്നെ പ​ട്ടി​ക​യി​ൽ പു​തു​താ​യി ഇ​ടം നേ​ടി​യ ‘പ​ൾ​സ​ർ’ സു​നി​യും മ​റ്റും 'സ്പെ​ഷലൈ​സ്' ചെ​യ്തി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ പു​സ്ത​ക​മി​ല്ല​ല്ലൊ!

എ​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം കേ​ട്ടു മ​ന​സ​മാ​ധാ​നം വീ​ണ്ടു​കി​ട്ടി​യ സു​ഹൃ​ത്ത്, പു​തു​താ​യി എ​ത്തി​യ ക​സ്റ്റ​മ​ർ​ക്ക്, 'സ​മ്പൂ​ർ​ണ ചാ​ണ​ക്യ നീ​തി' എ​ടു​ത്തു പൊ​തി​ഞ്ഞു കൊ​ടു​ത്തു.

വി​ജ​യ് സി. ​എ​ച്ച്