ഏ​ദ​ന്‍റെ പുൽക്കുട്
കാ​റ്റും വെ​ളി​ച്ച​വും വേ​ണ്ട​ത്ര ക​ട​ന്നു വ​രാ​ത്ത ​അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ വി​ള​ക്കു​ക​ൾ അ​ണ​ഞ്ഞാ​ലും പു​ൽ​ക്കൂ​ട്ടി​ൽ വെ​ളി​ച്ചം നിറയും. വ​ർ​ണ​ങ്ങ​ൾ വാ​രി ചൊ​രി​യും. ഇ​രു​ൾ മൂ​ടി​യ ദു​രി​ത​ങ്ങ​ളു​ടെ ഇ​ട​നാ​ഴി​കൾക്കി​പ്പു​റം പ്ര​ത്യാ​ശ​യു​ടെ അ​ട​യാ​ള​മാ​യി മി​ന്നു​ന്ന ഒ​രു ന​ക്ഷ​ത്രം.

ഏ​ദ​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ ക​ഴി​ഞ്ഞ് മൂ​ന്നുമാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് വീ​ണ്ടു​മൊ​രു ക്രി​സ്മ​സ് എ​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യൊ​രു വീ​ടും അ​തി​ലൊ​രു പു​ൽ​ക്കൂ​ടും ഏ​ദ​ന് എ​ന്ന് സ്വ​ന്ത​മാ​കു​മെ​ന്നു പ​റ​യാ​ൻ ആ​ർ​ക്കു​മാ​വി​ല്ല.

സ​ങ്ക​ട​ത്തി​ര​ക​ൾ അ​ക​ത്തും പു​റ​ത്തും അ​ല​യ​ടി​ക്കന്നുണ്ടെങ്കിലും ഏ​ദൻ പിച്ചവച്ചതിനു ശേഷമുള്ള  ആ​ദ്യ ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ൻ​സ​ന്‍റും ശാ​ലു​വും. വാ​ട​ക​വീ​ട്ടി​ലല്ല, മ​റി​ച്ച് തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ​യി​ലെ സി​മ​ന്‍റ് ഗോ​ഡൗ​ണി​ലാ​ണ് ഏ​ദ​നുവേ​ണ്ടി പു​ൽ​ക്കൂ​ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​ധി​വ​രെ ഇ​വ​രു​ടെ താമസം ശ​രി​ക്കു​മൊ​രു പു​ൽ​ക്കൂ​ട്ടിൽതന്നെയാണ്. ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്കു കീ​ഴി​ൽ നൂ​റോ​ളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പാ​ർ​ക്കു​ന്നു. ഏറെപ്പേരും പായവിരിച്ച് നിലത്താണ് കിടക്കുന്നത്. ഇ​തി​നോ​ടു ചേ​ർ​ന്ന് തൊ​ഴു​ത്തും പു​ല്ലും കച്ചിയും കാ​ലി​ക​ളും ആ​ടു​ക​ളു​മൊ​ക്കെ​യു​ണ്ട്.

ഏ​ദ​ൻ ജ​നി​ച്ച​തും പി​ച്ച​വ​യ്ക്കു​ന്ന​തു​മൊ​ക്കെ സർക്കാർ താൽക്കാലിക താമസത്തിനു വിട്ടുനൽകിയ പ​ഴ​യ സി​മ​ന്‍റ് ഗോ​ഡൗ​ണി​നു​ള്ളി​ലാ​ണ്. ക​ട​ലി​ൽ ജീ​വി​ത​വും ക്യാ​ന്പി​ൽ ഉ​റ​ക്ക​വും എ​ന്ന​താ​ണ് അഭയാർഥികളുടെ ജീ​വി​തം.

കാ​റ്റും വെ​ളി​ച്ച​വും വേ​ണ്ട​ത്ര ക​ട​ന്നുവ​രാ​ത്ത ​അ​ഭ​യാ​ർ​ഥിക്യാ​ന്പി​ൽ വി​ള​ക്കു​ക​ൾ അ​ണ​ഞ്ഞാ​ലും പു​ൽ​ക്കൂ​ട്ടി​ൽ വെ​ളി​ച്ചമുണ്ട്. അ​വി​ട​മാ​കെ വ​ർ​ണ​ങ്ങ​ൾ നിറയും. ഇ​രു​ൾ മൂ​ടി​യ ദു​രി​ത​ങ്ങ​ളു​ടെ ഇ​ട​നാ​ഴികൾ​ക്കി​പ്പു​റം പ്ര​ത്യാ​ശ​യു​ടെ അ​ട​യാ​ള​മാ​യി അകലെ മി​ന്നു​ന്ന ഒ​രു ന​ക്ഷ​ത്രം. രാ​വും പകലും ഓ​രോ കോ​ണു​ക​ളി​ലും ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന നി​രാ​ശ​യു​ടെ നെ​ടു​വീ​ർ​പ്പു​ക​ൾ. എന്നെങ്കിലും സ്വന്തമായി ഒരു കൂരയുണ്ടാകുമോ എന്നു പ്രത്യാശിക്കുന്നവരാണ് ഈ തൊഴിലാളികൾ.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഗോ​ഡൗ​ണി​നു​ള്ളി​ലെ കു​ട്ടി​ക​ൾ കൈ​ക​ൾ​കൊ​ട്ടി ക​രോ​ൾ പാ​ടി ഇ​ട​നാ​ഴി​യി​ലൂ​ടെ ഓ​ടി ന​ട​ക്കും. അ​വ​ർ​ക്കൊ​പ്പം താ​ളം​പി​ടി​ച്ച് ഏ​ദ​നും അ​മ്മ​യു​ടെ ഒ​ക്ക​ത്തി​രു​ന്നു തു​ള്ളി​ക്ക​ളി​ക്കും. പു​ൽ​ക്കൂ​ടി​ന​് അടു​ത്തെ​ത്തി​യാ​ൽ അ​വ​ൻ ഉ​ണ്ണീ​ശോ​യെ കൈ​ക്ക​ലാ​ക്കും. ഉ​ണ്ണി​യെ ഉ​മ്മ​വ​ച്ച് അ​മ്മ ശാ​ലു​വി​നെ നോ​ക്കി ചി​രി​ക്കും. അപ്പോൾ അ​മ്മ​യു​ടെ മനസിലും അ​വ​രു​ടെ കു​ട്ടി​ക്കാ​ലം നി​റ​യും. ഓ​ർ​മ​യാ​യി മാ​റി​യ പഴയ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് വ​ർ​ണ​ന​ക്ഷ​ത്ര​ങ്ങ​ൾ തെ​ളി​യി​ച്ചി​രു​ന്ന ഓർമയിലെ ന​ല്ല കാ​ലം.

ഏ​ദ​ൻ ഏ​ഴു മാ​സം ഗ​ർ​ഭ​ത്തി​ലാ​യി​രി​ക്കെ​യാ​ണ് ശാ​ലു​വി​ന്‍റെ ഭ​ർ​ത്താ​വ് വി​ൻ​സ​ന്‍റിന്‍റെ വീ​ട് ക​ട​ൽത്തിരകൾ വി​ഴു​ങ്ങി​യ​ത്. ചെ​റു​പ്പം മു​ത​ൽ മീ​ൻ​പി​ടി​ച്ച് വി​ൻ​സന്‍റ് ഏ​റെ അ​ധ്വാ​നി​ച്ചാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം കടൽത്തീ​ര​ത്തൊ​രു വീ​ടു​ണ്ടാ​ക്കി​യ​ത്. താ​മ​സം തു​ട​ങ്ങി മൂ​ന്നാം മാ​സം ക​ലി​തു​ള്ളി വ​ന്ന തി​ര​മാലക​ൾ വീ​ടി​നെ വ​ക​ഞ്ഞെ​ടു​ത്തു. പി​ന്നാ​ലെ ഇ​വ​രു​ടെ അ​ഭ​യ​സ്ഥാ​ന​മാ​യി മാ​റി​യ ശാ​ലു​വി​ന്‍റെ വീ​ടും ക​ട​ലാഴ​ങ്ങ​ളി​ലേ​ക്ക് ഒ​ലി​ച്ചുപോയി. അ​ന്നു മു​ത​ൽ വ​ലി​യ​തു​റ സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും പി​ന്നീ​ട് വ​ലി​യ​തു​റ​ സി​മ​ന്‍റ് ഗോ​ഡൗണിലു​മാ​ണ് ഇ​വ​രു​ടെ വാ​സം. ഇ​വി​ടെ നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത​വി​ധം അ​നേ​കം പാ​ർ​പ്പു​കാ​രു​ടെ തു​ണി​മ​റ​ക​ളു​ടെ കോ​ണി​ലാ​ണ് ഏ​ദ​ൻ ജ​നി​ച്ച​തും പി​ച്ച​വ​യ്ക്കു​ന്ന​തും.

പൊ​ടി​യും ചൂ​ടും കാ​ര​ണം ഏ​ദ​ന് എ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്. ഏ​റെ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​യി​ൽ ക​ഴി​‍യേണ്ടിവരുന്നു. ആ​ശു​പ​ത്രി വാ​സ​ത്തി​നി​ടെ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ ക്രി​സ്മ​സ്. ഇ​ക്കൊ​ല്ല​മെ​ങ്കി​ലും ക്രി​സ്മ​സ് മ​ക​നൊ​പ്പം ആഘോഷി​ക്കാ​നു​ള​ള ആ​ഗ്ര​ഹ​ത്തി​ലാ​ണ് വി​ൻ​സെ​ന്‍റും ശാ​ലു​വും ബ​ന്ധു​ക്ക​ളും. തു​ണി​മ​റ​കളിൽ വേർതിരിക്കപ്പെട്ട ചായ്പിൽ പു​ൽ​ക്കൂ​ടൊ​രു​ക്കി ന​ക്ഷ​ത്രം തെ​ളി​ച്ച് വ​ർ​ണ​ക്ക​ട​ലാ​സു​ക​ൾ തൂ​ക്കി ഇ​വ​ർ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്.

കൈ​യേ​റ്റ​ത്തി​ൽ തീ​രം ദുർബലമായതോടെ വീടും മണ്ണും ക​ട​ലെ​ടു​ത്തു​പോ​യ നൂ​റി​ലേ​റെ മത്സ്യത്തൊഴിലാളികളുടെ ജീ​വി​തം വ​ലി​യ​തു​റ​യി​ൽ വലയിൽ കുരുങ്ങിയിരിക്കുന്നു. ഇവിടെയുള്ള ഏ​റെ കു​ട്ടി​ക​ളും അഭയാർഥി ക്യാ​ന്പി​ലാ​ണ് ജ​നി​ച്ച​ത്. എ​ട്ടും പ​ത്തും വ​ർ​ഷ​മാ​യി വീ​ടി​ല്ലാ​തെ വ​ല​യു​ന്ന തീ​ര​മ​ക്ക​ളു​ടെ നൊ​ന്പ​രം ആ​രും കാ​ണു​ന്നി​ല്ല, അ​റി​യു​ന്നു​മി​ല്ല. സ്വ​ന്ത​മാ​യി ഒ​രു വീ​ട് പണിത് ക്രി​സ്മ​സ് എന്ന് ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ൻ​സ​ന്‍റി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ക​ട​ലി​ന്‍റെ മ​ക്ക​ള്‌ക്ക് ക്യാ​ന്പി​ൽ ദു​രി​ത​ങ്ങ​ളു​ടെ​യും നൊ​ന്പ​ര​ങ്ങ​ളു​ടെ​യും ക്രി​സ്മ​സാ​ണ്.

ഡി. ​ദി​ലീ​പ്