ചിറകു വിരിച്ച് ജടായു
Sunday, July 1, 2018 1:26 AM IST
ചിറകറ്റു വീണു എന്നു പറയുന്നിടത്ത് നിന്നാണ് ഈ ജടായുവിന്റെ ഉയിർപ്പ്. ലോക ടൂറിസം ഭൂപടത്തിന്റെ മുകൾപ്പരപ്പിലേക്കാണ് ജടായു എന്ന പക്ഷി ശിൽപം കാഴ്ചകളുടെ കൂടൊരുക്കി പറന്നുയർന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമായാണ് ജടായു കൊച്ചുകേരളത്തിൽ തലയുയർത്തി നിൽക്കുക.
സ്ത്രീ സംരക്ഷണത്തിന്റെയും സ്ത്രീയുടെ ആത്മാഭിമാനം കാക്കുന്നതിന്റെയും പ്രതീകം കൂടിയാണ് ജടായുപ്പാറയിലെ ജടായു ശില്പം. തിരുവനന്തപുരം- കോട്ടയം റൂട്ടിൽ എംസി റോഡരികിൽ ചടയമംഗലം എന്ന ചെറിയ ടൗണ് ജടായു പക്ഷി ശിൽപത്തിലൂടെയും കേരളത്തിന് അന്യമായിരുന്ന സാഹസിക വിനോദസഞ്ചാര പാർക്കിലൂടെയും രാജ്യത്തിനാകെ അഭിമാനമായി.
രാമായണത്തിലെ ജടായു എന്ന കഥാപാത്രത്തിന്റെ കോണ്ക്രീറ്റ് അവതരണത്തിലൂടെ ജടായുപ്പാറയും ജടായു പാർക്കും കേരളത്തിനും ഇന്ത്യക്കും ടൂറിസം സാധ്യതകളുടെ പുതിയ ലോകമാണ് തുറന്നിരിക്കുന്നത്. രാജീവ് അഞ്ചൽ എന്ന സിനിമ സംവിധായകനിലെ ശിൽപിയും കലാകാരനുമാണ് ജടായുവിന്റെ സൃഷ്ടിക്കു പിന്നിൽ.
അറുപത്തഞ്ച് ഏക്കറിൽ സ്വാഭാവികമായുള്ള മലയും പാറകളും അരുവികളും പാറയിടുക്കുകളും ചെറുഗുഹകളും താഴ്വരകളും ആയിരക്കണക്കിന് ഒൗഷധസൗസ്യങ്ങളും മരങ്ങളും അപൂർവ കാട്ടുപുഷ്പങ്ങളും എല്ലാം ചേർന്ന ജടായു നേച്ചർ പാർക്ക് പ്രകൃതിയോടുള്ള വന്ദനം കൂടിയാണ്. സംരക്ഷിത സ്വകാര്യ വനത്തിലൂടെയുള്ള ഒരു മണിക്കൂർ ട്രെക്കിംഗിനും അവസരമൊരുക്കിയിട്ടുണ്ട്.
പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതി. പ്രകൃതിയും പൈതൃകവും ഐതിഹ്യവും കലയും സംസ്കാരവും ആധുനികതയും എല്ലാം ഒരുപോലെ സമ്മേളിക്കുന്ന അപൂർവ അനുഭവമാകും ജടായു പദ്ധതി. എങ്കിലും അത്യാധുനിക കേബിൾ കാർ മുതൽ 6 ഡി മിനി തിയറ്ററും ഓഡിയോ വിഷ്വൽ ഡിജിറ്റൽ മ്യൂസിയവുംവരെയുള്ള പലതും ജടായു ഭൂമി കേന്ദ്രത്തെ (ജടായു എർത്ത് സെന്റർ) ലോകോത്തരമാക്കുന്നു. പ്രകൃതിയുമായി കൂടിച്ചേർത്തുള്ള ഉത്തരവാദിത്ത ടൂറിസത്തിനും സുസ്ഥിര ടൂറിസത്തിനും അഡ്വഞ്ചർ ടൂറിസത്തിനും വെൽനസ് ടൂറിസത്തിനുമൊക്കെ കേരളത്തിന്റെ സംഭാവന കൂടിയാണ് ജടായു എർത്ത് സെന്റർ.
വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കുകളും വൻകിട മാളുകളിലെ കളിസ്ഥലങ്ങളും കണ്ടുപരിചയിച്ചവർക്ക് തീർച്ചയായും നവ്യാനുഭവമാകുന്നതാണ് ജടായു പദ്ധതി. ഒൗട്ട് ഡോർ പെയിന്റ് ബോൾ വെടിവയ്പ് മൽസരം മലയാളിക്ക് പുതുമയാകും. 118 അടി ഉയരമുള്ള പാറ കയറ്റവും 45 അടി ഉയരമുള്ള പാറയിൽ നിന്നു താഴേക്ക് ചാടിയിറങ്ങുന്ന റാപ്പലിംഗുമെല്ലാം രസകരമായ മറ്റൊരു സാഹസികതയാണ്. ഇതിനു പുറമെ അന്പെയ്ത്ത്, ബോർഡറിംഗ്്, ജൂമറിംഗ്, ചിമ്മിനി ക്ലൈബിംഗ്, കമാൻഡോ നെറ്റ്, സിപ് ലൈൻ, ബർമാ ബ്രിഡ്ജ് ഉൾപ്പെടെ ഇരുപതിലധികം സാഹസിക വിനോദ ഇനങ്ങളാണ് ജടായുവിൽ ഒരുക്കിയിരുക്കുന്നത്.
• അവിചാരിതം, അവിസ്മരണീയം
പാലരുവി വെള്ളച്ചാട്ടം, അച്ചൻകോവിൽ ഐന്തരുവി (അച്ചൻകോവിൽ- തെന്മല റൂട്ടിലെ അഞ്ച് അരുവികളുടെ വെള്ളച്ചാട്ടം), തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം, പുനലൂർ തൂക്കുപാലം, അഷ്ടമുടി തടാകം, ശാസ്താംകോട്ട തടാകം, കൊല്ലം ബീച്ച്, തങ്കശേരി ലൈറ്റ്ഹൗസ്, മണ്റോതുരുത്ത്, നീണ്ടകര തുറമുഖം, ശെന്തുരുണി വന്യമൃഗ സങ്കേതം തുടങ്ങിയ കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ചടയമംഗലത്തെ ജടായു പാർക്ക് സമ്മാനിക്കുന്നത്.
• കാഴ്ചകളുടെ മലമുകളിൽ
രാജീവ് അഞ്ചലും ജടായു നേച്ചർ പാർക്ക് സിഇഒ അജിത് കുമാർ ബാലരാമനുമായി സംസാരിച്ച് പ്രേമചന്ദ്രൻ തന്നെ ജടായു സന്ദർശനത്തിന് വേണ്ടതെല്ലാം ചെയ്തു. പിറ്റേന്ന് രാവിലെ ഒന്പതു മണിയോടെ ജടായു എർത്ത് സെന്ററിലെത്തിയതു മുതലുള്ള മണിക്കൂറുകൾ ജീവിതത്തിലെ അപൂർവവും സാഹസികവുമായ അനുഭൂതികളുടേതായി. മഴക്കാലമായിട്ടും സാഹസിക വിനോദങ്ങളിലൂടെ മാറി മാറി പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ഭാര്യ സിന്ധുവും മൂത്ത മകൻ ഡോ. ഏബ്രഹാമും ഇളയ മക്കളായ ജേക്കബും ആന്റണിയും. ഞങ്ങൾ വിയർത്തു കുളിച്ചതു പോലും തികഞ്ഞ സംതൃപ്തിയുടെ പ്രതീകമായിരുന്നു.
കാല്പനിക കഥാപാത്രമായ ജടായു എന്ന പക്ഷിരൂപം പൂണ്ട മനുഷ്യ കഥാപാത്രത്തിന്റെ കൂറ്റൻ ശിൽപം തന്നെയാണ് പ്രധാന ആകർഷണം. രാമായണത്തിൽ രാവണന്റെ കരാളഹസ്തങ്ങളിൽ നിന്ന് സീതയെ സാഹസികമായി മോചിപ്പിച്ച പക്ഷിയാണ് ജടായു. സീതയെ രക്ഷിക്കാനായി രാവണനുമായുള്ള പോരിനു ശേഷം ചടയമംഗലത്തെ മലമുകളിലെ വലിയ പാറയിലാണ് ജടായു ചിറകറ്റ് വീണതെന്നാണ് ഐതിഹ്യം.
ജടായു അഡ്വഞ്ചർ പാർക്ക് സഞ്ചാരികൾക്കായി തുറന്നുകഴിഞ്ഞു. ദിവസവും നൂറുകണക്കിന് ആളുകളാണ് ചടയമംഗലത്തെ വിസ്മയങ്ങൾ ആസ്വദിക്കാൻ എത്തുന്നുണ്ട്. ഓണ്ലൈനിലൂടെയാണ് ബുക്കിംഗ്. ഒരാൾക്ക് 3,500 രൂപയാണ് ഫീസ്്. കേരളത്തിലെ സ്ഥിതിയിൽ കൂടുതലാണ് തുകയെന്ന് വിമർശനം ഉണ്ടെങ്കിലും പാർക്കിലെ ഉല്ലാസം കഴിഞ്ഞവർക്ക് അത്തരം പരാതി കണ്ടില്ല. വിഭവ സമൃദ്ധമായ നാടൻ ഉച്ചഭക്ഷണത്തോടും ശീതളപാനീയങ്ങളോടും കൂടിയുള്ള ഒരു ദിവസം നീളുന്ന സാഹസിക വിനോദങ്ങൾ ഏതു പ്രായത്തിലുള്ളവരും ആസ്വദിക്കും.
സുരക്ഷയിലെ അന്താരാഷ്ട്ര നിലവാരമാണ് ചെലവ് കൂട്ടിയതെന്ന് ജടായു എർത്ത് സെന്റർ സിഇഒ അജിത് കുമാർ ദീപികയോട് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിന് 100 കോടി രൂപയോളം ചെലവായി. കുട്ടികൾക്കും മുതിർന്നവർക്കും പരിപൂർണ സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. സൈനിക പരിശീലനം വരെയുള്ള ജീവനക്കാർ സന്ദർശകർക്കെല്ലാം തുണയായുണ്ട്.
• കല്ലിൽ തീർത്ത ശിൽപചാതുര്യം
സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ജടായുപ്പാറയ്ക്കു മുകളിലാണ് കൂറ്റൻ ശിൽപം നിർമിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ളതാണ് ഈ ജടായു ശിൽപം. കോണ്ക്രീറ്റിൽ തീർത്ത ശിൽപത്തിന് കരിങ്കല്ലിന്റെ പരിവേഷം നൽകുകയായിരുന്നുവെന്ന് ശിൽപി രാജീവ് അഞ്ചൽ പറയുന്നു. 1997ലെ ഓസ്കർ അവാർഡിനുള്ള വിദേശ സിനിമാ വിഭാഗത്തിലെ ഇന്ത്യയുടെ ഒൗദ്യോഗിക നോമിനേഷനായിരുന്ന ഗുരു എന്ന സിനിമയുടെ സംവിധായകന് ശിൽപനിർമാണവും മറ്റൊരു ചലച്ചിത്രാവിഷ്കാരമാകും.
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു രാജീവ് അഞ്ചലിന്റെ രൂപകൽപന. ആറു വർഷത്തിലേറെയെടുത്ത് പൂർത്തിയാക്കിയ പക്ഷി ശിൽപത്തിനോട് ചേർന്ന് 15,000 ചതുരശ്രയടി വിസ്തീർണമുള്ള സ്ഥലമാണ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. ഹൈന്ദവ സംസ്കാരവുമായി ചേർന്നുള്ള രാമായണത്തിലെ ജടായു പക്ഷിയുടെ സമീപത്തായി ശിവക്ഷേത്ര നിർമാണവും പൂർത്തിയാക്കി.
സിക്സ് ഡൈമൻഷൻ തിയറ്ററും ഡിജിറ്റൽ ഓഡിയോ വിഷ്വൽ മ്യൂസിയവുമെല്ലാം പക്ഷിച്ചിറകുകൾക്ക് അടിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സമീപത്തെ മലമുകളിൽ നിർമാണം പൂർത്തിയാക്കിയ ഹെലിപാഡിൽ നിന്ന് ആകാശക്കാഴ്ചകൾക്കും അവസരമൊരുക്കും. ആറു പേർക്ക് വീതം അഞ്ചു മുതൽ 15 മിനിറ്റ് വരെയാണ് ഹെലികോപ്റ്റർ റൈഡ്. ആവശ്യമെങ്കിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വലിയ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്ന ഗ്രൗണ്ട് കൂടിയാണ് മലമുകളിലെ ഹെലിപാഡ്.
• ആകാശക്കാഴ്ചകളിലും വിസ്മയം
സാഹസിക മലകയറ്റത്തിലൂടെയും ലോകോത്തര നിലവാരമുള്ള കേബിൾ കാർ യാത്രയിലൂടെയും ഹെലികോപ്റ്റർ ഉപയോഗിച്ചും മലമുകളിലെ ജടായു പക്ഷി ശിൽപത്തിനടുത്തെത്താം. മലമുകളിൽ പ്രത്യേക ഹെലിപാഡ് തയാറാക്കിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ആധുനിക കേബിൾ കാർ. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള ഏറ്റവും മുന്തിയ കേബിൾ കാർ ആണിത്.
വിശാലമായ ചില്ല് ജനലുകളുള്ള കേബിൾ കാറുകളിലിരുന്ന് സഞ്ചാരികൾക്ക് 360 ഡിഗ്രിയിലുള്ള കാഴ്ചകളുടെ വിസ്മയം ലഭ്യമാകും. ആയിരം അടി ഉയരത്തിലേക്കുള്ള കേബിൾ കാർ സവാരി താഴെയുള്ള പ്രകൃതിരമണീയത ആസ്വദിക്കാവുന്ന ഒരു പുതിയ ആകാശയാത്രയാകും. എട്ട് പേർക്ക് വീതം യാത്ര ചെയ്യാവുന്ന 16 കേബിൾ കാറുകളിലായി മണിക്കൂറിൽ 400 പേർക്ക് മലമുകളിലെത്താം.
ജടായുപ്പാറയുടെ മുകളിലെത്തിയാലും ദൃശ്യവിരുന്നുകൾ സഞ്ചാരികളുടെ മനം കവരും. ദൂരക്കാഴ്ചയിലെ മാസ്മരികതയിൽ മയങ്ങുമെന്നതാണ് ശരി. പക്ഷിശിൽപത്തിനു സമീപത്തു നിന്നുള്ള 360 ഡിഗ്രി കാഴ്ചകൾ മനസിൽ നിന്ന് ഒരിക്കലും മായില്ല. പക്ഷി ശിൽപത്തിനു ചുറ്റും നടന്നു നോക്കിയാൽ പ്രകൃതിയുടെ സൗന്ദര്യവും സൃഷ്ടിയുടെ വിശാലതയും മനസിൽ കുളിർമയേകും. സഞ്ചാരികളുടെ പറുദീസയെന്ന് നിസംശയം പറഞ്ഞുപോകുന്ന നിലയാണ്.
പക്ഷിശിൽപത്തിനു താഴെയായി കൂറ്റൻ മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. ഒരു മിനി ഡാം എന്നു തോന്നിക്കാവുന്നതാണ് മഴവെള്ള സംഭരണി. നിറയെ വർണ മൽസ്യങ്ങളെയിട്ട് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകം നൽകാനും മറന്നിട്ടില്ല.
• സ്ത്രീസംരക്ഷണം സന്ദേശം
ജടായു പക്ഷിശിൽപമെന്ന ആശയം ഇന്ന് വളരെ പ്രസക്തമാണെന്ന് ശിൽപി രാജീവ് അഞ്ചൽ പറയുന്നു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ കൂടി വരുന്നു. സ്ത്രീക്ക് സുരക്ഷയും ബഹുമാനവും നൽകേണ്ടത് സമൂഹത്തിന്റെ കടമയാണ്. ജടായു സ്ത്രീയുടെ സംരക്ഷകനാണ്. ജടായു എന്ന ഐതിഹ്യത്തിന്റെ സന്ദേശം രാജ്യത്തെ 130 കോടി ജനങ്ങളിലുമെത്തിക്കുകയാണ് ശിൽപിയുടെ ആഗ്രഹം. ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനമാകണം ഈ ശിൽപവും അത് നൽകുന്ന സന്ദേശവും.
സ്ത്രീകൾക്കുള്ള സമർപ്പണമാണ് ഒരർഥത്തിൽ ജടായു ശിൽപം. സ്വന്തം ജീവൻ ബലികഴിച്ചും സഹോദരന്റെ ഭാര്യയെ സംരക്ഷിക്കുന്നതിന്റെ മഹത്വമാണ് രാജീവ് അഞ്ചൽ ലോകത്തോട് പറയുന്നത്. ആസ്വാദകരുടെ മനസിൽ തറയ്ക്കാനാവുകയെന്നതാകും ഏതൊരു കലാകാരന്റെയും മോഹം. അതുതന്നെയാണ് ജടായു കണ്ടിറങ്ങുന്നവർക്ക് ശിൽപിയോടുള്ള സ്നേഹം ഇരട്ടിക്കുന്നതിനും കാരണം. സ്വന്തം നാടിനടുത്ത് തന്നെ സ്വപ്നസാക്ഷാത്കാരം ഉണ്ടാവുകയെന്നതും കലാകാരന് ആത്മസംതൃപ്തി നൽകും. കാല്പനികതയുടെ ചലച്ചിത്രകാരന്റെ മറ്റൊരു കാല്പനിക സൃഷ്ടിയാണ് ജടായു ശിൽപം.
ചിങ്ങം ഒന്നിന് ജടായു എർത്ത് സെന്ററിന്റെ രണ്ടാം ഘട്ടം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാനാണ് തീരുമാനം. ഓഗസ്റ്റ് 17ന് ഉദ്ഘാടനം നിർവഹിക്കാനുള്ള ക്ഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷ. കേബിൾ കാറിലെത്തി ശിൽപം കാണാനുള്ള അവസരമാണ് ഓണസമ്മാനമായി മലയാളിക്ക് കൈവരുക. കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വൈകാതെ ലോകത്ഭുതമായ ജടായു പക്ഷി ശിൽപത്തിലെത്തിക്കാമെന്നും സംഘാടകർ കണക്കുകൂട്ടുന്നു.
ജോർജ് കള്ളിവയലിൽ