അനൂപും വിനീതയും ശത്രുതയിലാണ്
Sunday, July 22, 2018 1:45 AM IST
അയാളെ എനിക്ക് നന്നേ പരിചയമുണ്ട്. ഞാൻ പഠിച്ച സ്കൂളിൽ തന്നെയാണ് അയാളും പഠിച്ചത്. എന്റെ സീനിയറായി പഠിച്ച ആളാണ്. കക്ഷി ഒരു കോണ്ട്രാക്ടറാണ്. കുഞ്ഞുമോൻ എന്ന അയാൾ ഏഴ് മക്കളിൽ അഞ്ചാമനാണ്. കുഞ്ഞുമോന്റെ മാതാപിതാക്കൾ ഇരുവരും ഒരുമയിൽ ജീവിച്ചിരുന്നവരാണ്. അവർ ജീവിച്ചിരുന്ന കാലത്തും പിന്നീടും തങ്ങളുടെ മക്കൾ എല്ലാവരും സാഹോദര്യത്തിൽ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നവരുമാണ്. അവരെല്ലാവരും തങ്ങളുടെ മാതാപിതാക്കളുടെ കാലത്തും പിന്നീടും അങ്ങനെയാണ് ജീവിച്ചതും ഇപ്പോഴും അവർ അങ്ങനെതന്നെയാണ് ജീവിക്കുന്നതും. കുഞ്ഞുമോൻ കഴിഞ്ഞ ദിവസം എന്നെ കാണാൻ ഞാൻ താമസിക്കുന്ന സ്ഥലത്ത് വന്നിരുന്നു. അയാൾ ഇപ്പോൾ വലിയൊരു ദു:ഖത്തിലാണ്. ദു:ഖകാരണം കേട്ടപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത്. അയാളുടെ മക്കളായ അനൂപും വിനിതയും കുറെ വർഷങ്ങളായി വലിയ പിണക്കത്തിലാണുപോലും. ശത്രുതുല്യരായി ജീവിക്കുന്ന അവരിരുവരെയും ഞാൻ വിളിച്ച് മിത്രങ്ങളാക്കണമെന്ന അഭ്യർത്ഥനയാണ് കുഞ്ഞുമോൻ എന്റെ മുന്നിൽവച്ചത്. അനൂപും വിനിതയും വിവാഹിതരാണ്. അനൂപ് വിദേശത്ത് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പവും വിനിത നാട്ടിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പവുമാണ് താമസിക്കുന്നത്. അനൂപ് എൻജിനിയറും വിനിത ബാങ്ക് ഉദ്യോഗസ്ഥയുമാണ്. അനൂപും വിനിതയും ശത്രുതാ മനോഭാവത്തോടെ കഴിയുന്നതിനാൽ അവരിരുവരുടെയും ജീവിതപങ്കാളികളും ഏതാണ്ട് അത്തരമൊരു മനോഭാവത്തിൽ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. ഇരുകൂട്ടരും അന്യോന്യം ഫോണ് വിളിക്കാറുപോലുമില്ല. കാര്യങ്ങളുടെ ഗൗരവം കുഞ്ഞുമോനും അയാളുടെ ഭാര്യക്കും മനസിലായത് ഈയിടക്ക് വിനിത രോഗബാധിതയായി ആശുപത്രിയിൽ കിടന്നപ്പോഴാണ്. ആ ദിവസങ്ങളിൽ അനൂപും കുടുംബവും നാട്ടിൽ ഉണ്ടായിരുന്നു. കുഞ്ഞുമോൻ അനൂപിനോട് വിനിതയുടെ രോഗവിവരങ്ങൾ പറഞ്ഞെങ്കിലും ആശുപത്രിയിൽ പോയി അവളെ കാണാനോ അക്കാര്യത്തോട് താൽപര്യപൂർവം പ്രതികരിക്കാനോ അയാൾ തയ്യാറായില്ല. അതിന്റെ പേരിൽ അപ്പനും മകനും തമ്മിൽ അന്ന് അത്ര ചെറുതല്ലാത്തൊരു വാക്കേറ്റവും ഉണ്ടായി. ഇക്കാര്യത്തെ സംബന്ധിച്ച് കുഞ്ഞുമോന്റെ ഭാര്യ മെർളിൻ തന്റെ മകളോട് സംസാരിച്ചപ്പോൾ എനിക്ക് അങ്ങനെയൊരു സഹോദരൻ ഇല്ലെന്നാണ് അവൾ പ്രതികരിച്ചത്. ഏതായാലും ഈയൊരു കാര്യത്തെ സംബന്ധിച്ച് കുഞ്ഞുമോന്റെ കുടുംബം ഇന്ന് നീറിപ്പുകയുകയാണ്. എങ്ങനെയെങ്കിലും മക്കളെ ഇരുവരെയും കൂട്ടിച്ചേർക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അയാളും ഭാര്യ മെർളിനും.
ഒരേ മാതാപിതാക്കളിൽനിന്ന് ജനിച്ച് എല്ലാം ഒരുമിച്ച് പങ്കുവച്ച് വളർന്ന സഹോദരീസഹോദരന്മാർ താന്താങ്ങളുടെ വഴിക്കാകുന്പോൾ ശത്രുക്കളും വെറുതേക്കാർക്ക് തുല്യരുമൊക്കെ ആകുന്നതെന്തുകൊണ്ടാണ്? സാഹോദര്യബന്ധത്തെ അവർക്ക് മറ്റേതൊന്നിനെക്കാളും ശ്രേഷ്ഠമായി കാണാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? സ്വന്തം സഹോദരരെ സ്നേഹിക്കാൻ കഴിയാതെ പോകുന്നവർക്ക് ജീവിത പങ്കാളിയേയും മക്കളേയും ഇതര ബന്ധങ്ങളേയും മാനിക്കാനും സ്നേഹിക്കാനും കഴിയുമോ? അത്തരക്കാർ അപ്രകാരം സ്വന്തം മക്കൾക്ക് നൽകുന്നത് അനുകരണീയമായ മാതൃകയായിരിക്കുമോ?.
ജനിച്ച് വളരുന്ന കുടുംബത്തിൽ മക്കൾ ഓരോരുത്തരും പലതിനെക്കുറിച്ചും തന്റേതെന്ന് ചിന്തിച്ചുവളരാതെ തങ്ങളുടേത് എന്ന് ചിന്തിച്ച് വളരാനുള്ള ശിക്ഷണവും മാതൃകയും മാതാപിതാക്കൾ അവർക്ക് നൽകേണ്ടതല്ലേ? കുഞ്ഞുമോനും മെർളിനും അത്തരത്തിൽ തങ്ങളുടെ മക്കൾക്ക് ശിക്ഷണവും മാതൃകയും നൽകാൻ കഴിയാതെപോയോ? അതോ, അത്തരത്തിലൊക്കെ അവർ നൽകിയിട്ടും മക്കൾ മുതിർന്നപ്പോൾ പരസ്പരം ശത്രുതുല്യരായി മാറുകയായിരുന്നോ? അങ്ങനെ അവർ ആയി മാറുന്നതിന് കാരണമായി പ്രത്യേകമായ ഏതെങ്കിലും സാഹചര്യമോ സംഭവമോ ഉണ്ടായോ? വിവാഹത്തിന് മുന്പ് അവരിരുവരും അപ്രകാരമായിരുന്നോ, അതോ വിവാഹശേഷം ഇരുവരും അത്തരമൊരവസ്ഥയിലേക്ക് എത്തിച്ചേരുകയായിരുന്നോ? അത്തരമൊരവസ്ഥ ഇരുവരുടെയും സാഹോദര്യബന്ധത്തിൽ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരുടെയും ജീവിത പങ്കാളികൾക്കോ അവരുടെ മാതാപിതാക്കൾക്കോ ഇതര ബന്ധുക്കൾക്കോ എന്തെങ്കിലും പങ്കുണ്ടോ?.
മേൽപറഞ്ഞ സ്വാധീനങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നുവന്നാൽ പോലും ഇരുവരുടെയും ജീവിതപങ്കാളികൾക്കു സഹോദരങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കുന്നതിലും കൂട്ടിനിർത്തുന്നതിലും യാതൊന്നും തന്നെ ചെയ്യാൻ കഴിയാതെ പോയി എന്ന് പറയേണ്ടി വന്നാൽ അതിനെ നമുക്ക് അനുകൂലിക്കാനാകുമോ? മക്കളുടെ എണ്ണം കുടുംബത്തിൽ കുറയുന്പോൾ സ്വാർത്ഥ ചിന്തകളും മനോഭാവങ്ങളും അവർക്കിടയിൽ വർധിക്കുകയാണോ ചെയ്യുന്നത്?
ഏതായാലും കുഞ്ഞുമോനെ സഹായിക്കാനും അയാളുടെ മക്കളെ വിളിച്ചുവരുത്തി സാഹോദര്യ ബന്ധത്തിന്റെ സന്പന്നതയെപ്പറ്റി അവരെ ബോധ്യപ്പെടുത്തുവാനും ഞാൻ തീരുമാനിച്ചു.
സിറിയക് കോട്ടയിൽ