മരണമില്ലാത്ത വയലാർ
Sunday, October 21, 2018 4:44 AM IST
“ഇല്ലെനിക്കൊരിക്കലും മരണം-തുറുങ്കുകൾ-
ക്കുള്ളിലിട്ടൊരു നാളുമടയ്ക്കാനാവില്ലെന്നെ’’
വയലാർ
മലയാളത്തിന്റെ ഗന്ധർവ്വ കവി വയലാർ രാമവർമ്മ അന്തരിച്ചിട്ട് ഒക്ടോബർ 27 ന് 43 വർഷം. വയലാർ തന്റെ സാഹിത്യ ജിവീതിത്തിൽ ഏറ്റവും കൂടുതൽ ഗാനരചനയിലായിരുന്നു. സാധാരണ ജനങ്ങൾക്ക് ഹൃദായവർജ്ജകമായ ഭാവഗീതങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ. മലയാള ഭാഷയ്ക്ക് ലാവണ്യവും സൗന്ദര്യവുമുണ്ടെന്ന് കാട്ടിത്തന്നു. ജനഹൃദയങ്ങളിൽ ഇപ്പോഴും തേൻമഴ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഏതാനും ഗാനങ്ങൾ.
കവിതയുടെ ലോകത്തുനിന്നും വയലാർ രാമവർമ്മ 1955-ൽ "കൂടെപ്പിറപ്പ്’ എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ട് സിനിമാരംഗത്തെത്തി.
തുന്പീ, തുന്പീ, വാവാ-ഈ
തുന്പത്തണലിൽ വാവാ.....
ഇരുപത് വർഷംകൊണ്ട് മൂവ്വായിരത്തിലേറെ ഗാനങ്ങൾ രചിച്ചു. മാലയാളഭാഷയെ വസന്ത പുഷ്പാഭരണ ചാർത്തി സ്വർണ്ണച്ചാമരം വീശിനിൽക്കുന്നു. കവിതയെ ഗാനമാക്കിയും ഗാനത്തെ കവിതയാക്കിയും പ്രേമം, ഭക്തി, വിപ്ലവം,ശോകം, ദേശഭക്തി, ഹാസ്യം എല്ലാമേഖലകളിലും സംസ്കൃതപദങ്ങളും മലയാളപദങ്ങളും കൂട്ടിയിണക്കി എഴുതിയ ഗാനങ്ങളെല്ലാം സ്വർണ്ണമരാളങ്ങളായിരുന്നു. മലയാളിയുടെ മനസ്സിൽ മായാത്ത മഴവില്ലായി ഇന്ദ്രധനുസ്സിൽ തൂവൽ പോലെ നിത്യഹരിത ഗാനങ്ങൾ മരണമില്ലാതെ ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.
“ഉറങ്ങാത്ത സുന്ദരി’ എന്ന സിനിമയിലെഴുതിയ വരികൾ:
“ചന്ദനക്കല്ലിലുരച്ചാലെ
സ്വർണ്ണത്തിൻ മാറ്ററിയൂ
കാറ്റിൻ ചോലയിൽ അലിഞ്ഞാലേ
കൈതപ്പൂവിൻ മണമറിയൂ
കവിതകൾ തൻ ചിറകിലുയർന്നാലേ
ഗാനത്തിൻ അഴകറിയൂ.’’
കാല്പനിക പദാവലികളാൽ ആശയങ്ങൾകൊണ്ട ഭാവഗീതങ്ങളാണ്. ചലച്ചിത്രഗാനരംഗത്തെ ചക്രവർത്തിയായിരുന്നു. ഗാനങ്ങളുടെ ഗ്രാമ്യ പദാവലികളും ശില്പലാവണ്യവും കൊണ്ട് ഗാനശാഖയെ പുഷ്ടിപ്പെടുത്തി.
1972-ൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ ലഭിച്ചത് “അച്ഛനും ബാപ്പയും’’ സിനിമയ്ക്ക് എഴുതിയ ഗാനത്തിനായിരുന്നു. സമകാലീന സംഭവങ്ങൾ പരിശോധിക്കുന്പോൾ ഈ വരികളുടെ ആശയസന്ദേശം ഇന്ത്യക്ക് മാതൃകയാണ്. കവിയുടെ ക്രാന്തദർശനം കാലം പിന്നിടുന്പോഴും പ്രസക്തി ഏറിവരുന്നു. മതത്തിന്റെയും ജാതിയുടെയും പേരിൽ, ആഹാരം കഴിക്കുന്നതിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന കാലത്ത്:
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചൂ
മനസ്സുപങ്കുവച്ചൂ...’’
മാനവികതയുടെ ശംഖൊലി മുഴക്കുന്ന ഈ വരികൾ വർഗ്ഗീയവാദികൾക്കെതിരെയുള്ള അഗ്നിജ്വാലയാണ്. എക്കാലവും മനുഷ്യമനസ്സിൽ കാൽപ്പനികത പൂത്തുലഞ്ഞ് പ്രേമസങ്കൽപ്പങ്ങളുടെ മധുരവികാരം തുളുന്പി നിൽക്കുന്ന പ്രണയഗാനങ്ങൾ “ചെന്പരത്തി’’ സിനിമയിൽ:
“ചക്രവർത്തിനി നിനക്ക് ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്ത് വെയ്ക്കൂ നീ
നഗ്നപാദയായ് അകത്തു വരൂ...’’
ഗാനദേവതയുടെ സാലഭഞ്ജികകളുടെ മണ്ചെരാതുകളിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.
ഭൂമി ദേവിയെ ചുംബിച്ചുണർത്തിക്കൊണ്ട് പ്രകൃതിയേയും കാലത്തേയും കൂട്ടിയിണക്കി മനുഷ്യസംസ്കാരത്തിന്റെ പരന്പരാഗത ഭൂമിയിൽ നിന്നുകൊണ്ട് പാടി “നദി’’ എന്ന സിനിമയിൽ:
“പുഴകൾ മലകൾ പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദന ശീതള മണൽപ്പുറങ്ങങ്ങൾ....’’
അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ സ്വപ്നം, സാക്ഷാത്ക്കരിക്കുന്നതിന് നിസ്വരായ ജനങ്ങൾ സംഘടിച്ചേ മതിയാവൂ. സമരകാഹളം മുഴക്കി വിപ്ലവത്തിന്റെ തത്ത്വശാസ്ത്രം ലളിതമായി പാടിയിരിക്കുന്നു. ഓരോ വരികളും കേൾക്കുന്ന തൊഴിലാളിക്ക് ഉദ്ബോധന സന്ദേശങ്ങളാണ്.
“സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ. സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ.’’ ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ വസുന്ധരയിൽ കൊതിതീരുംവരെ ജീവിക്കാതെ ദേവലോകത്തേക്ക് പറന്നുപോയ രാജഹംസം.
മനുഷ്യന്റെ അടിസ്ഥാന വികാരമായ പ്രണയവും രതിയും ഇഴചേർത്ത് മധുരവികാരത്തിന്റെ മാംസളമായ കാമോപാസനയുടെ ആഴങ്ങളിലേയ്ക്ക് അചുംബിതമായ ഗീതങ്ങൾ. ഹൃദയാവർജ്ജകമായി ശ്രീപാർവ്വതിയുടെ അഴകിനെ മഹാകവി കാളിദാസൻ കുമാരസംഭവത്തിൽ വർണ്ണിക്കുന്പോൾ വയലാർ “ഭൂമിദേവി പുഷ്പിണിയായി’’ എന്ന സിനിമയിൽ കാളിദാസന്റെ സംസ്കൃതത്തിനു തത്തുല്യമായിരിക്കുന്ന വരികൾ:
“കണ്പീലികളിൽ തങ്ങി-ചുണ്ടിലെ
കമലക്കൂന്പുകൾ നുള്ളി
മാറിൽ പൊട്ടിത്തകർന്നു ചിതറി
മൃദുരോമങ്ങളിടറി
പൊക്കിൾക്കൊടിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി.’’
മലയാള പദങ്ങൾക്ക് സൗന്ദര്യവും സുഗന്ധവുമുണ്ടെന്ന് അനുഭവിപ്പിച്ച എത്രയെത്ര പാട്ടുകൾ.
സംഗീതത്തിന്റെ രാജശില്പിയായ ജി.ദേവരാജൻ മാസ്റ്ററുടെ ഈണസൗകുമാര്യം കൊണ്ട് മലയാളിയുടെ ചുണ്ടുകൾ പാടി ആസ്വദിക്കുന്നു. കൂടെപ്പിറപ്പിലെ തുന്പീ വാ-ചലച്ചിത്രഗാനത്തിൽ തുടങ്ങി എന്റെ പൊന്നു തന്പുരാൻ വരെ 223 സിനിമകൾക്ക് സുവർണ്ണകാവ്യങ്ങളെഴുതിയ വയലാർ ചരിത്രത്തിൽ ഒരാൾ മാത്രം. മരണത്തിന്റെ മുഖത്ത് നോക്കി അദ്ദേഹം പാടി:
“പോകൂ മരണമേ പോകൂ’’
മലയാള സാഹിത്യ ചരിത്രത്തിൽ ആദ്യസംഭവമായിരുന്നു വയലാർ രാമവർമ്മ അന്തരിച്ച ദിവസം. അന്ന് കേരളത്തിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. മലയാള ഭാഷയുള്ളിടത്തോളം കാലം എനിക്കു മരണമില്ല എന്നു പ്രഖ്യാപിച്ച വയലാർ രാമവർമ്മയെക്കുറിച്ച് പഠിച്ചാൽ മതി, മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോർമുല കിട്ടും.
ഗന്ധർവ്വക്ഷേത്രം സിനിമയിൽ ജി.ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയ
“വസുമതി ഋതുമാതി ഇനിയുണരു
ഇവിടെ വരൂ, ഈ
ഇന്ദുപുഷ്പഹാരമണിയൂ...മധുമതി.’’
മലയാളി ഇന്നും വയലാറിന്റെ ഗാനങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പാടുന്നു.
“മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു.
കറുത്ത ചിറകുമായി മരണം വന്നുവിളിക്കുന്നതിനുമുന്പ് അദ്ദേഹം പാടി.
“ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ, പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ?
വസുന്ധരേ, വസുന്ധരേ...
മതിയാകുംവരെ
ഇവിടെ ജീവിച്ചുമരിച്ചവരുണ്ടോ?’’
വയലാർ അവാർഡ്ദാന ചടങ്ങിൽ പ്രശസ്തപണ്ഡിതനായിരുന്ന സുകുമാർ അഴീക്കോട് പറഞ്ഞു “മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയൻസ് കണ്ടുപിടിക്കാൻ പോകുന്നെന്നു പറയുന്നു. വാർത്ത വായിച്ചപ്പോൾ എനിക്കു ചിരിയാണ് വന്നത്, മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാൾ ഓജസ്സോടെ വയലാർ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാർ കാണുന്നില്ലേ, വയലാറിന്റെ ജീവിതം പഠിച്ചാൽ മതി മരിച്ചാലും ജീവിക്കുവാനുള്ള ഫോർമുല കിട്ടും.’’
സുബ്രഹ്മണ്യൻ അന്പാടി, വൈക്കം