മറക്കാനാവുമോ നിന്നെ?
Sunday, January 13, 2019 2:49 AM IST
തിരുവനന്തപുരംകാരനാണയാൾ. പേര് ആൻഡ്രൂസ്. കണ്ണൂരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് ട്രാൻസ്ഫറായിട്ട് അധിക നാളായിട്ടില്ല. പി.ഡബ്ള്യു.ഡി ഡിപ്പാർട്ടുമെന്റിലാണ് ജോലി. ആൻഡ്രൂസിന്റെ ഭാര്യ ടീച്ചറാണ്. തിരുവനന്തപുരത്താണ് പഠിപ്പിക്കുന്നത്. ജയിനി എന്നാണ് പേര്. ജയിനിയുടെയും ആൻഡ്രൂസിന്റെയും പ്രേമവിവാഹമായിരുന്നു.
ഇരുവരും കോളജിൽ പഠിച്ചിരുന്ന കാലത്താണ് പ്രേമം മൊട്ടിട്ടത്. ഇവർക്ക് മൂന്ന് മക്കളാണ്. മൂത്തത് ആണും ഇളയത് രണ്ടും പെണ്കുട്ടികളുമാണ്. മൂത്തവൾ ആനിയുടെ വിവാഹം കഴിഞ്ഞു.
ആനിയും അവളുടെ ഭർത്താവും ദുബായിലാണ്. മെക്കാനിക്കൽ എൻജിനിയറിങ്ങ് കഴിഞ്ഞ ആനിയുടെ ഭർത്താവ് അരുണ് വിവാഹത്തിന് മുന്പുവരെ നാട്ടിലാണ് ജോലി ചെയ്തിരുന്നതെങ്കിലും വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം അയാൾ ദുബായിലേക്ക് പോവുകയായിരുന്നു. ഇരുവരും ഇപ്പോൾ അവിടെയാണ്. മൂത്തവൻ ജിയോ അവിവാഹിതനാണ്.
ഉടനെയെങ്ങും തനിക്ക് വിവാഹം വേണ്ടെന്ന നിലപാടിലാണ് അയാൾ. ഇവർക്ക് രണ്ടിനും ഇടയിലുള്ള സുജിലയാണ് ഈ വീട്ടിലെ ഇപ്പോഴത്തെ പ്രശ്നം. അവൾ പ്രേമത്തിലാണ്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സുജില തനിക്കൊപ്പം ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനും അക്രൈസ്തവനുമായ ജസ്സോ എന്ന യുവാവിനെയാണ് പ്രേമിക്കുന്നത്.
ജസ്സോയെയല്ലാതെ മറ്റാരെയും താൻ വിവാഹം ചെയ്യില്ലെന്ന പിടിവാശിയിലാണ് സുജില. ഈ വിവാഹത്തിന് ആൻഡ്രൂസിന് അര മനസുണ്ടെങ്കിലും ജയിനിക്ക് അക്കാര്യത്തിൽ ഒട്ടും മനസില്ല. തന്റെ മാതാപിതാക്കൾ സമ്മതിച്ചാലും ഇല്ലെങ്കിലും താൻ വിവാഹം കഴിക്കുന്നത് തന്നെ അടുത്തറിയുന്ന, തനിക്ക് ചേർന്നുപോകാൻ സാധിക്കുന്ന ജസ്സോയെ മാത്രമായിരിക്കുമെന്നാണ് സുജില പറയുന്നത്.
തങ്ങളുടെ മകൾ തങ്ങൾക്കും കുടുംബത്തിനും ചേരാത്ത ഒരു വിവാഹ ബന്ധത്തിലേക്ക് പോയാൽ അതിനെ പിൻതുണയ്ക്കാൻ തങ്ങൾക്കെങ്ങനെ സാധിക്കുമെന്നാണ് സുജിലയുടെ മാതാപിതാക്കൾ ചോദിക്കുന്നത്. തങ്ങൾക്ക് ഒരു മകൾ മാത്രമല്ല, വേറെ രണ്ട് മക്കൾകൂടിയുണ്ടെന്നും അവരെയും അവരുടെ ഭാവിയേയും ഒക്കെ കണക്കിലെടുക്കുന്പോൾ കണ്ണുമടച്ച് ഈ വിവാഹത്തിന് സമ്മതം നൽകാൻ ആവില്ലെന്നും അവർ പറയുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മനസില്ലാമനസ്സോടെ അവസാനം തങ്ങളുടെ മകളുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി അവൾ സ്നേഹിക്കുന്ന പയ്യന്റെ വീടും ചുറ്റുപാടും കാണാൻ വേണ്ടി അവർ തമിഴ്നാടിന് പോയി. ജസ്സോയുടെ അമ്മയുടെയും അച്ഛന്റെയും രണ്ടാം വിവാഹമാണ.് അവന്റെ അമ്മ ഇപ്പോൾ അച്ഛനോട് പിണങ്ങി തന്റെ സഹോദരനൊപ്പമാണ് താമസിക്കുന്നത് . ഈ ബന്ധത്തിൽ അവർക്ക് ഒരു മകൾകൂടിയുണ്ട.് അമ്മയ്ക്കൊപ്പം താമസിക്കുന്ന അവൾ ഡിഗ്രി വിദ്യാർഥിനിയാണ്.
ഇപ്രകാരം ഉള്ള ഒരു കുടുംബവുമായി ബന്ധുത കൂടാൻ തങ്ങൾ തയ്യാറല്ലെന്നും തങ്ങളുടെ വാക്കുകൾ കേൾക്കാൻ തങ്ങളുടെ മകൾ തയ്യാറാകുന്നില്ലെങ്കിൽ അവളുടെ ഇഷ്ടംപോലെ അവൾക്ക് തീരുമാനം എടുക്കാമെന്നും സുജിലയുടെ മാതാപിതാക്കൾ പറഞ്ഞു. അവസാനം അവൾ വിചാരിച്ചതുപോലെതന്നെ കാര്യങ്ങൾ നടന്നു. അവൾ വീട് വിട്ടിറങ്ങി ജസ്സോയെ രജിസ്റ്റർ മാര്യേജ് ചെയ്തു. വിവാഹശേഷം കാര്യങ്ങൾ സുഖകരമാകുമെന്ന് കരുതിയ സുജിലയ്ക്ക് തെറ്റി. ജസ്സോ തന്റെ അച്ഛനുമായി പിണങ്ങി. മദ്യപാനിയായ അയാളുടെ സഹവാസത്തിൽ ആ വീട്ടിൽ കഴിയാനാവില്ലെന്ന നിലപാടിൽ സുജിലയും എത്തി. ഇതിനിടയ്ക്ക് തന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി ബന്ധപ്പെടാൻ അവൾ ആഗ്രഹിച്ചെങ്കിലും അവളുടെ ദുരഭിമാനം അതിനവളെ അനുവദിച്ചില്ല.
വിവാഹത്തിന് ആറ് മാസത്തിനു ശേഷം ജസ്സോ അപകടത്തിൽപ്പെട്ടു. ആ അപകടത്തിൽ ജസ്സോയുടെ വലതുകാലിന് ഗുരുതരമായ ക്ഷതവും സംഭവിച്ചു. ഓപ്പറേഷനും ചികിൽസയ്ക്കുമായി വലിയൊരു തുക വേണ്ടിവന്നു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ജസ്സോയുടെ ബന്ധുക്കൾക്കും പണം നൽകി അയാളെ സഹായിക്കാൻ കഴിഞ്ഞില്ല. സുജിലയുടെ സുഹൃത്തുക്കളാണ് ഒരു പരിധിവരെ സാന്പത്തികമായി ഇക്കാര്യത്തിൽ അവരെ സഹായിച്ചത്. ചികിൽസയുടെ സമയത്തോ അതുകഴിഞ്ഞോ സുജില തന്റെ മാതാപിതാക്കളുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാൻ ശ്രമിച്ചതുമില്ല.
ഇപ്പോൾ സുജില ജോലിക്ക് പോകുന്നുണ്ടെങ്കിലും ജസ്സോ ചികിൽസയിൽതന്നെയാണ്. മൂന്നുമാസം ഫിസിയോ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. കാര്യങ്ങളൊക്കെ ആരോ വഴി കേട്ടറിഞ്ഞ ആനി തന്റെ അനുജത്തിയുമായി ബന്ധപ്പെട്ടു. ആനിവഴി സുജിലയുടെ മതാപിതാക്കളും സഹോദരങ്ങളും സുജിലയുടെ ദുരവസ്ഥ അറിഞ്ഞു. താമസിയാതെതന്നെ അവർ ചെന്നൈയിലേക്ക് പോയി. അപ്രതീക്ഷിതമായി തന്റെ മാതാപിതാക്കളെയും സഹോദരനെയും കണ്ട സുജിലയുടെ കണ്ണുകൾ ഈറനണിഞ്ഞു.
അവൾ തന്റെ മാതാപിതാക്കളുടെ കാൽക്കൽ വീണു. അവരിരുവരും അവളെ കെട്ടിപ്പുണർന്നു. പിടിവാശിയും എടുത്തുചാട്ടവും ജീവിതത്തിൽ നഷ്ടങ്ങളേ വരുത്തൂ എന്ന സത്യം സുജില തന്റെ ജീവിതാനുഭവത്തിൽനിന്നും പഠിച്ചു. നമ്മുടെ ചുറ്റുപാടും നടക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ മക്കൾക്ക് പാഠമാകട്ടെ. മക്കൾ ഓർമ്മിക്കാൻ മിന്നുന്നതെല്ലാം പൊന്നല്ല.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]