കടം വാങ്ങി കുടുംബം കഴിയുന്നവർ
Sunday, May 12, 2019 1:29 AM IST
--“അമ്മേ വല്ലതും തരണേ...”
വീടുകളിൽ കയറി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടകരുടെ സ്ഥിരം പല്ലവി. ഇതു വെറും സാധാരണ ഭിക്ഷക്കാരന്റെ സാധാരണ പല്ലവി. ഇത്തരം വിളിച്ചു കൂവലുകളൊന്നുമില്ലാതെ, ഇത്തരക്കാരെ കടത്തിവെട്ടുന്ന തരത്തിൽ ഈ പണി ചെയ്യുന്ന ഡീസന്റ് തെണ്ടീസൂണ്ട് നമ്മുടെ ഇടയിൽ. അന്യന്റെ കൈവശമിരിക്കുന്നതൊക്കെ ഇരന്നു വാങ്ങി അന്നത്തേടം കഴിച്ചുകൂട്ടുന്നവർ.
കടം കൊടുത്തവനെ പിന്നീടു കണ്ടാൽ ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയംപോലും കാട്ടാത്ത മുങ്ങൽ വിദഗ്ധർ. അവരുടെ ഭാഷയിൽ അവർ പാവം കടംവാങ്ങികളാണ്. വേറൊരു വഴിയും കാണാത്തതിനാൽ വായ്പ വാങ്ങി കുടുംബം കഴിയുന്നവരാണ്.
കടം വാങ്ങുന്നവരെങ്കിലും, അവർ സത്യത്തിൽ ആഡംബരജീവികളാണ്. അവരുടെ വീടുകൾ അത്യന്താധുനിക വീട്ടുപകരണങ്ങളുടെ ഷോറൂമുകളുമാണ്. കടം വാങ്ങികളായ അവർക്ക് കടം വാങ്ങാനേ അറിയൂ. അതു തിരികെ കൊടുക്കാൻ അറിയില്ല. അവർ അന്വേഷകരാണ്. പുത്തൻ ഇരകളെത്തേടി നടക്കുന്ന അന്വേഷകർ. അത്തരമൊരു മാന്യനാണ് ഇവിടെ മുഖ്യകഥാപാത്രം. ശ്രീമാൻ കൊല്ലിത്താനം അന്തോനിച്ചൻ.
ഭാര്യ ലില്ലി. മക്കൾ ശാലിനിയും സജിയും. “അച്ഛൻ ഇവിടെയില്ല, തട്ടിൻപുറത്തുമില്ല ”എന്ന് പണ്ടേതോ കുട്ടികൾ വീട്ടിലെത്തിയ കടക്കാരനോട് തട്ടിവിട്ടതുപോലെ വിഡ്ഢിത്തം പറയുന്നവരല്ല അന്തോനിച്ചന്റെ ഭാര്യയും കുട്ടികളും. വീട്ടിലെത്തുന്ന കടക്കാരെ പറഞ്ഞയയ്ക്കാനുള്ള അത്യാവശ്യ തന്ത്രങ്ങളൊക്കെ അയാൾ അവരെ പഠിപ്പിച്ചിട്ടുണ്ട്.
“അന്തോനിച്ചനില്ലേ ഇവിടെ?” സിബി ഹോട്ടൽ പ്രൊപ്രൈറ്റർ ശ്രീമാൻ ചേന്നോത്തു ചാക്കോച്ചൻ അവർകൾ. പത്തും നൂറുമൊന്നുമല്ല അന്തോനിച്ചൻ അയാൾക്ക് കൊടുക്കാനുള്ളത്, പതിനായിരമാ. ലില്ലി പൂമുഖത്തെത്തി ആഗതനെ സ്വീകരിച്ചു മുറിയിലിരുത്തി. പാലുകൂട്ടി നല്ല മധുരത്തിൽ ഒരു കാപ്പിയും കൊടുത്തു. “രാവിലെ ഇത്തിരി പൈസയ്ക്കായി പോയതാ. കിട്ടാതിരിക്കില്ല. കിട്ടിയാലുടനെ അങ്ങെത്തിക്കാമെന്നു പറഞ്ഞു.”
ചാക്കോച്ചൻ മിസ്സിസ് അന്തോനിച്ചനെ ദയനീയമായി ഒന്നു നോക്കി. പിന്നെ ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. വെട്ടം വീഴും മുന്പേ അന്തോനിച്ചൻ വീടുവിടും. ഇരുട്ടു പരന്നാലെ അവിടെ തിരിച്ചു കയറൂ. വീടും വീടിരിക്കുന്ന സ്ഥലവും മാത്രമേ സ്വന്തമെന്നു പറയാനുള്ളൂ. രാഷ്ട്രീയക്കാരനാണ്. കൂടെ ഇത്തിരി മദ്യപാനവും കുറെ "കന്പിനി’ കളുമുണ്ട്.
കുറേനാളു മുന്പുവരെ ഇലക്ട്രോകെമിക്കൽസിലെ ഉദ്യോഗസ്ഥനായിരുന്നു. തൊഴിലാളി സമരത്തെത്തുടർന്ന് ഫാക്ടറി പൂട്ടിയതിനാൽ ഏക വരുമാനമാർഗമായിരുന്ന ആ പണിയും പോയി. പിന്നെ കാണുന്നവരോടെല്ലാം കടം വാങ്ങുകയെന്നത് അയാളുടെ ഒരു ശീലമായിത്തീർന്നു.
അന്യരുടെ മുന്പിൽ കൈനീട്ടാൻ അയാൾക്ക് യാതൊരു മടിയുമില്ല. കടം കൊടുത്തവൻ പണം തിരികെ ചോദിക്കാൻ ചെല്ലുന്പോൾ അവന്റെ മുന്പിൽ മിസ്റ്റർ അന്തോനിച്ചൻ ഒരു തത്ത്വജ്ഞാനിയായി മാറും.
പിന്നെ സന്പത്തിന്റെ തുല്യവിതരണത്തെപ്പറ്റിയും അതിന്റെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും നശ്വരതയെപ്പറ്റിയുമൊക്കെ അയാൾ വാതോരാതെ സംസാരിക്കും. ഒരിക്കൽ അയ്യായിരവും അതിന്റെ പലിശയും കൊടുക്കാനുണ്ടായിരുന്ന ബ്ലേഡുകാരനോട് തട്ടിക്കയറിയതിന്റെ ഫലമായിട്ടാണ് അയാളുടെ അണപ്പല്ലൊന്നു തെറിച്ചുപോയതെന്ന സംസാരവും നാട്ടുകാർക്കിടയിലുണ്ട്. എങ്ങനെയുണ്ട് ശ്രീമാൻ കൊല്ലിത്താനം അന്തോനിച്ചൻ?
ഇത്തരം അന്തോനിച്ചന്മാർ നാടുനീളെ മുളച്ചു പൊങ്ങുന്നതിനനുസരിച്ച് ആളുകൾക്ക് പരസ്പരമുള്ള വിശ്വാസവും ആത്മാർഥതയും കുറഞ്ഞുകുറഞ്ഞുവരികയാണ്. കടം വാങ്ങുന്നതിനെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, കടം വാങ്ങിയിട്ട് അതു തിരികെ കൊടുക്കാൻ ശുഷ്കാന്തിയില്ലാത്തവരെപ്പറ്റി എന്തു പറയണം? കടം വാങ്ങിയിട്ട് തിരികെ കൊടുക്കുവാൻ മടി കാട്ടുന്നവൻ എത്രതന്നെ ന്യായവാദം മുഴക്കിയാലും അവൻ ചെയ്യുന്നത് അന്യായമാണ്. ആത്മാർഥത തൊട്ടുതീണ്ടാത്ത പ്രവൃത്തിയാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]