കീശയിലാണാശ്വാസം
Sunday, July 28, 2019 2:08 AM IST
വാർധക്യകാലത്ത് മക്കളുടെ പരിചരണം ലഭിക്കുക എന്നത് ഭാഗ്യമാണ്. ഈ മഹാഭാഗ്യത്തിനു പിന്നിൽ സ്നേഹപാശത്താൽ ബന്ധിതമായ, ക്രമീകൃതമായ, ദൈവാനുഗ്രഹമുള്ള ഒരു കുടുംബജീവിതം ഉണ്ടെന്നുള്ളതാണു പരമാർഥം.
പിഞ്ചുകുഞ്ഞുങ്ങളായിരിക്കുന്പോഴേ ഇല്ലായ്മയും വല്ലായ്മയും അല്ലലും അലച്ചിലും കണ്ടറിഞ്ഞു വളരാൻ മക്കൾക്ക് അവസരം കൊടുക്കൂ. സന്പാദ്യം വർധിച്ചാൽ അതും അവരറിയട്ടെ. ഉള്ളഴിഞ്ഞ സ്നേഹവും ധാരണയും പങ്കുവയ്ക്കലും സ്വാഭാവിക ശീലമായിക്കഴിഞ്ഞ കുടുംബാംഗങ്ങളിൽ ശങ്കയ്ക്കും ഭീതിക്കും സ്ഥാനമില്ല. തുറന്ന പുസ്തകമാകട്ടെ ഭവനാന്തരീക്ഷം.
മക്കളെ വളർത്തി വലിയവരാക്കാൻ പെടാപ്പാടുപെടുന്നു മാതാപിതാക്കൾ. തങ്ങളുടെ അഭിവൃദ്ധിക്കു പിന്നിൽ ത്യാഗപൂർണമായ സംഭാവിയുണ്ടെന്നു മനസിലാക്കാതെ സ്വന്തം ജീവിതം കെട്ടിയുയർത്തുന്ന കുട്ടികൾ സ്വാർഥരായി മാറും. അപ്പോഴാണ് സ്വന്തം പരിരക്ഷയ്ക്കായി (മക്കളെ തങ്ങളിലേക്ക് അടുപ്പിക്കാൻ) പൊന്നോ പണമോ മണ്ണോകൊണ്ട് ഒരു രക്ഷാമതിൽ രക്ഷാകർത്താക്കൾ തീർക്കുന്നത്. കറയില്ലാത്ത പരസ്പര സ്നേഹത്തിന്റെ കുമ്മായക്കൂട്ടില്ലാതെ പൊന്നോ പണമോ അടുക്കിക്കൂട്ടി കെട്ടിപ്പൊക്കുന്ന അത്തരം സംരക്ഷണഭിത്തികളാണോ വൃദ്ധമാതാപിതാക്കൾക്ക് കവചമാകേണ്ടത്?
വാർധക്യത്തിൽ എല്ലാ മക്കളുടെയും പരിചരണം ഏറ്റുവാങ്ങി അവരോടു വിടപറഞ്ഞു പടിയിറങ്ങുന്ന മാതാപിതാക്കൾ എത്രയോ വലിയ ഭാഗ്യവാന്മാർ! അവർ ശേഷിപ്പിച്ചിട്ടു പോയ സ്നേഹത്തിന്റെ അലയടിയിൽ കഴിയുന്ന മക്കളും ഭാഗ്യവാന്മാർ. ആ മഹാഭാഗ്യത്തിന്റെ ബീജാവാപം നടക്കേണ്ടത് ദാന്പത്യാരംഭത്തിൽ ആയിരിക്കണം.
സിസിലിയാമ്മ പെരുമ്പനാനി