ബാല്യം വീണ്ടും
Sunday, August 11, 2019 2:09 AM IST
ശൈശവ, ബാല്യാവസ്ഥകളിൽ നമ്മുടെ ഓമനകൾ കാട്ടുന്ന കുസൃതികൾ, ചാപല്യങ്ങൾ, ശാഠ്യം എല്ലാം നമ്മെ രസിപ്പിക്കാൻ പോന്നവയാണ്. അതിരുവിട്ട അടിച്ചേൽപ്പിക്കലിൽകൂടി കുഞ്ഞുങ്ങളെ "വരുതിക്കു നിർത്തി' ഒരു ചട്ടക്കൂട്ടിലാക്കാൻ ബുദ്ധിമതികൾ മുതിരുകയില്ല. ഉണ്ണികൾ ആപത്തിൽപ്പെട്ടാൽ മുതിർന്നവർ ഓടിയെത്തും. രോഗം ബാധിച്ചാൽ ഉറക്കമിളച്ചു കാത്തിരിക്കും. ഇതിനെല്ലാം പ്രതിഫലം പ്രതീക്ഷിക്കുന്ന മാതാപിതാക്കൾ ഭൂമിയിലുണ്ടോ?
ഏതാണ്ടു ബാല്യംപോലെയാണു വാർധക്യവും. വയോധികരുടെ അപരിചിതമായ പെരുമാറ്റരീതികൾ കണ്ട് അന്പരന്നുപോകേണ്ടതില്ല. കാരണം, ഇതവരുടെ രണ്ടാം ബാല്യമാണെന്നതുതന്നെ. പ്രസിദ്ധ അമേരിക്കൻ നോവലിസ്റ്റായ പേൾ എസ്ബക് വയോധികരെ പരാമർശിക്കാൻ മനോഹരമായ ഒരു പദപ്രയോഗം നടത്തിയിട്ടുണ്ട്. - "Grown up babies', പ്രായമായവർക്കു ദൗർബല്യങ്ങളുണ്ട്. ഭക്ഷണത്തോട് ഇഷ്ടവും ഇഷ്ടക്കേടും ഉണ്ട്. ചിലപ്പോൾ മൗനം, മറ്റു ചിലപ്പോൾ ബഹളംകൂട്ടൽ.
കുഞ്ഞുങ്ങളിൽ ഇവയെല്ലാം വളർച്ചയുടെ ലക്ഷണങ്ങളാണെങ്കിൽ വൃദ്ധരിൽ തളർച്ചയുടേതാണെന്നു മാത്രം. ഇക്കൂട്ടരെ ഏകാന്തതയുടെ ആഴക്കയങ്ങളിൽനിന്നു സ്നേഹത്തിന്റെ ജീവനുള്ള പ്രകാശത്തിലേക്കു നയിക്കാൻ കഴിയുന്ന യുവദന്പതികളും കൊച്ചുമക്കളും ദൈവകൃപ നേടുന്നു. വല്യമ്മയുടെയും വല്യപ്പന്റെയും സാമീപ്യം ആസ്വദിക്കാനും കഥകൾ കേൾക്കാനും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക. അങ്ങനെ മരിക്കുവോളം ജീവിക്കുന്ന മനുഷ്യരായി ബാല്യം ആസ്വദിക്കാൻ Grown up babies-നു കഴിയട്ടെ. അവർ പിരിഞ്ഞുപോയ ശേഷവും അനുഗ്രഹത്തിന്റെ അലയടി കുടുംബത്തിൽ അനുഭവപ്പെടും, സംശയം വേണ്ട.
സിസിലിയാമ്മ പെരുന്പനാനി