ഇതാ വീണ്ടും ഒരു ഓണം വന്നെത്തി. ഇക്കുറി നല്ലതായിട്ടുതന്നെ എരിവും പുളിയും അതോടൊപ്പം ചേർന്നു മധുര പായസവുമായി ഓണം ആസ്വദിക്കാം.
പരിപ്പ് കറി
ചെറുപയറിൻ പരിപ്പ് ഒരു കപ്പ് വറുത്തത്, തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്, പച്ചമുളക് - രണ്ടെണ്ണം, വെളുത്തുള്ളി - നാല് അല്ലി, ജീരകം - ഒരു ടീസ്പൂൺ, മഞ്ഞൾ - ഒരു ടീസ്പൂൺ, ഉപ്പ്, കടുക് താളിക്കാൻ എണ്ണ, കടുക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം
പരിപ്പ് ഉപ്പും വെള്ളവും മഞ്ഞളും ചേർത്ത് വേവിക്കുക. വല്ലാതെ വെന്ത് ഉടയരുത്. ബാക്കി പറഞ്ഞിരിക്കുന്ന കൂട്ടുകൾ എല്ലാം ചേർത്ത് നല്ലതുപോലെ അരച്ച് പരിപ്പിൽ ചേർത്ത് യോജിപ്പിക്കുക. തിളച്ചുതുടങ്ങിയാൽ ഇറക്കിവയ്ക്കാം.
ചെറിയ ഒരു ചീനച്ചട്ടിയിൽ സ്വല്പം എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിയാൽ ഈ താളിപ്പ് പരിപ്പിൽ ചേർത്തിളക്കുക.
ഓലൻ
കുന്പളങ്ങ കഷണങ്ങൾ - രണ്ടുകപ്പ്, പടവലങ്ങ കഷണങ്ങൾ - ഒരു കപ്പ്, നീണ്ട പയർ ഒന്ന്, കഷണങ്ങൾ ആക്കിയത് - ഒരു കപ്പ്, വെന്ത ചുവന്ന പയർ - ഒരു കപ്പ്, തേങ്ങയുടെ രണ്ടാം പാൽ - രണ്ടു കപ്പ്, ഒന്നാം പാൽ - ഒരു കപ്പ്, വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ, കറിവേപ്പില, ഉപ്പ്, പച്ചമുളക് - നാലെണ്ണം,
ഉണ്ടാക്കുന്നവിധം
പച്ചക്കറികൾ എല്ലാംകൂടി അല്പം ഉപ്പ് ചേർത്ത് വേവിക്കുക. ഇതിലേക്ക് വെന്ത പയറും പച്ചമുളകും ചേർത്ത് രണ്ടാം പാൽ ഒഴിച്ച് ഒന്നു തിളപ്പിക്കുക. ചാറു കുറുകിയാൽ ഒന്നാം പാൽ ചേർത്തിളക്കി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കിവയ്ക്കാം.
ഏത്തയ്ക്ക കുറുക്ക്, കാളൻ
പച്ച ഏത്തയ്ക്ക - രണ്ടെണ്ണം, ചേന കഷണങ്ങൾ - ഒരു കപ്പ്, ഉപ്പ്, പച്ചമുളക് കീറിയത് - ആറെണ്ണം, കട്ടത്തൈര്-രണ്ടു കപ്പ്, കുരുമുളകുപൊടി - ഒരു ടീസ്പൂൺ, മഞ്ഞൾ, തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്, ജീരകം - ഒരു ടീസ്പൂൺ, താളിപ്പിന് വെളിച്ചെണ്ണ, കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില.
ഉണ്ടാക്കുന്നവിധം
പച്ചക്കറികൾ ഉപ്പും മഞ്ഞളും പച്ചമുളകും കുരുമുളകും ചേർത്ത് വേവിക്കുക. തേങ്ങയും ജീരകവും കൂടി നല്ലതുപോലെ അരച്ചത് ഈ വേവിച്ച കൂട്ടിൽ ചേർത്തിളക്കുക. ഒന്നു തിളച്ചാൽ തീകെടുത്തി തൈര് ചേർത്ത് ഇളക്കുക. ചീനച്ചട്ടി ചൂടാക്കി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് കടുക്, ഉണക്കമുളക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് മൂത്താൽ കറിയിലേക്ക് ഒഴിക്കുക. കാളൻ നല്ലതുപോലെ കുറുകിയിരിക്കണം.
പാവയ്ക്ക തീയൽ
പാവയ്ക്ക കുരുമാറ്റി അരിഞ്ഞത് - രണ്ടു കപ്പ്, തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്, ചെറിയ ഉള്ളി - രണ്ടെണ്ണം, ഉണക്കമുളക് - നാലെണ്ണം, മുഴുവൻ മല്ലി - ഒരു ടേബിൾസ്പൂൺ, ഉലുവ - ഒരു ടീസ്പൂൺ, ജീരകം - ഒരു ടീസ്പൂൺ, മഞ്ഞൾ - അര ടീസ്പൂൺ, പുളി ഒരു നെല്ലിക്ക വലിപ്പത്തിൽ, താളിപ്പിന് ഒരു ടേബിൾസ്പൂൺ എണ്ണ, കാൽ ടീസ്പൂൺ കടുക്, ഒരു നുള്ള് ഉലുവ, ഉണക്കമുളക്- മൂന്നെണ്ണം, ചെറിയ ഉള്ളി അരിഞ്ഞത് - മൂന്നെണ്ണം, കറിവേപ്പില, ഉപ്പ്.
ഉണ്ടാക്കുന്നവിധം
ഉപ്പും മഞ്ഞളും ചേർത്ത് പാവയ്ക്ക വേവിക്കുക. തേങ്ങയും അതോടൊപ്പം പറയുന്ന കൂട്ടുകളും ഒന്നു മൂപ്പിച്ച് ചുവന്നുവന്നാൽ അരച്ചെടുക്കുക. പുളി പിഴിഞ്ഞെടുത്ത വെള്ളവും അരപ്പും പാവയ്ക്കയിൽ ചേർത്തിളക്കി തിളപ്പിച്ച് വാങ്ങിവയ്ക്കുക.
താളിപ്പിന് എണ്ണ ചൂടാക്കി ആ കൂട്ടുകൾ എല്ലാം ഓരോന്നായി ചേർത്തിളക്കി മൂത്താൽ കറിയിലേക്ക് ഒഴിക്കുക. നല്ല ഒരു ചാറുകറി.
കാരറ്റ് പച്ചടി
കാരറ്റ് അരിഞ്ഞത് - രണ്ടു കപ്പ്, സവോള അരിഞ്ഞത് - ഒരെണ്ണം, തേങ്ങ ചുരണ്ടിയത് - മുക്കാൽ കപ്പ്, പച്ചമുളക് - ആറെണ്ണം, തൈര് - ഒന്നരക്കപ്പ്, ഉലുവയും കടുകും - കാൽ ടീസ്പൂൺവീതം, ഉപ്പ്.
ഉണ്ടാക്കുന്നവിധം
കാരറ്റും സവോളയും ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കണം. തേങ്ങ, മുളക്, കടുക്, ഉലുവ എന്നിവ ചേർത്ത് നല്ലതായി അരച്ച് വെന്ത കൂട്ടിലേക്കു ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. ഇറക്കിവച്ച് തൈരു ചേർത്തിളക്കുക. അവസാനം ഒരു സ്പൂൺ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് കൂട്ടിലേക്ക് ചേർക്കുക.
ഇഞ്ചിക്കറി
ഇഞ്ചി അരിഞ്ഞ് വറുത്തു കോരിയത് - ഒരു കപ്പ്, വാളൻപുളി ഒരു നെല്ലിക്കാ വലിപ്പത്തിൽ, ശർക്കര പാനിയാക്കിയത് - അരക്കപ്പ്, മുളകുപൊടി - ഒരു ടേബിൾസ്പൂൺ, മല്ലിപ്പൊടി - ഒരു ടീസ്പൂൺ, ഉലുവപ്പൊടി - ഒരു ടീസ്പൂൺ, ഉപ്പ്, താളിക്കാൻ എണ്ണ, കടുക്, കറിവേപ്പില.
ഉണ്ടാക്കുന്നവിധം
പുളി പിഴിഞ്ഞ് വയ്ക്കുക. മസാലപ്പൊടികൾ എല്ലാം എണ്ണയില്ലാതെ മൂപ്പിച്ച് ഇഞ്ചി വറുത്തുവച്ചതിൽ ചേർത്ത് നല്ലതായി അരച്ചെടുക്കുക. ഇവയെല്ലാം ഒരു ചുവട് കട്ടിയുള്ള പാത്രത്തിലാക്കി അല്പം ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പുളിയും ശർക്കരയും ചേർത്തിളക്കി നല്ലതുപോലെ യോജിപ്പിച്ച് പാകമായാൽ ഇറക്കിവയ്ക്കാം. അവസാനം താളിപ്പിനുള്ള എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയതിനുശേഷം ഇത് ഇഞ്ചിക്കറിയിൽ ചേർത്തിളക്കുക. കുറികിയിരിക്കണം. സൂക്ഷിച്ചാൽ ഏറെനാൾ ഇരിക്കും.
നാരങ്ങാക്കറി
ചെറുനാരങ്ങ - പത്തെണ്ണം നാലായി കീറിയത്, ഇഞ്ചി - ഒരിഞ്ച് കഷണം, വെളുത്തുള്ളി -പത്ത് അല്ലി, എണ്ണ - അരക്കപ്പ്, കടുക്, ഉലുവ - ഒരു ടീസ്പൂൺ വീതം, കറിവേപ്പില, മഞ്ഞൾ - അര ടീസ്പൂൺ, മുളകുപൊടി - അരക്കപ്പ്, കായപ്പൊടി - ഒരു ടീസ്പൂൺ, വിനാഗിരി - മൂന്ന് ടേബിൾസ്പൂൺ, ഉപ്പ്.
ഉണ്ടാക്കുന്നവിധം
കുറച്ച് വെള്ളം തിളപ്പിച്ച് ഉപ്പും നാരങ്ങയും ചേർത്ത് തൊലി വേവുന്നതുവരെ വേവിച്ച് വയ്ക്കുക. തണുത്തതിനുശേഷം എണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിയാൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിച്ച് മസാലപ്പൊടികൾ ചേർത്ത് ഇളക്കി നാരങ്ങയിൽ ചേർക്കുക. ഇവ പാകത്തിനു കുറുകിയാൽ ഇറക്കിവച്ച് കാൽ കപ്പ് വിനാഗിരിയും ഉപ്പു പോരെങ്കിൽ ആവശ്യത്തിനു ചേർത്ത് ഇളക്കി തയാറാക്കാം.
പഴപ്രഥമൻ
നല്ലതുപോലെ പഴുത്ത ഏത്തയ്ക്ക - ആറെണ്ണം, തേങ്ങ ചുരണ്ടിയത് - ഒന്ന്, ശർക്കര ഉരുക്കി അരിച്ച പാനി - മൂന്ന് കപ്പ്, നെയ്യ് - അരക്കപ്പ്, മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എല്ലാംകൂടി - അരക്കപ്പ്, ഏലയ്ക്കാ പൊടിച്ചത് - ഒരു ടീസ്പൂൺ.
ഉണ്ടാക്കുന്നവിധം
പഴം തൊലിയും അകത്തെ കുരുവും കളഞ്ഞ് അരിഞ്ഞത് ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കുക. ഇതു വെന്തതിനുശേഷം ശർക്കര പാനി ഒഴിക്കുക. തുടർച്ചയായി ഇളക്കണം. തേങ്ങ ചുരണ്ടിയതിന്റെ ഒന്നാം പാൽ ഒരു കപ്പും രണ്ടാം പാൽ രണ്ടു കപ്പും തയാറാക്കുക. ശർക്കരയിട്ട് കുറുകിവന്നാൽ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇളക്കുക. നെയ്യ് ചൂടാക്കി വറുക്കാനുള്ള കൂട്ട് വറുത്ത് കോരുക. രണ്ടാം പാൽ ചേർത്ത് കുറുകിയാൽ ഒന്നാം പാലും വറുത്ത കൂട്ടും നെയ്യും എല്ലാംകൂടി പായസത്തിലേക്ക് ഒഴിച്ച് ഇളക്കി വാങ്ങിവയ്ക്കാം. ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി വിളന്പാം.
ഓമന ജേക്കബ്