പരിഹാസപ്പേരുകളിലെ അപഹാസ്യത
Sunday, September 15, 2019 2:15 AM IST
ഒരാളെ സംബന്ധിച്ച് അയാളുടെ പേര് സ്വകാര്യ സ്വത്താണ് അഭിമാനമാണ്, സ്നേഹപൂർവം മാതാപിതാക്കൾ പതിച്ചു നൽകിയ ഒരു ആജീവനാന്ത സമ്മാനമാണ്. സ്വന്തം പേരിൽ അഭിസംബോധന ചെയ്യപ്പെടുന്പോൾ സന്തോഷിക്കാത്തവരാരുണ്ട്. പ്രായമോ, സ്ഥാനമോ ഉയർന്ന നിലയിലെങ്കിൽ ബഹുമാന സൂചക പദങ്ങളോടൊപ്പം പേരുകൂടി ചേർത്തു വിളിച്ചാൽ കേൾക്കുന്നയാൾക്ക് സന്തോഷമാകും. ജിബിൻ അങ്കിൾ, ബേബിച്ചേച്ചി, ഇന്ദിരവലിയമ്മ തുടങ്ങിയ വിളിപ്പേരുകളിൽ സ്നേഹവും അംഗീകാരവും മതിപ്പും ഉണ്ട്.
ഹൃദ്യമായ അനന്യമായ പേരുകൾ പിഴുതുമാറ്റി അവിടെ നിന്ദാനാമങ്ങൾ കല്പിച്ചു നൽകാൻ അപരർക്ക് എന്തവകാശം? ചോറൂണു നടത്തിയും മാമ്മോദീസ നൽകിയും വാങ്കു വിളിച്ചും സ്നേഹാദരവോടെ നൽകപ്പെടുന്ന പേര് ഒരു സുപ്രഭാതത്തിൽ ഒരു വികല ബുദ്ധിയുടെ ഭാവനയിൽ ഉടലെടുത്ത വികൃതസംജ്ഞയാക്കി മാറ്റുക എന്നത് വ്യക്തിത്വത്തിനു മേലുള്ള കടന്നാക്രമണമാണ്. സ്വന്തം പേര് എന്ന അഭിമാന സന്പത്ത് കൊള്ളയടിക്കുന്നവൻ കള്ളനാണ്. കൊള്ളയടിച്ചിട്ട് അത് മറ്റുള്ളവരുമായി പങ്കുവച്ച് ആഘോഷമാക്കുന്ന അയാൾ കശ്മലൻ തന്നെ.
ബോർഡിൽ ഷെയ്ഡു കൊടുക്കേണ്ടയിടങ്ങളിൽ ചോക്കുകൊണ്ട് ചെറുകുത്തുകൾ ഇട്ട ബയോളജി മാസ്റ്ററിന് "മരംകൊത്തി' എന്നു പേരു വീണു. വിരാമ ചിഹ്നങ്ങളിൽ നിർബന്ധമുള്ള തോമസ് സാർ ഇംഗ്ലീഷ് ക്ലാസുകളിൽ നോട്ടു പറഞ്ഞു കൊടുക്കുന്പോൾ കോമാ എന്ന പദം ഉപയോഗിക്കാറുണ്ട്. പിറന്നു വീണു ഒരു പേര് "കോമാതോമ്മാ'. പോരെ? അച്ചടക്കപാലക "കൊടുങ്കാറ്റു കൊച്ചമ്മ'യും മക്കളില്ലാത്ത സാർ "മച്ചൻസാറു'മായി.
മറ്റുള്ളവരുടെ ചെലവിൽ വിലകുറഞ്ഞ തമാശ ആസ്വദിക്കുന്നവർ ആ പേരുകൾ സ്വയം ചാർത്തി ഒന്നു വിഭാവന ചെയ്തു നോക്കൂ. രസമോ നീസരമോ അപ്പോൾ തോന്നുക? ആരെയും വേദനിപ്പിക്കാത്ത തമാശകൾ കണ്ടെത്തി നമുക്കു സന്തോഷിക്കാം. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. അതല്ലെ നന്ന്.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669